ന്യൂഡൽഹി: വളർത്തു നായയ്ക്കൊപ്പം സവാരി നടത്താൻ ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ നിന്ന് കായിക താരങ്ങളെ ഗെറ്റ് ഔട്ട് അടിച്ചതിന് സ്ഥലംമാറ്റപ്പെട്ട ഡൽഹിയിലെ ഐ.എ.എസ് ദമ്പതികൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം. നായയെ നടത്തിക്കാനായി കായിക താരങ്ങളെ ആറുമണിക്ക് മുമ്പ് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത് വിവാദമായതിനെ തുടർന്ന് മുൻഡൽഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സഞ്ജീവ് കിർവാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുർഗ്ഗയെ അരുണാചൽ പ്രദേശിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലംമാറ്റിയിരുന്നു. .
ഐ.എ.എസ് ദമ്പതികൾ രണ്ട് സ്ഥലങ്ങളിലേക്ക് പോയതോടെ വിവാദമുണ്ടാക്കിയ നായ ഡൽഹിയിൽ ഒറ്റപ്പെട്ടുവെന്ന ഹാഷ് ടാഗോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ, ഫോട്ടോ പോസ്റ്റുകൾ പ്രചരിച്ചത്. ഐ.എ.എസുകാരന്റെ വളർത്തു നായ ആയാൽ മതിയായിരുന്നുവെന്ന് ഒരു തെരുവു നായ ചിന്തിക്കുന്നതും നായയുടെ ഒരു കാൽ ലഡാക്കിലും മറ്റൊരു കാൽ അരുണാചൽ പ്രദേശിലും വച്ചുമെല്ലാം പോസ്റ്റുകൾ പ്രചരിച്ചു.
നായ സംഭവം വിവാദമായതിന് പിന്നാലെ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ രാത്രി പത്തുമണിവരെ കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉത്തരവിട്ടു.