SignIn
Kerala Kaumudi Online
Thursday, 30 June 2022 9.24 PM IST

ഇടിത്തീ...

nikhat-zarin

തുർക്കിയിൽ നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നിഖാത്ത് സരിൻ എന്ന 25 കാരി. പ്രോത്സാഹനങ്ങളുടെ ചുവപ്പുപരവതാനിയിലൂടെയായിരുന്നില്ല ലോക ചാമ്പ്യൻ പട്ടത്തിലേക്കുള്ള സരിന്റെ യാത്ര. ഇന്ത്യൻ ബോക്സിംഗ് മേലാളന്മാരിൽ നിന്ന് അവഗണനയും ഒഴിവാക്കലും ഏറെ അനുഭവിച്ചാണ് ഈ തെലങ്കാനക്കാരി താൻ ലോക ജൂനിയർ ചാമ്പ്യനായ തുർക്കിയിൽ വച്ചുതന്നെ സീനിയർ ചാമ്പ്യനായതും. ഇന്ത്യ കണ്ട ഏറ്റവും വലിയ വനിതാ ബോക്സർ എം.സി മേരികോമും താനും ഒരേ ഭാരവിഭാഗത്തിലാണ് മത്സരിക്കേണ്ടത് എന്നതായിരുന്നു കരിയറിൽ നിഖാത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മേരികോമിനെതിരെ മത്സരിക്കാൻ ഒരു അവസരം ചോദിച്ചതിന് അവഹേളിക്കപ്പെട്ട അവൾ ഇതാ ലോക ചാമ്പ്യൻപട്ടവും ശിരസിലണിഞ്ഞ് മടങ്ങിയെത്തിയിരിക്കുന്നു...

വർഷങ്ങളായി മനസിലെരിയുന്ന ഒരു അവഗണനയുടെ വേദനയ്ക്കുള്ള മധുരപ്രതികാരമാണ് ഇസ്താംബുളിലെ ലോക വനിാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ വിജയിയുടെ പോഡിയത്തിൽ കയറുക വഴി നിഖാത്ത് സരിൻ നടത്തിയത്. ആ വിശ്വവേദിയിലെ വിജയിയുടെ കസേരയിലേക്കുള്ള യാത്ര യാതനകളുടേതായിരുന്നു. തീർത്തും വികൃതിക്കുട്ടിയായിരുന്ന ബാല്യത്തിലെങ്ങോ ഉള്ളിൽ കയറിക്കൂടിയ ഒരാഗ്രഹത്തെ ഉൗതിയൂതി ജ്വലിപ്പിച്ചാണ് സരിൻ ഈ നേട്ടം സ്വന്തമാക്കിയത്.ആ തീയണയ്ക്കാൻ സ്വന്തം അമ്മയുൾപ്പടെ പലരുമുണ്ടായിരുന്നു. പക്ഷേ അവളുടെ നിശ്ചയദാർഡ്യത്തിന് മുന്നിൽ അതൊന്നും നെരിപ്പോടണയ്ക്കാൻ പ്രാപ്തമായിരുന്നില്ല. ഒരിക്കൽ എതിർത്തവരും വിമർശിച്ചവരും പിന്നീടവൾക്ക് കയ്യടിക്കുന്നവരായി മാറി.

