തിരുവനന്തപുരം: പരിസ്ഥിതിയെ അറിഞ്ഞു തന്നെ നമ്മൾ ജീവിക്കണം. അതറിഞ്ഞുള്ള വികസനമാണ് വേണ്ടതെന്ന് ഓർമ്മപ്പെടുത്താനാണ് 'ആവാസവ്യൂഹ'ത്തിലുടെ ശ്രമിച്ചതെന്ന് മികച്ച ചിത്രം, മികച്ച തിരക്കഥ പുരസ്കാരങ്ങൾക്ക് അർഹനായ ക്രിഷാന്ദ് പറഞ്ഞു. ക്രിഷാന്ദിന്റെ രണ്ടാമത്തെ ചിത്രമാണ് 'ആവാസവ്യൂഹം'. കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഫിപ്രസി പുരസ്കാരവും ചിത്രം നേടിയിരുന്നു.
'പ്രകൃതിയെ കേന്ദ്രീകരിച്ച് ഒരു സിനിമ, അതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി എഴുത്ത് പൂർത്തിയാക്കി. മൺറോത്തുരുത്ത് ലൊക്കേഷനായി തീരുമാനിച്ചു. പിന്നീട് സിനിമയുടെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സഹനിർമ്മാതാവായ ഷിൻഷ് ഷാൻ പുതുവൈപ്പിനെപ്പറ്റി പറഞ്ഞത്. അവിടെയെത്തിയപ്പോൾ വെറുതെയൊരു പശ്ചാത്തലത്തിലൊതുക്കേണ്ട സ്ഥലമല്ല പുതുവൈപ്പിൻ എന്നു തോന്നി. അവിടത്തെ സമരം കൂടി സിനിമയുടെ ഭാഗമായി. ആദ്യമെഴുതിയ കഥയാകെ മാറ്റിയെഴുതി. ഭാര്യ ശ്യാമയായിരുന്നു കലാസംവിധാനവും മേക്കപ്പും നിർവഹിച്ചത്' - കൃഷാന്ദ് പറഞ്ഞു.
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ ക്രിഷാന്ദ് മുംബയ് ഐ.ഐ.ടി അദ്ധ്യാപകനാണ്. മോഹൻദാസ് എൻജിനിയിറിംഗ് കോളേജിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് മുംബയിലെത്തിയ കൃഷാന്ദ് ഒപ്പം സിനിമയും പഠിച്ചു. 2019ൽ ഐ.എഫ്.എഫ്.കെയിലെ മത്സരവിഭാഗത്തിൽ ഇടംപിടിച്ച 'വൃത്താകൃതിയിലുള്ള ചതുരം' ആയിരുന്നു ആദ്യചിത്രം.