SignIn
Kerala Kaumudi Online
Friday, 26 April 2024 12.22 AM IST

പുരസ്കാര വിവാദത്തിൽപ്പെടുന്ന ആദ്യ ചിത്രമല്ല ഹോം; തഴയപ്പെട്ട നടൻമാരിൽ തിലകൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഇന്ദ്രൻസും

film-awards

52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്നലെയായിരുന്നു പ്രഖ്യാപിച്ചത്. പിന്നാലെ അവാ‌‌ർഡുകൾ നിർണയിച്ച ജൂറിയ്ക്കെതിരായും ചലച്ചിത്ര അക്കാദമിക്കെതിരായും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാവുകയാണ്. അവാ‌ർഡ് നി‌ർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ഏറെയും വിമർശനങ്ങൾ ഉയരുന്നത്. 2021ൽ പുറത്തറങ്ങി ഏറെ ജനപ്രീതി നേടിയ ഹോം എന്ന ചിത്രത്തെ ഒരു വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് വിമർശനങ്ങൾ ഉയരാൻ കാരണം. നിരവധി രാഷ്ട്രീയ പ്രമുഖരും പ്രതിഷേധവുമായി എത്തിയിരുന്നു. പുരസ്കാരത്തിന്റെ തുടക്കകാലം തൊട്ട് തന്നെ വിവാദങ്ങളും കൂട്ടിനുണ്ട്. ഹോം ഒരു തുടക്കമല്ലെന്ന് മാത്രം.

മലയാള സിനിമയും പുരസ്കാര വിവാദങ്ങളും

1969 മുതലാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു തുടങ്ങിയത്. ദേശീയ ചലച്ചിത്ര പുരസ്കാരം 1954 മുതലും. മലയാള സിനിമാ നടൻ മാരും ദേശീയ പുരസ്കാരങ്ങളും തമ്മിൽ വർ‌ഷങ്ങളായി അഭിപ്രായവ്യത്യാസമുണ്ടെന്ന് തന്നെ പറയാം. 1991ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകാൻ ജൂറി ചെയർമാനായിരുന്ന അശോക് കുമാർ ശ്രമിച്ചിരുന്നെന്നും എന്നാൽ പാർട്ടിയിൽ നിലനിർത്തണമെന്ന പേരിൽ ഒരു കോൺഗ്രസ് നേതാവ് ഇടപെട്ട് പുരസ്കാരം അമിതാഭ് ബച്ചന് നൽകുകയായിരുന്നെന്നും ഒരു അഭിമുഖത്തിൽ തിലകൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

പിന്നീട് കുട്ടി സ്രാങ്ക്, പേരൻപ് എന്നീ ചിത്രങ്ങളിൽ അതുല്യ പ്രകടനം കാഴ്ചവച്ചിട്ടും ദേശീയ പുരസ്കാരത്തിൽ നിന്ന് മമ്മൂട്ടിയെ തഴഞ്ഞതിനും മലയാള സിനിമാ ലോകം സാക്ഷിയായി. 2010ൽ പുറത്തിറങ്ങിയ കുട്ടി സ്രാങ്ക് എന്ന ചിത്രം മലയാള സിനിമയിൽ നവതരംഗത്തിന് ആരംഭം കുറിച്ച ചിത്രമായാണ് കണക്കാക്കുന്നത്. മറ്റ് മൂന്ന് അവാർഡുകൾക്കൊപ്പം മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡും ചിത്രം നേടിയിട്ടും മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് പകരം ജൂറി മുഖവിലയ്ക്കെടുത്തത് പാ എന്ന ബോളിവുഡ് ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനമാണ്.

സ്പാസ്റ്റിക് പരാലിസിസിനെ നേരിടുന്ന മകളുടേയും അവളുടെ അച്ഛന്റേയും കഥ പറഞ്ഞ സിനിമയായിരുന്നു മമ്മൂട്ടി ചിത്രമായ പേരൻപ്. ചിത്രത്തിലെ അമുദന്‍ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ മമ്മൂട്ടിയ്ക്ക് സിനിമാ ലോകത്തിന്റെ ഒന്നാകെ പ്രശംസ ലഭിച്ചിരുന്നു. തമിഴ് സിനിമയാണെങ്കിലും ചിത്രം കേരളത്തിലെ പ്രേക്ഷകരുടെ ഹൃദയങ്ങളിലും ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന്. 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയ്ക്ക് തന്നെന്ന് ഉറപ്പിച്ച ചിത്രം. എന്നാൽ അവാർഡ് പ്രഖ്യാപനമെത്തിയപ്പോൾ മമ്മൂട്ടി തിരസ്കരിക്കപ്പെട്ടു. ജൂറിയുടെ പ്രതികരണമായിരുന്നു ഏറെ വിവാദം സൃഷ്ടിച്ചത്. 'എന്തു കൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് അവാര്‍ഡ് ലഭിച്ചില്ലെന്ന് ചോദിക്കുന്നത് തന്നെ വിഷമകരമാണ്. ഇത് ജൂറി ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇതത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടുണ്ട് ഇതിന് പിന്നിൽ. ഞങ്ങളെ സംബന്ധിച്ച് ഇന്നയാള്‍ക്ക് എന്തു കൊണ്ട് അവാര്‍ഡ് കൊടുക്കണം, ഇന്നയാള്‍ക്ക് കൊടുക്കരുത് എന്ന് വേര്‍തിരിക്കുക വ്യക്തിനിഷ്ഠമാണ്. ഇത് ജൂറിയുടെ അന്തിമ തീരുമാനമാണ്'- ഇതായിരുന്നു ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിന്റെ പ്രതികരണം. മമ്മൂട്ടിയെയും മകളായി അഭിനയിച്ച് അതുല്യ പ്രകടനം കാഴ്ച വയ്ച്ച് സാധനയെയും മാത്രമല്ല ചിത്രത്തെ ഒരു വിഭാഗത്തിലും പുരസ്കാരത്തിനായി ഉൾപ്പെടുത്തിയിരുന്നില്ല.

മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച പ്രകടനമായി കണക്കാക്കാവുന്ന ചിത്രമാണ് എംടി വാസുദേവൻ നായരുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നെന്ന് സംവിധായകൻ തന്നെ വിശേഷിപ്പിച്ച ചിത്രം. എന്നാൽ ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നൽകാൻ വിസമ്മതിച്ച ജൂറി പറഞ്ഞ വിചിത്രമായ കാരണമാണ് മലയാള പ്രേക്ഷകരെ ഏറെ ഞെട്ടിച്ചത്. കഴിഞ്ഞ വർഷവും മോഹൻലാൽ ആയിരുന്നല്ലോ മികച്ച നടനെന്നായിരുന്നു ജൂറിയുടെ പ്രതികരണം.

പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാര ജേതാവായ സുരാജിനെ അതേ വർഷം സംസ്ഥാനജൂറി പൂർണമായും ഒഴിവാക്കിയിരുന്നു എന്ന വിചിത്ര സംഭവം നടന്നത് കേരളത്തിലാണ്.

ഇത്തരത്തിൽ പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ എപ്പോഴും ഉയർന്നുവരാറുണ്ട്. എന്നാൽ ഇതിന്റെ അന്തിമമായ വിധി എന്നത് ഒരു ചിത്രത്തെയും അഭിനേതാക്കളെയും പ്രേക്ഷകർ എത്രത്തോളം നെഞ്ചിലേറ്റി എന്നത് തന്നെയാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM, AWARDS, STATE, NATIO0NAL, CONTROVERCIES, MAMMOOTTY, MOHANLAL, THILAKAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.