അഹമദാബാദ്: ഐപിഎൽ ഫൈനലിന് മുമ്പായി രാജസ്ഥാൻ റോയൽസിന് ആശംസകളുമായി ആർസിബി. ഷെയ്ൻ വോൺ മുകളിൽ ഇരുന്ന് നിങ്ങളെ ഓർത്ത് സന്തോഷിക്കുന്നുണ്ടാകും. ഫൈനലിന് എല്ലാ വിധ ആശംസകളും എന്നാണ് ആർസിബി തങ്ങളുടെ ട്വിറ്ററിൽ കുറിച്ചത്. രണ്ടാം ക്വാളിഫയറിൽ ആർസിബിയെ പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ ഫൈനലിന് യോഗ്യത നേടിയത്.
മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ഇക്കുറി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഐപിഎല്ലിൽ കിരീടം നേടിയ രാജസ്ഥാനെ അന്ന് നയിച്ചത് ഈയിടെ അന്തരിച്ച ഇതിഹാസതാരം ഷെയ്ൻ വോൺ ആയിരുന്നു. അന്ന് പരിശീലകനായും ക്യാപ്ടനായും വോൺ ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം പിന്നീടൊരിക്കലും രാജസ്ഥാന് ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിലെ ഒരു മത്സരത്തിൽ വോണിനോടുള്ള ആദരസൂചകമായി ടീം അംഗങ്ങളെല്ലാം വോണിന്റെ പേരിലുള്ള ജേഴ്സി അണിഞ്ഞാണ് മത്സരത്തിനിറങ്ങിയത്.
ആർസിബിയുടെ ഇന്നത്തെ ട്വീറ്റോടെ ടീമിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ക്വാളിഫയറിൽ പരാജയപ്പെട്ടിട്ടും എതിർടീമിന് ആശംസകൾ നേർന്നതാണ് ആരാധകരെ സന്തോഷിപ്പിച്ചത്.
The Great late Shane Warne is smiling on you. Well played tonight, @rajasthanroyals and good luck for the final. 👍🏻#PlayBold #IPL2022 #RRvRCB
— Royal Challengers Bangalore (@RCBTweets) May 27, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |