സാധാരണ സിനിമാ സെറ്റുകളിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ട്വൽത്ത്‌മാൻ സമ്മാനിച്ചതെന്ന് നടൻ അനുമോഹൻ. പതിനൊന്ന് പേരും ഒന്നിച്ചാൽ കളിയും ചിരിയുമായി ആകെ രസമായിരുന്നുവെന്നാണ് താരം പറയുന്നുത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
' സ്ക്രിപ്ട് വായിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ലൊക്കേഷനിൽ ചെന്നപ്പോൾ എല്ലാവരുമായി പെട്ടെന്ന് അടുത്തു. 25 ദിവസം മൊത്തം ക്രൂ അവിടെയായിരുന്നു രാവിലെ ഫിഷിംഗിന് പോവുക, ബോട്ടിംഗിന് പോവുക ഇതൊക്കെയായിരുന്നു ഞങ്ങളുടെ പരിപാടി. സാധാരണ സിനിമയുടെ മൂഡിൽ നിന്നും ടോട്ടലി ഡിഫറന്റ് ആയിട്ടുള്ള സെറ്റാണ്. മിസ്റ്റീരിയസ് മൂഡുള്ള സിനിമയാണെങ്കിൽ പോലും ലൊക്കേഷൻ ശരിക്കും അടിപൊളിയായിരുന്നു.
പകൽ സമയത്ത് ഞങ്ങൾ മിക്കപ്പോഴും ഫ്രീയാണ്. ഞാനും ചന്തുവുമാണ് തൊട്ടടുത്ത കോട്ടേജുകളിലാണ്. ഒരുദിവസം ലാലേട്ടന്റെയും നന്ദുചേട്ടന്റെയും സീൻ ഷൂട്ട് ചെയ്യുകയാണ്. ഞങ്ങൾക്ക് അന്ന് രാത്രി ഒരു പണിയും ഇല്ല. അനുശ്രീ,ലിയോണ, അനുസിതാര, അതിഥി ഇവർക്കെല്ലാം പ്രേതങ്ങളെ പേടിയാണ്.
അവരെ പേടിപ്പിക്കാനായിട്ട് ഞാനും ചന്തുവും കഥ കുറച്ച് പൊലിപ്പിച്ച് പറയും. അങ്ങനെ എല്ലാവരും കൂടി എന്റെ റൂമിൽ ഇരുന്ന് ഓജോ ബോർഡ് കളിക്കാൻ തീരുമാനിച്ചു. ലൈറ്റ് ഓഫ് ചെയ്തു, മെഴുകുതിരിയൊക്കെ കത്തിച്ച് റെഡിയായി. ഞാനും ചന്തുവും ഇടയ്‌ക്കിടെ പേടിപ്പിക്കാൻ ഓരോ ശബ്ദങ്ങളും ഇട്ടുകൊടുക്കുന്നുണ്ട്. ബാക്കിയെല്ലാവരും പേടിച്ച് ആകാംക്ഷയോടെ ഇരിക്കുകയാണ്.
ഇവിടെ ഓജോ ബോർഡ് കളിക്കുന്ന കാര്യം ആരോ പറഞ്ഞ് ലൊക്കേഷനിൽ എല്ലാവരും അറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ജനലിൽ ആരോ മാന്തുന്ന ശബ്ദമൊക്കെ കേൾക്കുന്നു. ഞങ്ങളെ കൂടാതെ മൂന്നാമത്തെ ആളാരാണെന്ന് ഞാനും ചന്തുവും പരസ്‌പരം നോക്കുകയാണ്, സംഭവം ബ്രേക്ക് പറയുമ്പോൾ ലാലേട്ടനും ജിത്തുവേട്ടനും ഓടി വന്ന് നമ്മുടെ വിൻഡോയിൽ മാന്തുന്നതാണ്. കഴിഞ്ഞ കുറച്ച് നാളുവരെയും പ്രേതം വന്നുവെന്നായിരുന്നു അവരെല്ലാം വിശ്വസിച്ചത്. പിന്നെയാണ് ഇതിന്റെ കഥ പൊട്ടിച്ചത്. "