മഴയിൽ വീണ നെല്ല് കിളിർത്തു, 500ഹെക്ടറിലെ വിളവെടുപ്പ് ഉപേക്ഷിച്ചു
ആലപ്പുഴ: കനത്ത മഴയിൽ നിലംപൊത്തിയ നെല്ല് കിളിർത്തു തുടങ്ങിയതോടെ അപ്പർ കുട്ടനാട്ടിൽ 500 ഹെക്ടറിലെ വിളവെടുപ്പിൽ നിന്ന് കർഷകർ പിൻവാങ്ങി. ചെന്നിത്തല ബ്ളോക്ക് 12, ബ്ളോക്ക് 13,തകഴി കല്ലുംപുര തെക്ക്,അമ്പലപ്പുഴ തെക്ക് കട്ടക്കുഴി,നീലംപേരൂർ ഒതനത്താടി, വീയപുരം പോട്ടവിളക്കാട് എന്നീ പാടശേഖരങ്ങളിലെ നെല്ലാണ് വിളവെടുക്കാൻ കഴിയാത്ത നിലയിലായത്.
കുട്ടനാട് മേഖലയിൽ വിളവെടുപ്പ് ഏറെക്കുറെ പൂർത്തീകരിച്ചെങ്കിലും അപ്പർ കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും വിളവെടുപ്പിന് മഴ തടസം സൃഷ്ടിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പെയ്ത മഴയിൽ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി 1,000 ഹെക്ടർ നിലത്തെ നെൽകൃഷിയാണ് വെള്ളത്തിലായത്. ഇതിൽ 500 ഹെക്ടറിലെ നെല്ല് പൂർണമായും നശിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കിഴിവിന്റെ പേരിൽ പിഴിഞ്ഞ് മില്ലുകാർ
ക്വിന്റലിന് 25 മുതൽ 30 വരെ കിഴിവ് നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം. മില്ലുകാരുടെ ഏജന്റുമാരാണ് സംഭരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലാ തലത്തിൽ കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിംഗ് ഓഫീസർ അംഗങ്ങളായ മോണിട്ടറിംഗ് സമിതി രൂപികരിച്ചെങ്കിലും കാര്യമായ ഇടപെടൽ നടക്കുന്നില്ലത്രെ.
നഷ്ടക്കണക്കിൽ തളർന്ന്
കൃഷിനാശത്തോടൊപ്പം,സംഭരിക്കുന്ന നെല്ലിന് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതും കർഷകരുടെ നഷ്ടക്കണക്ക് കൂട്ടുന്നു. നെല്ലിലെ ഈർപ്പം,കറവൽ എന്നിവയുടെ പേരിലാണ് ചൂഷണം. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 30 കിലോ വരെ കിഴിവ് നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം. ഏക്കറിന് 40,000മുതൽ 50,000രൂപ വരെ ചെലവഴിച്ചാണ് കർഷകർ വിളവിറക്കിയത്. സർക്കാർ നഷ്ടപരിഹാരമായി 19,500രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശേഷിച്ച തുക കർഷകന് നഷ്ടമാകും.
സമയബന്ധിതമായി വിളവെടുപ്പ് പൂർത്തീകരിക്കുന്നതിൽ കൃഷി വകുപ്പിനും ജില്ലാ ഭരണകൂടത്തിനും വന്ന വീഴ്ചയെത്തുടർന്ന് കർഷകനുണ്ടായ നഷ്ടം പൂർണമായും സർക്കാർ നൽകണം. അടിയന്തരമായി നഷ്ടപരിഹാരത്തുകയും വിള ഇൻഷ്വുറൻസും കർഷകർക്ക് നൽകി കടക്കെണിയിൽ നിന്ന് രക്ഷിക്കണം.
- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ
പാടശേഖരങ്ങളും കൃഷിനാശവും
(ഹെക്ടറിൽ)
ചെന്നിത്തല ബ്ളോക്ക് 12, ബ്ളോക്ക് 13.......... 25.5
തകഴി കല്ലുംപുര തെക്ക്............................... 35.5
അമ്പലപ്പുഴ തെക്ക് കട്ടക്കുഴി....................... 50.8
നീലംപേരൂർ ഒതനത്താടി............................. 20
വീയപുരം പോട്ട വിളക്കാട്............................. 60
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |