SignIn
Kerala Kaumudi Online
Thursday, 25 April 2024 11.20 AM IST

ഗവർണർ വളയമില്ലാതെ ചാടേണ്ട...!

gov

മന്ത്രിസഭയുടെ ശുപാർശ പ്രകാരമാവണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സ്വന്തം താത്പര്യമല്ല നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾക്ക് ഒരുവട്ടംകൂടി പരിധി നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾക്ക് പുറത്തേക്ക് കടന്നുള്ള ഗവർണറുടെ നടപടികൾക്ക് തടയിടുന്നതാണ് പേരറിവാളൻ കേസിലെ സുപ്രീംകോടതി ഉത്തരവ്. ഇരുപതുവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരൻ മണിച്ചനെ വിട്ടയയ്ക്കാനുള്ള ഹർജിയിൽ, പേരറിവാളൻ കേസിലെ ഉത്തരവ് കണക്കിലെടുത്ത് നടപടിയെടുക്കാൻ ഗവർണർക്ക് സുപ്രീംകോടതി ഉത്തരവ് നൽകുകയും ചെയ്തതോടെ ഗവർണറുടെ അധികാരത്തിന്മേൽ മന്ത്രിസഭയുടെ തീരുമാനം നിലനിൽക്കുമെന്നുറപ്പായി.

ഏറെക്കാലമായി സർക്കാരുമായി ഉടക്കുതുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിർണായകമാണ് സുപ്രീംകോടതിയുടെ ഉത്തരവുകൾ. നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിലും ഒരു ഓർഡിനൻസിലും ഇരുപതുവർഷത്തോളമായി തടവിലുള്ള 33ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശയിലും സർക്കാരുമായി ഉടക്കിട്ട് തീരുമാനം വൈകിപ്പിക്കുകയാണ് ഗവർണർ. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള അധികാരം ഗവർണറിൽ നിന്ന് മാറ്റി സർക്കാർ ഏറ്റെടുക്കുന്നതിനും സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നതിനും ഉള്ള ബില്ലുകൾ വിശദമായ നിയമപരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി ഏഴുമാസമായി മാറ്റിവച്ചിരിക്കുകയാണ്. പ്രസിഡന്റ് ഇല്ലാത്ത ക്ഷീരസഹകരണ സംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർക്കും നാമനിർദേശം ചെയ്ത ഒരംഗത്തിനും വോട്ടവകാശം ലഭിക്കാൻ ക്ഷീരസഹകരണ നിയമം ഭേദഗതി ചെയ്തിറക്കിയ ഓർഡിനൻസിലും ഒപ്പിട്ടിട്ടില്ല. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, ഇക്കാര്യങ്ങളിൽ ഗവർണർ പുന:പരിശോധന നടത്തിയേ മതിയാവൂ എന്ന സ്ഥിതിയാണ്.

യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള തന്റെ അധികാരം എടുത്തുകളഞ്ഞത് ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് നിയമനം നടത്തുന്നതിന് പകരം, കൂടിയാലോചനയില്ലാതെയും ചാൻസലറെ ഒഴിവാക്കിയും നിയമനാധികാരം സർക്കാർ ഏറ്റെടുത്തു. ജൂഡീഷ്യൽ അധികാരം വിനിയോഗിക്കേണ്ട ട്രൈബ്യൂണൽ നിയമനത്തിൽ ഹൈക്കോടതിയുടെ ഉപദേശം തേടേണ്ടെന്ന് എങ്ങനെ പറയാനാവുമെന്നും ഇങ്ങനെപോയാൽ സർക്കാരിന് എല്ലാ ട്രൈബ്യൂണലുകളെയും നിയമിക്കാനാവുമല്ലോ എന്നുമാണ് ഗവർണറുടെ ചോദ്യം. സ്വയംഭരണ കോളേജുകൾക്കായുള്ള ബില്ലിൽ സർവകലാശാലകളുടെ അഫിലിയേറ്റഡ് കോളേജുകളിൽ ആരംഭിച്ച ന്യൂജനറേഷൻ കോഴ്സുകൾ സാധൂകരിക്കുന്നതിനും സംസ്കൃത സർവകലാശാലയിൽ അക്കാഡമിക് ഭേദഗതിക്കും സാങ്കേതിക സർവകലാശാല, മലയാള സർവകലാശാല, കുസാറ്റ് എന്നിവയുടെ ആക്ടുകളിൽ യു.ജി.സി നിർദ്ദേശങ്ങൾക്ക് അനസൃതമായുമുള്ള ഭേദഗതികൾ ഉൾപ്പെടുത്തിയിരുന്നു. ഗവർണർ ഒപ്പിടാത്തതിനാൽ ഇവയൊന്നും നിയമമായിട്ടില്ല.

മന്ത്രിസഭയുടെ ശുപാർശകൾ നിരസിക്കുന്ന ആദ്യ ഗവർണറൊന്നുമല്ല ആരിഫ് മുഹമ്മദ് ഖാൻ. മുൻപും ഗവർണമാർ സർക്കാരിന്റെ ശുപാർശകൾ തള്ളുകയോ തീരുമാനമെടുക്കാതെ ഫയൽ പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്ക് 36പേരെ മോചിപ്പിക്കണമെന്ന ശുപാർശ ഗവർണറായിരുന്ന പി.സദാശിവം തള്ളിയിരുന്നു. മോചിപ്പിക്കപ്പെടേണ്ടവർ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം അറിയണമെന്നായിരുന്നു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ സദാശിവത്തിന്റെ നിലപാട്. കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച്, 1850തടവുകാരുടെ ശിക്ഷയിളവിനുള്ള ശുപാർശയും പി.സദാശിവം മടക്കിഅയച്ചിരുന്നു. വാടകക്കൊലയാളികളെയും സ്ത്രീപീഡകരെയും ഒഴിവാക്കി 739പേരുടെ പട്ടിക സർക്കാർ നൽകിയെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല.

സംസ്ഥാനത്തിന്റെ ഭരണത്തലവനായിട്ടും പലകാര്യങ്ങളും സർക്കാർ അറിയിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതിയുണ്ട്. പൗരത്വഭേദഗതി നിയമത്തിൽ സർക്കാരുമായി ഇടഞ്ഞപ്പോൾ 2020 ജനുവരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു- 'സംസ്ഥാന ഭരണത്തലവൻ ഞാനാണ് ' ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ തുറന്നടിച്ചു. താൻ റബർ സ്റ്റാമ്പല്ലെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചു. സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും പ്രോട്ടോക്കോളനുസരിച്ച് ഭരണത്തലവനായ തന്നെ അറിയിച്ചില്ല. അനുമതി വാങ്ങിയതുമില്ല. പത്രങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞത്. സർക്കാരിന്റെ വിവേചനാധികാരം അംഗീകരിക്കുന്നെങ്കിലും തന്നെ അറിയിക്കാതെ കോടതിയിൽ പോയത് ശരിയായില്ല. ചിലർ നിയമത്തിന് അതീതരാണന്ന് വിചാരിക്കുന്നു. താനുൾപ്പെടെ ആരും നിയമത്തിന് അതീതരല്ല. താൻ നിയമത്തിന് കീഴിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയും നിയമവും ആരും മറികടക്കരുത്. ഭരണഘടനയുടെ സ്പിരിറ്റ് ഉൾക്കൊണ്ടാണ് താൻ പ്രവർത്തിക്കുന്നത്- ഗവർണർ വ്യക്തമാക്കി.

തീരുമാനം

വൈകിപ്പിക്കാനാവില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് 33തടവുകാരെ മോചിപ്പിക്കാൻ മാർച്ചിൽ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തതിരുന്നു. മോചനത്തിന് യോഗ്യരായ 184പേരുടെ പട്ടികയിലെ അനർഹരെ നീക്കി, ആഭ്യന്തര-നിയമ സെക്രട്ടറിമാരും ‌പൊലീസ് മേധാവിയുമടങ്ങിയ സമിതി തയ്യാറാക്കിയ 33പേരുടെ അന്തിമപട്ടികയും ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഇവരെ ശിക്ഷിച്ച ഉത്തരവുകളടക്കം പരിശോധിക്കേണ്ടതുണ്ടെന്നാണ് ഗവർണറുടെ നിലപാട്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്റെ മോചനക്കാര്യത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, ഗവർണർക്ക് തീരുമാനമെടുക്കാതെ മറ്റുവഴികളില്ലാതായി. മോചിപ്പിക്കാൻ മാർച്ചിൽ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തതാണെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്.

പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് ജയിൽമോചിതരാക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചനത്തിന് മതിയായ കാരണമാണെന്നും പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 20വർഷത്തിലേറെയായി ജയിലിലുള്ള മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തു. തടവുകാലത്തും പരോളിലിറങ്ങിയപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയില്ല. കഴിഞ്ഞ ഒക്ടോബറിൽ 65വയസായി. ഇതെല്ലാം പരിഗണിച്ചായിരുന്നു മോചനശുപാർശ. മദ്യവ്യാപാരത്തിലേർപ്പെടില്ലെന്ന വ്യവസ്ഥയോടെ, ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ സർക്കാർ അടുത്തിടെ മോചിപ്പിച്ചിരുന്നു.

മോചിപ്പിക്കേണ്ടവരിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 14രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരിൽ 5സി.പി.എമ്മുകാരും 9ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുമാണ്. അതിനാൽ സർക്കാർ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്ന് രാജ്ഭവൻ വിലയിരുത്തുന്നത്. 67തടവുകാരുടെ മോചനശുപാർശയാണ് ആഭ്യന്തര-നിയമ സെക്രട്ടറിമാരും ‌പൊലീസ് മേധാവിയുമടങ്ങിയ സമിതി നൽകിയതെങ്കിലും മാനദണ്ഡങ്ങളെല്ലാം പാലിച്ച് 33പേരെ മാത്രമാണ് മന്ത്രിസഭ ശുപാർശ ചെയ്തത്. അതിനാൽ മോചനക്കാര്യത്തിൽ ഗവർണർ ഉടക്കാനിടയില്ല. കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31പേർ മരിച്ചെങ്കിലും മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണെന്നതും ഗവർണർ പരിഗണിക്കും.

വൃദ്ധർ, വനിതകൾ,ശാരീരിക വൈകല്യമുള്ളവർ, ഗുരുതരരോഗികൾ എന്നിവരെ പ്രത്യേക ഇളവ് നൽകി വിട്ടയയ്ക്കാനാണ് കേന്ദ്രനിർദ്ദേശം. 55വയസിനു മുകളിലുള്ള വനിതകൾ, ട്രാൻസ്‌ജെൻഡറുകൾ, 60വയസിനു മുകളിലുള്ള പുരുഷന്മാർ എന്നിവർ ശിക്ഷയുടെ പകുതി കാലാവധിയും ഗുരുതരരോഗം ബാധിച്ചവർ ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധിയും അനുഭവിച്ചിട്ടുണ്ടെങ്കിൽ മോചിപ്പിക്കും. കൂട്ടക്കൊല, സ്ത്രീധനക്കൊല, മാനഭംഗം, മനുഷ്യക്കടത്ത്, കുട്ടികളെ പീഡിപ്പിക്കൽ, കള്ളനോട്ട്, മയക്കുമരുന്ന്, വിദേശനാണ്യവിനിമയ കേസുകളിലെ തടവുകാർക്ക് ഇളവില്ല.


ഗവർണർക്ക് മുന്നിൽ

മൂന്നു വഴികൾ

സ്വന്തം താത്പര്യമല്ല, മന്ത്രിസഭയുടെ ശുപാർശയാണ് ഗവർണർ നടപ്പാക്കേണ്ടതെന്ന് പേരറിവാളൻ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ച് മോചനത്തിന് മന്ത്രിസഭ നൽകിയ ശുപാർശ അതേപടി അംഗീകരിക്കുക. മോചിപ്പിക്കേണ്ടവരെ ശിക്ഷിച്ച ഉത്തരവുകളടക്കം പരിശോധിക്കേണ്ടതുണ്ടെന്നും

വിശദമായ നിയമപരിശോധന വേണമെന്നും ചൂണ്ടിക്കാട്ടി ശുപാർശ മടക്കാം. അല്ലെങ്കിൽ സ്വന്തംനിലയിൽ നിയമോപദേശം തേടാം. രണ്ടാമതും മന്ത്രിസഭ ശുപാർശ നൽകിയാൽ ഒപ്പിട്ടേ പറ്റൂ. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ അനിശ്ചിതമായി പിടിച്ചുവയ്ക്കാനാവില്ല. രാഷ്ട്രീയതടവുകാരെ ഒഴിവാക്കി, സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച് മണിച്ചന്റെ മോചനക്കാര്യത്തിൽ മാത്രം തീരുമാനമെടുക്കാം. ശേഷിക്കുന്നവ വിശദമായ നിയമപരിശോധനയ്ക്ക് വിടാം. പക്ഷേ, ഇതിന് ബി.ജെ.പി- ആർ.എസ്.എസ് പിന്തുണ ലഭിക്കാനിടയില്ല.