നിസാമാബാദിലെ

വികൃതിക്കുട്ടി

തെലങ്കാനയിലെ നിസാമാബാദിലാണ് നിഖാത്ത് സരിന്റെ ജനനം. സൗദിയിൽ പ്രവാസിയായിരുന്ന മുഹമ്മദ് ജമീൽ അഹമ്മദിന്റെയും പർവീണിന്റെയും മൂന്നുമക്കളിൾ ഇളയവൾ. ചെറുപ്പം മുതൽ സരിനെ ആകർഷിച്ചത് പുസ്തകങ്ങളോ കളിപ്പാട്ടങ്ങളോ ആഭരണങ്ങളോ അല്ല. സ്‌പോർട്‌സാണ്. ജമീൽ വിദേശത്തായതിനാൽ സരിന്റെ പൂർണ ഉത്തരവാദിത്വം അമ്മയ്ക്കായിരുന്നു. കുസൃതിക്കാരിയായ സരിൻ അടുത്ത വീട്ടിലുള്ള കുട്ടികളുമായി നിത്യവും വഴക്കുണ്ടാക്കും. അയൽവാസികൾ സരിനെക്കുറിച്ച് പരാതി പറയാത്ത ദിവസമുണ്ടായിരുന്നില്ല.

മരങ്ങളിൽ വലിഞ്ഞുകയറിയും പേരക്കയും മാങ്ങയുമൊക്കെ എറിഞ്ഞുവീഴ്ത്തിയുമെല്ലാം സരിൻ കുട്ടിക്കാലം രസകരമാക്കി. മകളുടെ വികൃതികൾ അമ്മയെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചെങ്കിലും അച്ഛൻ അവളെ ചേർത്തുപിടിച്ചു. അവൾക്ക് ഒരു പ്രത്യേക ഉൗർജമുണ്ടെന്ന് പറഞ്ഞാണ് ജമീൽ ഭാര്യയെ സമാധാനിപ്പിച്ചത്.

സ്പോർട്സിന്റെ വഴിയെ...

മകളുടെ അധിക ഉൗർജം ശരിയായ വഴിയിൽ ചെലവിടാനാണ് ജമീൽ സ്പോർട്സിന്റെ വഴിയേ നടത്തിച്ചത്. ചേച്ചിമാർ രണ്ടുപേരും പഠിക്കാൻ മിടുക്കരായിരുന്നു. പക്ഷേ സരിന്റെ കണ്ണ് കായികരംഗത്തായിരന്നു. നിസാമാബാദിലെ നിർമല ഹൃദയ ഗേൾസ് ഹൈസ്‌കൂളിലാണ് സരിൻ പഠിച്ചത്. സ്കൂൾ കായികമേളയിൽ ഏതെങ്കിലുമൊരു ഇനത്തിന് പങ്കെടുക്കണമെന്ന് അവൾക്ക് തോന്നി. ഓട്ട മത്സരത്തിൽ പങ്കെടുത്തു. വെറുതേ ഓടട്ടെയെന്ന് വീട്ടുകാർ ആദ്യം വിചാരിച്ചെങ്കിലും . 100 മീറ്ററിലും 200 മീറ്ററിലും ഒന്നാമതെത്തിയപ്പോൾ ഏവരും അന്തം വിട്ടു. ജില്ലാ കായികമേളയിൽ പങ്കെടുക്കുന്നതിൽ അമ്മ ആദ്യം എതിർത്തെങ്കിലും ജമീലിന്റെ പിന്തുണയോടെ സരിൻ മത്സരിച്ചു.തന്നേക്കാൾ പ്രായമേറിയ താരങ്ങളെ അനായാസം മറികടന്ന് അവൾ അവിടെയും വെന്നിക്കൊടി പാറിച്ചു. സരിന്റെ പ്രകടനത്തിൽ അമ്പരന്ന സ്‌കൂൾ അധികൃതർ അവൾക്ക് മികച്ച പരിശീലകന്റെ സാന്നിധ്യം ഉറപ്പുവരുത്തി. തുടർന്ന് സംസ്ഥാന കായികമേളയിൽ നാലാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു. യാതൊരു പരിശീലനത്തിന്റെയും ബലമില്ലാതെ സംസ്ഥാനതലം വരെയെത്തിയ മകളുടെ മികവ് അന്നാണ് പർവീണും ജമീലും തിരിച്ചറിയുന്നത്. ഇതോടെ സരിന്‍ പൂർണമായും കായികരംഗത്തേക്ക് തിരിഞ്ഞു.

ഇടിക്കൂട്ടിലേക്ക്

മികച്ച അത്‌ലറ്റാവാന്‍ കൊതിച്ച സരിൻ അവിചാരിതമായാണ് ബോക്‌സറാവുന്നത്. ഒരിക്കൽ ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ട് പയ്യന്മാൻ ബോക്‌സിംഗിൽ പരിശീലനം നേടുന്നത് സരിൻ കാണാന്‍ ഇടയായി. പക്ഷേ ബോക്‌സിംഗ് റിംഗിൽ ആൺകുട്ടികളെ മാത്രമാണ് അവൾ കണ്ടത്. വീട്ടിലെത്തിയ സരിന്‍ ബോക്‌സിംഗിനെക്കുറിച്ച് മാതാപിതാക്കളോട് ചോദിച്ചു. എന്തുകൊണ്ടാണ് ബോക്‌സിംഗിലേക്ക് പെൺകുട്ടികൾ വരാത്തതെന്നായിരുന്നു സരിന്റെ പ്രധാന ചോദ്യം. പക്ഷേ അവളുടെ തെറ്റിധാരണ ജമാൽ മാറ്റിക്കൊടുത്തു. പെൺകുട്ടികൾക്കും ബോക്‌സിംഗിൽ ഏറെ ശോഭിക്കാനാകുമെന്ന് ജമാൽ പറഞ്ഞു. ആ നിമിഷമാണ് സരിന്റെ ജീവിതത്തിൽ നിർണായകമായത്. അത്‌ലറ്റിക്‌സ് ഉപേക്ഷിച്ച് ഒരു ബോക്‌സറായി മാറുമെന്ന് സരിന്‍ ദൃഢപ്രതിജ്ഞയെടുത്തു.

പക്ഷേ ബോക്‌സിംഗിലേക്കുള്ള അവളുടെ രംഗപ്രവേശം അത്ര എളുപ്പമുള്ളതായിരുന്നില്ല. നിസാമാബാദിൽ പെൺകുട്ടികൾക്ക് ബോക്‌സിംഗ് പഠിക്കാനുള്ള അവസരമില്ലായിരുന്നു. ഇതോടെ സരിൻ അച്ഛന്റെ സഹായത്തോടെ ഹൈദരാബാദിലേക്ക് വണ്ടികയറി. വീട്ടിൽ നിന്ന് 160 കിലോമീറ്റർ അകലെയായിരുന്നു പരിശീലന കേന്ദ്രം. അവിടെയെത്തിയ സരിന്‍ ആദ്യം പരിഭ്രമിച്ചെങ്കിലും ലോകം കീഴടക്കാനുള്ള അവളുടെ ആഗ്രഹത്തിന് മുന്നിൽ എതിരാളികൾ ഓരോരുത്തരായി വീണുതുടങ്ങി. എല്ലാ ദിവസവും മൈലുകൾ താണ്ടി അവൾ കൃത്യമായി പരിശീലനത്തിനെത്തി. മനസ്സും ശരീരവും ബോക്‌സിംഗിൽ അർപ്പിച്ചു. അത്ഭുതാവഹമായ കുതിപ്പാണ് സരിൻ ബോക്‌സിംഗ് റിംഗിൽ നടത്തിയത്. അവളുടെ തകർപ്പൻ പഞ്ചിൽ എതിരാളികൾ അവശരായി വീണു.

ലോക വേദിയിലേക്ക്

ആദ്യമായി സരിന്‍ മത്സരിച്ചത് സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ടൂർണമെന്റിലാണ്. തുടക്കക്കാരിയായതിനാൽ സരിനെ ആരും അത്ര കാര്യമായി കണ്ടില്ല. പക്ഷേ എതിരാളികളെ ഇടിച്ചുനിരത്തി അവൾ വെറും 14-ാം വയസിൽ ദേശീയ കിരീടം സ്വന്തമാക്കി. എത്ര വലിയ നേട്ടമാണെന്ന് സരിന് മനസ്സിലായില്ലെങ്കിലും അച്ഛൻ ജമീലിന്റെ കണ്ണുകൾ അഭിമാനം കൊണ്ട് നിറഞ്ഞൊഴുകി. മകളെ ലോകജേതാവാക്കണമെന്ന ആഗ്രഹം ആ പിതാവിലുണ്ടായി.

ദേശീയ ചാമ്പ്യനായതോടെ അന്താരാഷ്ട്ര ജൂനിയർ ബോക്‌സിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സരിന് സാധിച്ചു. 2011-ൽ തുർക്കി ആതിഥേയത്വം വഹിച്ച ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിൽ സരിൻ പങ്കെടുത്തു. എതിരാളികൾ ഓരോരുത്തരായി സരിന് മുന്നിൽ മുട്ടുമടക്കി. ഫൈനലിൽ തുർക്കിയുടെ ഉൽകു ഡെമിറിനെ മൂന്ന് റൗണ്ട് നീണ്ട മത്സരത്തിൽ തകർത്ത് വിശ്വകിരീടം ചൂടി. പിന്നീട് 2014-ൽ ബൾഗേറിയയിൽ നടന്ന യൂത്ത് വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും 2019-ലെ തായ്‌ലൻഡ് ഓപ്പൺ ചാമ്പ്യൻഷിപ്പിലും 2019, 2022 വർഷങ്ങളിലെ സ്ട്രാൻജ മെമ്മോറിയൽ ടൂർണമെന്റിലും കിരീടം നേടി.

മേരികോം മഹാമേരു

2017-ൽ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ സരിന്‍ ഒരു വർഷം ബോക്‌സിംഗ് റിംഗിൽ നിന്ന് വിട്ടുനിന്നു. പക്ഷേ 2019ൽ രണ്ട് ലോകകിരീടങ്ങൾ നേടി തിരിച്ചുവരവറിയിച്ചു. 2019-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പരിക്ക് തളർത്തിയിട്ടും പൊരുതിയ സരിൻ വെങ്കലം നേടി. ഇതൊക്കെയാണെങ്കിലും സരിനെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിലിടം നേടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. പക്ഷേ അത് നടന്നില്ല. അതിന് കാരണം ഒന്നേയുള്ളൂ. സാക്ഷാൽ മേരി കോമിന്റെ സാന്നിധ്യം. മേരി കോമും സരിനും ഒരേ വെയ്റ്റ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്ന് ഒരു ബോക്‌സറെ മാത്രമേ ഒളിമ്പിക്‌സ് പോലുള്ള വലിയ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാനാകൂ. ഒളിമ്പിക്‌സ് മെഡൽ ജേതാവായ,ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ മേരി കോമിന് പകരം സരിനെ കൊണ്ടുവരാൻ അധികൃതർ മടിച്ചത് സ്വാഭാവികം.

സെലക്ഷൻ ട്രയൽസിനായി

പോരാടിയിട്ടും...

ടോക്യോ ഒളിമ്പിക്സിൽ മേരി കോമിന് പകരം ഇന്ത്യന്‍ ടീമിൽ സ്ഥാനം നേടാൻ സരിൻ ആവുന്നത്ര ശ്രമിച്ചു. മേരികോമിനേക്കാൾ മികച്ച പ്രകടനം തനിക്ക് പുറത്തെടുക്കാനാവുമെന്ന് അവൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2019ൽ ഇന്ത്യൻ ബോക്‌സിംഗ് ഫെഡറേഷനോട് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിൽ ഒരു സെലക്ഷന്‍ ട്രയൽ വെക്കാനാവശ്യപ്പെട്ടു പക്ഷേ അധികൃതർ സെലക്ഷൻ ട്രയൽ നടത്തിയില്ലെന്ന് മാത്രമല്ല മേരി കോമിന് ഒളിമ്പിക്സിലേക്ക് അവസരം നൽകുകയും ചെയ്തു. ഇത് സരിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. മേരി കോമിന്റെ പരിഹാസം കലർന്ന സംസാരവും സരിനെ മാനസികമായി തളർത്തി. ഇതോടെ വലിയ വേദികൾ സരിന് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ പരിഹാസത്തിൽ ആ മനസ്സ് പതറി.

