ന്യൂഡൽഹി: ടെസ്‌ല കാറുകൾ ഇറക്കുമതി ചെയ്‌ത് വിൽക്കാനും സർവീസിനും അനുമതി നൽകിയാൽ മാത്രമേ ഇന്ത്യയിൽ ഫാക്‌ടറി തുറക്കുന്നത് ആലോചിക്കൂവെന്ന് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് ട്വിറ്ററിൽ വ്യക്തമാക്കി. ഇറക്കുമതി ചെയ്‌തുള്ള വില്പന അനുവദിക്കാത്തിടത്ത് ടെസ്‌ല മാനുഫാക്‌ചറിംഗ് പ്ളാന്റുകൾ തുറക്കില്ലെന്ന് ട്വിറ്ററിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ലോകമാകെ വൻപ്രീതിയുള്ള അമേരിക്കൻ പ്രീമിയം ഇലക്‌ട്രിക് കാറായ ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം ഇനിയും നീളുമെന്ന് ഇതോടെ ഉറപ്പായി. കേന്ദ്രസർക്കാരുമായി ചില 'പ്രശ്‌നങ്ങളുള്ളതാണ്" ഇന്ത്യയിലെത്താൻ തടസമെന്ന് മസ്‌ക് നേരത്തേയും പറഞ്ഞിരുന്നു. ഇന്ത്യയിൽ ഫാക്‌ടറി തുറക്കാൻ ടെസ്‌ല തയ്യാറാകണമെന്നും ചൈനയിൽ നിർമ്മിച്ച മോഡലുകളുമായി ഇങ്ങോട്ട് വരേണ്ടെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് പുറമേ ചൈനയിലും ടെസ്‌ലയ്ക്ക് ഫാക്‌ടറിയുണ്ട്.
ടെസ്‌ല മോഡലുകൾ നിർമ്മിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളും വിൽക്കാനുള്ള വിപുലമായ ഡീലർഷിപ്പ് ശൃംഖലകളും ഇന്ത്യയിൽ ലഭ്യമാണെന്നും കമ്പനിയുമായി സർക്കാരിന് വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് ഗഡ്‌കരി പറഞ്ഞത്.
നികുതിയിൽ തുടങ്ങിയ തർക്കം
ഉയർന്ന ഇറക്കുമതിതീരുവയാണ് ടെസ്‌ലയ്ക്ക് ഇന്ത്യയിലെത്താൻ തടസം. 40,000 ഡോളറിനുമേൽ (30 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ട്. വില 40,000 ഡോളറിന് താഴെയെങ്കിൽ 60 ശതമാനം.
ടെസ്‌ലയുടെ കാറുകൾക്കെല്ലാം അമേരിക്കയിൽ 30 ലക്ഷം രൂപയ്ക്കുമേലാണ് വില. ഇന്ത്യയിലെത്തുമ്പോൾ ഇത് 60 ലക്ഷം രൂപ കടക്കും. ഇറക്കുമതിച്ചുങ്കം താത്കാലികമായെങ്കിലും 40 ശതമാനമാക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇലക്‌ട്രിക് വാഹന നിർമ്മാണത്തിനായി ടെസ്‌ല പ്രതിവർഷം 50 കോടി ഡോളറിന്റെ (ഏകദേശം 3,800 കോടി രൂപ) ഇന്ത്യൻ നിർമ്മാണഘടകങ്ങൾ വാങ്ങണമെന്ന നിർദേശവും കേന്ദ്രം മുന്നോട്ടുവച്ചിരുന്നു; ഇതിനോട് ടെസ്‌ല പ്രതികരിച്ചിട്ടില്ല.