SignIn
Kerala Kaumudi Online
Thursday, 25 April 2024 3.49 PM IST

മധുമൊഴി...!

kani

മൃദുഭാവത്തിൽ, പതിഞ്ഞ ശബ്ദത്തിൽ തട്ടും തടവുമില്ലാതെ, നദിയൊഴുകും പോലെ വാക്കുകൾ... രാഷ്ട്രീയത്തിനുമപ്പുറം സാഹിത്യവും സംസ്കാരവും പാരമ്പര്യവും ചരിത്രവുമെല്ലാം ചാലിച്ച മധുമൊഴി. വനിതാശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വാക്കുകളിൽ തീപാറും. ഭർതൃപീഡനത്തെക്കുറിച്ചും നിയമനിർമ്മാണ സഭകളിൽ സ്ത്രീശബ്ദം മുഴങ്ങാത്തതിനെക്കുറിച്ചും പറയുമ്പോൾ കനിമൊഴി തീപ്പന്തമാവും. എന്നിട്ടൊരു ദീർഘനിശ്വാസമെടുത്ത്, തിരുക്കുറളും സുബ്രഹ്മണ്യ ഭാരതിയുടെ 'അച്ചമില്ലൈ'യുമൊക്കെ കൂട്ടിക്കലർത്തി മധുരഭാഷണം തുടരും. ഒരുവേള കൈകളുയർത്തി ആവേശത്തോടെ കനി പാടി..'അച്ചമില്ലൈ അച്ചമില്ലൈ അച്ചമെൻപതില്ലയേ‌...' തമിഴ് ജനതയെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്ന സുബ്രഹ്മണ്യ ഭാരതിയുടെ കവിതയാണ്. എനിക്ക് ഭയമില്ല, ഭയമില്ല, ഭയം എന്നൊന്നില്ല, തലയ്ക്കു മീതെ ആകാശം ഇടിഞ്ഞുവീണാലും ഭയപ്പെടില്ല...! കലൈഞ്ജർ മുത്തുവേൽ കരുണാനിധിയുടെ മകൾ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ സംസാരിക്കാനാണ്.

സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കുന്നതിനെക്കുറിച്ച്, പഠിക്കാൻ സൗകര്യങ്ങളില്ലാത്തതിനെക്കുറിച്ച്, തുല്യപങ്കാളിത്തം നൽകാത്തതിനെക്കുറിച്ച്....അനീതികളെക്കുറിച്ച് പറയുമ്പോൾ അവരുടെ ശബ്ദമുയരും. എല്ലാം ശരിയാകുന്ന, വനിതകൾക്ക് തുല്യ അവസരം ലഭിക്കുന്ന, നിയമനിർമ്മാണ സഭകളിൽ സ്ത്രീശബ്ദം മുഴങ്ങിക്കേൾക്കുന്ന ദിനം ഏറെ അകലെയല്ലെന്ന് ഉറപ്പിച്ചു പറയും കനിമൊഴി.

രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കനിമൊഴി നിയമസഭയിലെത്തിയത്. പാർലമെന്റിലെ ഉരുക്കുവനിതയെന്നാണ് കനിയെ വൃന്ദാകാരാട്ട് അടക്കമുള്ളവർ വിശേഷിപ്പിച്ചത്. കനിമൊഴിയുടെ പേരുപറഞ്ഞപ്പോഴെല്ലാം നിലയ്ക്കാത്ത കരഘോഷം. നീലസാരിയിൽ തിളങ്ങിയ കനിമൊഴിക്കൊപ്പം ഫോട്ടോയെടുക്കാൻ വിവിധ നിയമസഭകളിൽ നിന്നെത്തിയ വനിതാ സാമാജികർ മത്സരിച്ചു. കവയിത്രിയായും മികച്ച വനിതാ പാർലമെന്റേറിയനായും കേന്ദ്രമന്ത്രിയായുമൊക്കെ തിളങ്ങിയ കനിമൊഴിയുടെ ജനപ്രീതി തെളിയിക്കുന്നതായി ഈ കാഴ്‌ചകൾ.

വനിതകൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് തങ്ങളുടെ അവകാശത്തിനായി ശബ്ദമുയർത്തണമെന്ന് ആഹ്വാനം ചെയ്ത്, കരഘോഷമേറ്റുവാങ്ങി പ്രസംഗവേദിയിൽ നിന്നിറങ്ങിവന്ന കനിമൊഴി വനിതാസാമാജികർക്കൊപ്പം ചിത്രമെടുത്ത് വശംകെട്ടു. ഫോട്ടോ സെഷൻ നീണ്ടുപോയപ്പോൾ കനി, സഭാ ടി.വി കൺസട്ടന്റ് വെങ്കിടേശ് രാമകൃഷ്ണനോട് നിറചിരിയോടെ പറഞ്ഞു, ഇത് ബഷീർ പറഞ്ഞതുപോലെയായല്ലോ...''ഫോട്ടോ എടുത്തെടുത്ത് മുഖം തേഞ്ഞു പോയി...''

?വനിതാശാക്തീകരണം സമീപകാലത്ത് യാഥാർത്ഥ്യമാവുമെന്ന് പ്രതീക്ഷയുണ്ടോ

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതി പാസാക്കാനായാൽ പത്തുവർഷത്തിനകം സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കാനാവും. നിലവിൽ കൂടുതൽ അവസരങ്ങൾ പുരുഷന്മാർക്കാണ്. ഇത് മാറണം. വിദ്യാഭ്യാസത്തിനടക്കം വനിതകൾക്ക് കൂടുതൽ അവസരം നൽകണം.

?വനിതാ സംവരണബിൽ പാസാക്കാൻ പാർട്ടികളുടെ ഐക്യമുണ്ടാവുമോ

ഇന്ത്യയിൽ വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ചുവടുവയ്പായിരുന്നു 1996 ൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ. രാജ്യത്തിന്റെ ഭരണത്തിൽ നിർണായക പങ്കാളിത്തം വനിതകൾക്ക് നൽകുകയായിരുന്നു ലക്ഷ്യം. വനിതാ ശാക്തീകരണത്തെക്കുറിച്ച് വീറോടെ പ്രസംഗിക്കുമ്പോഴും പുരുഷാധിപത്യമുള്ള ഇന്ത്യൻ രാഷ്ട്രീയ- ഭരണ വ്യവസ്ഥിതി ബില്ലിനെ പൂർണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കാൽനൂറ്റാണ്ടു മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് ഇപ്പോഴും പാസാക്കാനാവാതെ പൊടിപിടിച്ചു കിടക്കുന്നത്. എല്ലാ രംഗങ്ങളിലും വനിതകൾ മുന്നോട്ടു വരുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അവർക്ക് മതിയായ പ്രാതിനിദ്ധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുന്നില്ല. വനിതാ സംവരണം നടപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാഴ്‌വാക്കുകളാവുകയാണ് പതിവ്.

ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ പല പാർട്ടികളും കാലാകാലങ്ങളിൽ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കാര്യത്തോടടുക്കുമ്പോൾ മുടന്തൻ കാരണങ്ങളുണ്ടാക്കി ബിൽ മുടക്കുന്നതാണ് അനുഭവം. ആർ.ജെ.ഡിയും സമാജ് വാദി പാർട്ടിയും ബില്ലിനെ എതിർത്തിരുന്നു. 33 ശതമാനം വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിന്നിട്ടും നടന്നില്ല. ഒന്നോ രണ്ടോ പാർട്ടികളേ എതിർത്തുള്ളൂ. എന്നിട്ടും ബിൽ പാസായില്ല. മിക്ക പാർട്ടികളും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനുള്ള ഏക പോംവഴിയാണിത്.

?നിയമനിർമ്മാണ സഭകളിലെ വനിതാ പ്രാതിനിധ്യം തീരെ കുറവാണല്ലോ

സ്ത്രീകളുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങണം. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതാ പ്രാതിനിധ്യം നന്നേ കുറവാണ്. ഒൻപത് ശതമാനത്തിൽ താഴെ മാത്രം. ലോകസഭയിൽ 15.3ശതമാനം, രാജ്യസഭയിൽ 12ശതമാനം, സംസ്ഥാന നിയമസഭകളിൽ ഒൻപത് മുതൽ പത്ത് ശതമാനം വരെ എന്നിങ്ങനെയാണ് വനിതാ പ്രാതിനിധ്യം. സ്ത്രീകൾക്കു വേണ്ടി നിയമങ്ങളുണ്ടാക്കുന്നത് പുരുഷന്മാരാണ്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ ശബ്ദം മുഴങ്ങുന്നില്ല. നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് തുല്യപ്രാതിനിധ്യം നല്‌കണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യഅവസരം, തുല്യനീതി, സാമ്പത്തിക അവസരങ്ങൾ എന്നിവ പുരുഷനൊപ്പം സ്ത്രീയ്ക്ക് ലഭിക്കുന്നില്ല.

?തദ്ദേശഭരണത്തിലടക്കം വനിതകൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നില്ലേ

സ്വാതന്ത്ര്യം കിട്ടി 75 വർഷമായെങ്കിലും ഇന്നും എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യചിന്താഗതി മാറ്റവുമാണ് അനിവാര്യം. പണ്ടത്തേക്കാൾ സ്ത്രീകൾക്ക് ഇന്ന് കുറേയേറെ അവകാശങ്ങളുണ്ട്. ഇതൊന്നും എളുപ്പത്തിൽ കിട്ടിയതല്ലെന്ന് മനസിലാക്കണം. നിശബ്ദതയാണ് തങ്ങളുടെ ആയുധമെന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും കരുതുന്നു. എല്ലാ തടസങ്ങളും ഭേദിക്കുകയാണ് സ്ത്രീകൾ ചെയ്യേണ്ടത്. തങ്ങളുടെ അവകാശത്തിനായി സ്ത്രീകൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് ശബ്ദമുയർത്തണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയമത്തിലൂടെയോ ഭരണഘടനാ ഭേദഗതിയിലൂടെയോ മാത്രം ഇല്ലാതാക്കാനാവില്ല. സ്‌കൂളിൽനിന്നും വീട്ടിൽനിന്നും ബോധവത്കരണം തുടങ്ങണം.

?തൊഴിൽ രംഗത്ത് സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കാനായോ

ഇന്ത്യൻ എയർലൈൻസിൽ 35 വയസായാലോ വിവാഹിതരായാലോ വനിതാജീവനക്കാർ സ്വയം രാജിവച്ചു പോകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് താൻ പാർലമെന്റിൽ ചോദ്യമുന്നയിച്ചപ്പോൾ, ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവുമനുസരിച്ച് ഇത് ശരിയാണെന്നായിരുന്നു മറുപടി കിട്ടിയത്. ഇപ്പോൾ ഭർതൃപീഡനം ക്രിമിനൽ കുറ്റമാണെന്ന് കോടതി ഉത്തരവുണ്ടായി. ഭർതൃപീഡനം തെറ്റാണെന്നും തടയണമെന്നും പാർലമെന്റിൽ ഇതുവരെ ഒരു ബില്ലും പാസായിട്ടില്ല. മുത്തലാക്ക് നിരോധനബിൽ പാർലമെന്റ് പാസാക്കിയത് നല്ലത്. എന്നാൽ അപ്പോഴും വനിതകളുടെ ശബ്ദം മുഴങ്ങിക്കേട്ടില്ല.

?സ്ത്രീകൾക്കെതിരായ വ്യക്തിഹത്യ തടയാൻ പുതിയ നിയമം വേണ്ടിവരുമോ

വ്യക്തിഹത്യയാണ് സ്ത്രീകൾക്കെതിരായ ഏറ്റവും വലിയ ആയുധം. സ്ത്രീകളെ വീട്ടിലിരുത്താൻ വ്യക്തിഹത്യ എന്ന ആയുധം പ്രയോഗിച്ചാൽ മതി. രാഷ്ട്രീയപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരുമടക്കം പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കാൻ പുതിയ നിയമം വേണം. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം. പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കാൻ നിലവിൽ നിയമമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANIMOZHI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.