പകയുടെ പഞ്ചുകൾ

അന്ന് നീതി നിഷേധിക്കപ്പെട്ടതിൽ കണ്ണീരണിഞ്ഞ സരിന്റെ ആത്മവിശ്വാസം തകരാതെ കാത്തത് പരിശീലകൻ സിംസാണ്. ഒളിമ്പിക്‌സിന് ശേഷം നടന്ന ദേശീയ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ സരിൻ കിരീടം നേടി അധികൃതർക്ക് ചുട്ടമറുപടി കൊടുത്തു. പിന്നാലെ സ്ട്രാൻജ ഓപ്പണിൽ ഒളിമ്പിക് വെള്ളിമെഡൽ ജേതാവിനെ ഫൈനലിൽ ഇടിച്ചിട്ട് കിരീടം നേടി. ഈ രണ്ട് വിജയങ്ങളുടെ കരുത്തിലാണ് വനിതാ ലോക ബോക്‌സിംഗിൽ പങ്കടുത്തത്. തന്റെ വഴിമുടക്കിയായിരുന്ന മേരികോമിനെയാണ് ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെഡലുമായി നിഖാത്ത് സരിൻ ആദ്യം സന്ദർശിച്ചത് എന്നത് പ്രതികാരത്തിന്റെ മാധുര്യം കൂട്ടി.

തുർക്കി ആതിഥ്യം വഹിച്ച ലോക ചാമ്പ്യൻഷിപ്പിൽ 52 കിലോ ഗ്രാം വിഭാഗത്തിൽ സരിൻ ചരിത്രം കുറിച്ച് സ്വർണം നേടി. ഫൈനലിൽ തായ്‌ലൻഡിന്റെ ജുതാമാസ് ജിറ്റ്‌പോംഗിനെയാണ് സരിൻ ഇടിച്ചുവീഴ്ത്തിയത്. 5-0 എന്ന സ്‌കോറിനായിരുന്നു വിജയം. മേരി കോം, സരിത ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി എന്നിവർക്ക് ശേഷം ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഇന്ത്യൻ വനിതാ ബോക്‌സറാണ് സരിൻ.

ഇനി ലക്ഷ്യം ഒളിമ്പിക്സ്

ഈ വിജയത്തോടെ സരിൻ ഇന്ത്യൻ കായക ലോകത്ത് ചർച്ചാവിഷയമായി. ഈ വിജയം സരിന്റെ പ്രതിഷേധമാണ്. അവസരം തരാത്ത അധികൃതർക്കെതിരെയുള്ള പകരം വീട്ടലാണ്. ഒരിക്കൽ തനിക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട ഒളിമ്പിക്‌സിൽ സ്വർണം നേടുക എന്ന വലിയ ലക്ഷ്യമാണ് ഇപ്പോൾ അവൾക്ക് മുന്നിലുള്ളത്.

ഞാൻ ബോക്സിംഗ് തിരഞ്ഞെടുത്തപ്പോൾ എന്റെ അമ്മയുടെ വലിയ പേടി,എന്നെ കല്യാണം കഴിക്കാൻ ആരെങ്കിലും വരുമോ എന്നതായിരുന്നു. അപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു, ഞാൻ ലോക ചാമ്പ്യനാകുമ്പോൾ കെട്ടാൻ ആളുകൾ ക്യൂ നിൽക്കുമെന്ന്.

- നിഖാത്ത് സരിൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIKHAT ZARIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.