റബർ സ്റ്റാമ്പാവരുത്

ഗവർണർ

സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന പദവി കേവലം റബർ സ്റ്റാമ്പുപോലെ വഹിക്കാൻ താനില്ലെന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത്. സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കുന്ന വിനാശകരമായ രാഷ്ട്രീയ ഇടപെടലുകളെ നിശിതമായി വിമർശിച്ചും ഇനി ഇത്തരം കളികൾ അനുവദിക്കില്ലെന്ന അതിശക്തമായ മുന്നറിയിപ്പ് നൽകിയും കൈയടി നേടിയിരുന്നു അദ്ദേഹം. സർക്കാരിന്റെ രാഷ്ട്രീയക്കളികൾക്ക് ഇനി വഴങ്ങില്ലെന്ന സന്ദേശമാണ് ഗവർണർ നൽകുന്നത്. എന്നാൽ മന്ത്രിസഭയുടെ തീരുമാനം അവഗണിക്കാനോ നടപ്പാക്കാതിരിക്കാനോ ഗവർണർക്ക് കഴിയില്ലെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീംകോടതി ഓർമ്മിപ്പിച്ച സ്ഥിതിക്ക് ഗവർണർക്ക് ഭരണഘടനാ അധികാരങ്ങൾക്ക് പുറത്തേക്ക് ചാടാനാവില്ല.

ഭരണഘടനയെ മറക്കരുത്

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്ന നിയമവിരുദ്ധ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന ഉപാധിവച്ച്, നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് ഭരണഘടനാ പ്രതിസന്ധിക്ക് വഴിവച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, രാജ്യത്തു തന്നെ അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ചു. ഒരുവർഷത്തെ നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചുകൊണ്ടാണ്. ഇത് മുടങ്ങിയാൽ രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ നാണക്കേടായി മാറുമായിരുന്നു. പ്രതിസന്ധിയൊഴിവാക്കാൻ ഉണർന്നു പ്രവർത്തിച്ച മുഖ്യമന്ത്രി ഗവർണറുടെ നിലപാട് മുഖവിലയ്ക്കെടുത്ത് പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻകാര്യം ചർച്ച ചെയ്യുമെന്ന് ഫോണിൽ അറിയിക്കുകയും, ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗമായ ഹരി.എസ്.കർത്തയെ നിയമിച്ചത് കീഴ്‌വഴക്കം തെറ്റിച്ചാണെന്ന് കത്ത് നൽകിയ പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കുകയും ചെയ്തതോടെ ഏഴരമണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ഗവർണർ നയപ്രഖ്യാനത്തിൽ ഒപ്പിടുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർക്ക്, ഭരണഘടനാ ചുമതലകൾ ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി ഉത്തരവോടെ ഏറെ കാര്യങ്ങളിൽ പുന:പരിശോധന വേണ്ടിവരുമെന്നുറപ്പ്.

ഗവർണറുടെ അധികാരങ്ങൾ

ഭരണഘടനയുടെ 161–163 വകുപ്പുകളിലാണ് ഗവർണറുടെ അധികാരങ്ങളെപ്പ​റ്റി പറയുന്നത്. തിരഞ്ഞെടുക്കപ്പെടാത്ത പദവിയിലുള്ള ഗവർണർമാർ സംസ്ഥാനങ്ങളിലെ നിർണായകമായ അധികാരം കയ്യാളുന്നവരാകരുത് എന്നാണ് ഭരണഘടനയിലുള്ളത്. സംസ്ഥാനത്തിന്റെ തലവൻ എന്ന ആലങ്കാരിക പദവിയാണ് ഗവർണറുടേത്. കാബിന​റ്റിന്റെ തീരുമാനവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നു. അതേസമയം 163 (2), (3) വകുപ്പുകൾ അനുസരിച്ച് ഗവർണർക്ക് ചില കാര്യങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാം. എന്നാൽ ഏതൊക്കെ സന്ദർഭങ്ങളെന്നു ഭരണഘടനയിൽ വ്യക്തമല്ല. ഭരണഘടനാ വീഴ്ചയുണ്ടാകുന്ന സന്ദർഭങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം.

സർക്കാരിന്റെ ശുപാർശ വച്ചുതാമസിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണർ സംസ്ഥാന സർക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളൻ കേസിൽ പറഞ്ഞത്. ഗവർണർ തീരുമാനം വൈകിപ്പിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാം. അധികാര ദുർവിനിയോഗമുണ്ടായാൽ ഗവർണർക്ക് ഇടപെടാനാവും. ഭൂരിപക്ഷം നഷ്ടമാകുമ്പോൾ നിയമസഭ വിളിച്ചുകൂട്ടാൻ സർക്കാർ വിസമ്മതിച്ചാലോ സ്പീക്കർ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകാതിരുന്നാലോ ഗവർണർക്ക് ഇടപെടാം. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ ഗവർണർ ബഹുമാനിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിന്റെ കാതൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROLE AND POWERS OF THE GOVERNOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.