SignIn
Kerala Kaumudi Online
Friday, 29 March 2024 4.35 PM IST

കുരങ്ങുപനിയ്ക്ക് ആ പേര് കിട്ടിയത് എവിടെ നിന്ന്? മങ്കിപോക്സിന്റെ ചരിത്രം, ചികിത്സ, വാക്സിൻ; ഇതിനെ ഇത്രയൊക്കെ പേടിക്കേണ്ടതുണ്ടോ?

monkeypox

കൊവിഡിൽ നിന്ന് പതിയെ മുക്തമായി വരുമ്പോഴാണ് വലിയ ഭിതി ഉയർത്തി മങ്കിപോക്സ് (കുരങ്ങുപനി) കടന്നുവരുന്നത്. ഇതുവരെ 20 ഓളം രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങളായി ഇത് പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു രോഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് മറ്റുള്ള രാജ്യങ്ങളിലേക്കും പടർന്നിരിക്കുന്നു. അതും വളരെ വേഗം. അന്താരാഷ്ട്ര യാത്രകൾക്ക് വലിയ വിലക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ രോഗം ഇനിയും മറ്റുള്ള രാജ്യങ്ങളിലേക്ക് പകരുമെന്ന് തന്നെയാണ് വിദഗ്ദ്ധർ കരുതുന്നത്.

എന്താണ് കുരങ്ങുപനി അഥവാ മങ്കിപോക്സ്?

മങ്കിപോക്സ് വൈറസ് ഉണ്ടാക്കുന്ന അണുബാധയാണ് കുരങ്ങുപനി. 1958 ലാണ് ഇതിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന ഒരു കൂട്ടം കുരങ്ങുകളിലാണ് വസൂരിപോലെയുള്ള ഈ രോഗം ആദ്യമായി കാണപ്പെട്ടത്. അതിനാലാണ് ഇതിന് മങ്കിപോക്സ് എന്ന പേരു വന്നത്.

ആദ്യമായി റിപ്പോർട്ട് ചെയ്തത്?

1970 ലാണ് ആദ്യമായി ഈ അസുഖം മനുഷ്യനിൽ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലായിരുന്നു ഇത്. അതിന് ശേഷം പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ വന്നിരിക്കുന്നത് കോങ്കോയിൽ നിന്ന് തന്നെയാണ്. ഇസ്രായേലിലും സിങ്കപ്പൂരിലും ഇത് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏത് വൈറസാണ് കുരങ്ങുപനിയ്ക്ക് കാരണം?

പോക്സ്‌വൈറിഡെ എന്ന കുടുംബത്തിലെ ഓർത്തോപോക്സ് വൈറസ് ജീനസിൽപ്പെട്ട വൈറസാണ് മങ്കിപോക്സ് വൈറസ്. രണ്ട് ഇഴകളുള്ള ഒരു ഡി എൻ എ വൈറസാണ് ഇത്. വസൂരിയ്ക്ക് കാരണമായ വേരിയോള, വാക്സീനിയ കൗപോക്സ് വൈറസ് തുടങ്ങിയവയെല്ലാം ഈ ജീനസിൽപ്പെട്ടവയാണ്.

monkeypox

ലക്ഷണങ്ങൾ

വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങളും. എന്നിരുന്നാലും അത്രത്തോളം ഗുരുതരമാവാറില്ല. കുരങ്ങുപനി വരുന്ന വ്യക്തിയ്ക്ക് അയാളുടെ ശരീരത്തിലെ ലിംഫ് നോഡുകൾ വീർക്കും. എന്നാൽ വസൂരിയ്ക്ക് അതുണ്ടാകില്ല. ഇത് തന്നെയാണ് വസൂരിയും കുരങ്ങുപനിയും തമ്മിലുള്ള പ്രധാന വ്യത്യാസവും.

പനി, തലവേദന, പേശീവേദന, ക്ഷീണം, നടുവേദന, വിറയൽ എന്നിവയാണ് ആദ്യ ദിവസങ്ങളിലെ ലക്ഷണങ്ങൾ. പിന്നാലെ ശരീരത്തിലെ പല ഭാഗത്തും ചുണങ്ങുകൾ രൂപപ്പെടും. പലപ്പോഴും മുഖത്താണ് ചുണങ്ങ് ആദ്യമായി ഉണ്ടാകുന്നത്.

മരണനിരക്ക്

ആഫ്രിക്കയിൽ അസുഖം ബാധിക്കുന്ന പത്തിൽ ഒരാൾ മരണപ്പെടുന്നുവെന്നാണ് കണക്ക്. എന്നാൽ ആഫ്രിക്കയ്ക്ക് പുറത്ത് കുരങ്ങുപനി ബാധിച്ച് ആരും മരണപ്പെട്ടിട്ടുള്ളതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

എങ്ങനെയാണ് കുരങ്ങുപനി പകരുന്നത്?

എലി, പ്രൈമേറ്റ് (ആൾക്കുരങ്ങ് വർഗം), തുടങ്ങിയ വന്യമൃഗങ്ങളുടെ ശരീരത്തിൽ ഉടലെടുക്കുകയും സവിശേഷ സാഹചര്യങ്ങളിൽ അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്ന വൈറസാണ് കുരങ്ങുപനിയുടേത്. വസൂരി പരത്തുന്ന ഓർത്തോപോക്സ് വൈറസ് കുടുംബത്തിൽ പെട്ട അതേ വൈറസ് തന്നെയാണ് കുരങ്ങുപനിയും പരത്തുന്നത്.

വൈറസ് ബാധയേറ്റ മൃഗവുമായോ മനുഷ്യനുമായോ സമ്പർക്കത്തിലേർപ്പെടുന്നതിലൂടെ അസുഖം പകരാം. ചർമ്മത്തിലുണ്ടാകുന്ന ചെറിയ മുറിവ് (കാണാനാകില്ല എങ്കിൽ പോലും), ശ്വാസകോശം, കണ്ണ്, മൂക്ക് എന്നീ ഭാഗങ്ങളിലുള്ള ശ്ലേഷ്മ ചർമ്മം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് ശരീരത്തിനള്ളിലേക്ക് പ്രവേശിക്കുന്നത്. ലൈംഗികപ്രവർത്തനത്തിലേർപ്പെടുന്നതിലൂടെയും കുരങ്ങുപനിയുടെ വൈറസ് ശരീരത്തിലേക്ക് കടക്കുമെന്നും ചില ശാസ്ത്രജ്ഞർ അനുമാനിക്കുന്നുണ്ട്. അതേസമയം മൃഗങ്ങളിൽ നിന്നുള്ള പോറലോ മുറിപ്പാടോ, അവരുടെ ശരീര ദ്രവത്തിൽ നിന്നോ ഒക്കെയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് കടക്കുന്നത്.

കുരങ്ങുപനിയ്ക്ക് ചികിത്സയോ വാക്സിനുകളോ ഉണ്ടോ?

കുരങ്ങുപനിയ്ക്ക് കൃത്യമായ ഒരു ചികിത്സാരീതിയോ, അതിന് മാത്രമായി ഒരു വാക്സിനോ ഇല്ല. സ്മാൾ പോക്സ് (വസൂരി) പരത്തുന്ന വൈറസുമായി മങ്കിപോക്സിന്റെ വൈറസിന് സാമ്യം ഉണ്ട്. അതിനാൽ തന്നെ വസൂരിയ്ക്കെതിരെ ഉപയോഗിക്കുന്ന വാക്സിൻ ഉപയോഗിച്ച് കുരങ്ങുപനിയെ നിയന്ത്രിക്കാം.ഈ വാക്സിൻ കുരങ്ങുപനി തടയുന്നതിൽ 85 ശതമാനം ഫലപ്രദമാണെന്നാണ് ആഫ്രിക്കയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

monkeypox

സിഡോഫോവിർ, എസ് ടി 246, വാക്സിനിയ ഇമ്യൂൺ ഗ്ലോബുലിൻ (വി ഐ ജി) വസൂരിയുടെ വാക്സിനുകൾ മറ്റ് വാക്സിനുകൾ എന്നിവ കുരങ്ങുപനിയ്ക്കെതിരെ ഉപയോഗിക്കാമെന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻ‌ഡ് പ്രിവെൻഷൻ പറയുന്നത്. കുരങ്ങുപനിയ്ക്കെതിരെ ഉപയോഗിക്കാൻ ഇമ്വാമ്യൂൺ (ഇമ്വാനെക്സ്) എന്ന വാക്സിന് അമേരിക്ക ലൈസൻസ് നൽകിയിട്ടുണ്ട്. കുരങ്ങുപനി തീവ്രമായി പടർന്നുപിടിച്ചാൽ അതിനെ നേരിടാനായി ജർമ്മനി ഒരു കരുതൽ എന്ന നിലയിൽ 40,000 ഡോസ് ബവേറിയൻ നോർഡിയാക് വാക്സിനുകൾക്ക് ഓർ‌ഡർ നൽകിയിട്ടുമുണ്ട്.

രോഗനിർണയം

കൊവിഡ് പരിശോധന പോലെ പി സി ആർ ടെസ്റ്റ് വഴിയാണ് കുരങ്ങുപനിയുടെയും രോഗനിർണയം നടത്തുന്നത്.

ഇതുവരെ ഏതൊക്കെ രാജ്യങ്ങളെ ബാധിച്ചു?

അമേരിക്ക, യു കെ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലാണ് നിലവിൽ മങ്കിപോക്സ് കേസുകളുള്ളത്. ഇന്ത്യയിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇത്രത്തോളം പകരാനുള്ള കാരണം?

monkeypox

കുരങ്ങുപനി ഇത്രത്തോളം പടർന്നുപിടിക്കാനുള്ള പ്രധാന കാരണം എന്താണെന്നതിനെപ്പറ്റി ശാസ്ത്രജ്ഞർ അന്വേഷിക്കുകയാണ്. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സമ്പർക്കമല്ല മറിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമ്പർക്കമാണ് കേസുകളുടെ വർദ്ധനവിന് പിന്നിലെന്നാണ് പ്രാഥമിക അനുമാനം. അതേസമയം ലൈംഗിക ബന്ധമാണ് കുരങ്ങുപനി ഇത്രത്തോളം പകരാൻ കാരണമായും ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്.

കുരങ്ങുപനിയെ പേടിക്കണോ?

കുരങ്ങുപനി സാധാരണയായി അത്ര ഗുരുതരമായി കാണപ്പെട്ടിട്ടില്ല. ബാധിക്കുന്ന മിക്ക വ്യക്തികളും രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും ഇത് ഗുരുതരമായ സ്ഥിതിയിലേക്ക് നയിച്ചുകൂടായ്ക ഇല്ല. വൈറസിന് മ്യൂട്ടേഷൻ (ഉൽപ്പരിവർത്തനം) സംഭവിച്ച് പുതിയ അപകടകരമായ വകഭേദങ്ങളുണ്ടാവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാൽ ജാഗ്രതയും വ്യക്തി ശുചിത്വവും പാലിക്കുക തന്നെയാണ് ഈ അസുഖത്തെയും ചെറുക്കാനുള്ള പ്രധാന ആയുധം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONKEYPOX, EXPLAINER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.