അഹമ്മദാബാദ്: മക്ഡൊണാള്‍ഡ്സിൽ നിന്ന് വാങ്ങിയ കോളയിൽ ചത്ത പല്ലിയെ കണ്ടെത്തി. അഹമ്മദാബാദിലെ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിൽ നിന്ന് ഭക്ഷണം വാങ്ങിയ യുവാവിനാണ് ദുരവസ്ഥ നേരിട്ടത്. സംഭവം വിവാദമായതോടെ സ്ഥാപനം പൂട്ടിച്ചു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെതാണ് നടപടി.
അതേസമയം, പരാതിയിൽ അന്വേഷണം നടത്തുകയാണെന്ന് മക്ഡൊണാള്‍ഡ് പ്രതികരിച്ചു. തങ്ങളുടെ പരിശോധനയില്‍ തെറ്റായി ഒന്നും കണ്ടെത്തിയില്ലെന്നും ഇവർ വ്യക്തമാക്കി. നല്ല കോര്‍പ്പറേറ്റ് സ്ഥാപനമെന്ന നിലയില്‍ അധികൃതരുമായി ഈ വിഷയത്തിൽ സഹകരിക്കുമെന്നും മക്ഡൊണാള്‍ഡ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
അഹമ്മദാബാദ് സ്വദേശിയായ ഭാര്‍ഗവ് ജോഷിയാണ് വീഡിയോ സഹിതം പരാതിയുമായി എത്തിയത്. ഭാര്‍ഗവും സുഹൃത്തും രണ്ട് ബര്‍ഗറും രണ്ട് ഗ്ലാസ് കോളയുമാണ് മക്ഡൊണാള്‍ഡ്സിൽ നിന്ന് ഓര്‍ഡര്‍ ചെയ്തത്. ഇത് കഴിക്കുന്നതിനിടെ കോളയില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്.
ഇക്കാര്യം മാനേജരോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ചിരിച്ചുവെന്നും യുവാവ് പറഞ്ഞു. പിന്നീട് സിസിടിവി പരിശോധിക്കാമെന്ന് പറഞ്ഞുപോയ മാനേജര്‍ തിരികെ വന്നില്ലെന്നും ഭാര്‍ഗവ് ആരോപിച്ചു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതിപ്പെട്ടതോടെ ബില്‍ തുക തിരികെ നല്‍കാമെന്നായിരുന്നു സ്ഥാപനത്തിന്റെ മറുപടിയെന്നും യുവാവ് ചൂണ്ടിക്കാട്ടി.
Here is video of this incidents happens with me...@McDonalds pic.twitter.com/UiUsaqjVn0
— Bhargav joshi (@Bhargav21001250) May 21, 2022