സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ വെെകിട്ട് അഞ്ചു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇത്തവണ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെല്ലാം മത്സരത്തിനുണ്ട്.
മമ്മൂട്ടി, ദുൽഖർ, മോഹൻലാൽ, പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നുണ്ട്. സുരേഷ് ഗോപിയും ഇന്ദ്രൻസും സുരാജ് വെഞ്ഞാറമൂടും ഗുരു സോമസുന്ദരവും ഇവർക്ക് കടുത്ത മത്സരവുമായി രംഗത്തുണ്ട്.
കുഞ്ചാക്കോ ബോബൻ, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ തുടങ്ങിയവരുടെ ചിത്രങ്ങളും മത്സരത്തിനുണ്ട്.
വൺ, ദ് പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി മത്സരിക്കുന്നത്. ദൃശ്യം–2 ആണ് മത്സര രംഗത്തുള്ള മോഹൻലാൽ ചിത്രം. കാവലാണ് സുരേഷ് ഗോപി ചിത്രം. ഹോം, ഹൃദയം തുടങ്ങിയ ചിത്രങ്ങളും മത്സര രംഗത്തുണ്ട്.
മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ എന്നീ പ്രമുഖ നടിമാരുടെ ചിത്രങ്ങളും മത്സരത്തിനെത്തുന്നുണ്ട്. രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി എന്നീവരുടെ ചിത്രങ്ങളും അവാർഡിന്റെ ഫെെനൽ റൗണ്ടിൽ കടന്നിട്ടുണ്ട്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്തർ മിർസ ചെയർമാനായ അന്തിമ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുന്നത്. എല്ലാ ചിത്രങ്ങളും ജൂറി കണ്ടു കഴിഞ്ഞു.142 സിനിമകളാണ് മത്സരത്തിനെത്തിയത്. ഈ ചിത്രങ്ങൾ രണ്ട് പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40 മുതൽ 45 ചിത്രങ്ങൾ അന്തിമ ജൂറിക്ക് വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അന്തിമ ജൂറി പ്രത്യേകം വിളിച്ചു വരുത്തി കണ്ടിട്ടുണ്ട്.