SignIn
Kerala Kaumudi Online
Friday, 29 March 2024 12.20 PM IST

ഹെൽമറ്റില്ലാത്ത തലകൾ കുടുങ്ങും: വല വിരിച്ച് ആർ.ടി.ഒ

rto

മലപ്പുറം: ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ഓരോ മാസത്തേയും റോഡ് നിയമലംഘനങ്ങളുടെ പട്ടികയിൽ ഹെൽമറ്റ് ധരിക്കാത്തവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഓരോ മാസവും കൂടുതൽ ഫൈൻ ചുമത്തുന്നതും ഹെൽമറ്റ് ധരിക്കാത്തവരിൽ നിന്നാണ്. വിവിധ റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് 2,193 കേസുകളാണ് ആർ.ടി.ഒ ഏപ്രിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ പ്രായത്തിലുള്ളവരും നിയമം ലഘിച്ച് വാഹനമോടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ബൈക്കിൽ രണ്ടിൽ കൂടുതലാളുകളെ ഇരുത്തിയുള്ള യാത്ര വളരെയേറെ അപകടം പിടിച്ചതാണ്. നഗരമദ്ധ്യത്തിലടക്കം ഇത്തരം കാഴ്ച്ചകൾ സജീവമാണ്. രണ്ടിൽ കൂടുതലാളുകളുള്ള ബൈക്കിൽ കുട്ടികളെ ഇരുത്തിയുള്ള അപകട യാത്രയും ഏറെയുണ്ട്.

‌ട്രിപ്പിൾ റൈഡിംഗിന് മുപ്പതിൽ പരം കേസുകളാണ് ഓരോ മാസവും ആർ.ടി.ഒ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ മാസം കുറവ് രേഖപ്പെടുത്തിയത് സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗിനുമാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആറും മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 18 കേസുകളുമാണുള്ളത്.

ഒന്നിടിച്ചു നോക്കണം, അപ്പൊ അറിയാം

വാഹനങ്ങളുടെ ഇൻഷ്വറൻസ് തുകയടക്കാതെ സ്ഥിരമായി വാഹനം നിരത്തിലിറക്കുന്നവർ ധാരാളമുണ്ടെന്ന് ആർ.ടി.ഒ അധികൃതർ പറയുന്നു. ഒരുപാട് തവണ ഫൈൻ ഈടാക്കിയിട്ടും ഇൻഷ്വറൻസിന്റെ കാര്യത്തിൽ വാഹനയുടമകൾ കാര്യമായ ശ്രദ്ധ പുലർത്താറിലത്രേ. 100ൽ കൂടുതൽ ഇൻഷ്വറൻസ് കേസുകൾ ഓരോ മാസവും ജില്ലയിൽ ആർ.ടി.ഒ രേഖപ്പെടുത്തുന്നുണ്ട്. ഇൻഷ്വറൻസില്ലാത്തതിന് 2,000 രൂപയാണ് ഫൈനായി നൽകേണ്ടത്. എന്നാൽ ഇൻഷ്വറൻസില്ലാത്ത ഒരു വാഹനം അപകടത്തിൽ പെടുകയോ യാത്രക്കാരിൽ ആർക്കെങ്കിലും പരിക്ക് പറ്റുകയോ ചെയ്താൽ വാഹനയുടമ കുടുങ്ങുമെന്നതിൽ സംശയമില്ല. കോടതി നിശ്ചയിക്കുന്ന തുക വാഹനയുടമ നൽകേണ്ടി വരും. ഇതെല്ലാമറിഞ്ഞിട്ടും വേണ്ടത്ര ഗൗരവത്തിലെടുക്കാതെ വാഹനമോടിക്കുന്ന സമീപനം കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥൻ ഷഫീഖ് പറയുന്നു.

കുട്ടി ഡ്രൈവർമാർക്കും കുറവില്ല

18 വയസ് പൂർത്തിയാവാതെ വാഹനവുമായി പൊതുനിരത്തിലിറങ്ങുന്നവരുടെ എണ്ണവും ജില്ലയിൽ കുറവല്ല. വാഹനപകട മരണങ്ങളിലടക്കം ചെറിയ കുട്ടികൾ ഇരകളാവുന്നുണ്ട്. സ്കൂൾ, കോളേജ് സമയങ്ങളിലാണ് വിദ്യാർത്ഥികൾ വാഹനവുമായി കൂടുതൽ നിരത്തിലിറങ്ങുന്നത്. ഇത്തരക്കാരെ പിടിക്കാനായി സ്കൂളുകൾ കേന്ദ്രീകരിച്ച് ആർ.ടി.ഒ പരിശോധന നടത്താറുണ്ട്. കുട്ടി ഡ്രൈവർമാരുടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യാറുള്ളത്.

ഏപ്രിലിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ- 2193

ഹെൽമറ്റ് ധരിക്കാത്തവർ- 1493

പാർക്കിംഗ് -23

ഇൻഷ്വറൻസില്ലാത്തതിന് - 180

ട്രിപ്പിൾ റൈഡിംഗ്- 38

ആകെ അടക്കേണ്ട തുക- 28,46,150 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.