ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ഗതാഗതമന്ത്രിയും ശിവസേനാനേതാവുമായ അനിൽ പരബിന്റെ വസതിയടക്കം ഏഴിടങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പൂനെ, മുംബയ്. ദാപോളി എന്നിവിടങ്ങളിലുള്ള അനിൽ പരാബിന്റെ വസതികളിൽ ഉൾപ്പെടെയാണ് രാവിലെ തെരച്ചിൽ നടത്തിയത്.
രത്നഗിരി ജില്ലയിലെ ദപോളിയിൽ അനിൽ പരബ് ഒരു ഭൂമി വാങ്ങിയെന്നാണ് ആരോപണം. 2017ൽ നടന്ന ഈ ഇടപാട് 1 കോടി വിലവരുന്നതാണ്. പക്ഷേ, ഇത് 2019ലാണ് രജിസ്റ്റർ ചെയ്തത്.
2020ൽ മുംബയിലെ കേബിൾ ഓപറേറ്ററായ സദാനന്ദ് കദത്തിന് ഈ ഭൂമി 1.10 കോടി രൂപക്ക് മറിച്ചുവിറ്റുവെന്നും 20172020ൽ ഈ ഭൂമിയിൽ ആറു കോടി ചെലവിട്ട് ഒരു റിസോർട്ട് നിർമ്മിച്ചെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്.
നേരത്തെ, മുൻ മന്ത്രി അനിൽ ദേശ്‌മുഖുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും പരാബിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.