പൊന്നാനി: പുനർഗേഹം പദ്ധതി പ്രകാരം പൊന്നാനി ഫിഷിംഗ് ഹാർബറിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റുകളിൽ വിള്ളൽ. എട്ട് മാസം മുമ്പ് കൈമാറിയ 29 ഫ്ലാറ്റുകളിൽ 120 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചിട്ടുള്ളത്. ചുമരുകളിൽ വിള്ളലുകൾ കണ്ട സാഹചര്യത്തിൽ നിർമ്മാണ അപാകത ചൂണ്ടിക്കാട്ടി കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൈാസൈറ്റിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോവാനാണ് മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ തീരുമാനം.
ഭവന പദ്ധതിയുടെ നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടുണ്ട്. പുഴയിൽ നിന്ന് ഡ്രഡ്ജ് ചെയ്ത് ഹാർബറിൽ കൂട്ടിയിട്ട ഉപ്പ് മണൽ ഉപയോഗിച്ചാണ് ഫ്ളാറ്റുകളുടെ നിർമ്മാണം നടത്തിയതെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. ഹാർബറിൽ കൂട്ടിയിട്ട മണൽ അജ്ഞാതർ വ്യാപകമായി കടത്തികൊണ്ടുപോയെന്ന പരാതി നിലനിൽക്കെയാണ് മുസ്ലിം ലീഗ് നേതൃത്വം ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീടുകൾക്കകത്തെ വിള്ളലുകൾക്ക് കാരണം ഉപ്പ് മണൽ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പുറത്തേക്ക് ഒലിച്ച് സെപ്റ്റിക് മാലിന്യം
ഫ്ലാറ്റിൽ താമസിക്കുന്ന 120 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. ഹാർബർ ലേലത്തിനെടുത്തയാളുടെ കനിവിലാണ് കുടിവെള്ള വിതരണം നടക്കുന്നത്. പല ഘട്ടത്തിലും കുടിവെള്ളത്തിനായി അലയേണ്ട സ്ഥിതിയാണ്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞതിനാൽ മലിനജലം പരന്നൊഴുകുകയാണ്. എട്ട് മാസം കൊണ്ട് സെപ്റ്റിക് ടാങ്കുകൾ നിറയുന്ന സ്ഥിതിയുണ്ടായത് നിർമ്മാണത്തിലെ അശാസ്ത്രീയതക്ക് തെളിവാണെന്നും ലീഗ് നേതാക്കൾ പറയുന്നു. താമസക്കാർ ഭയപ്പാടോടെയാണ് അതിനകത്ത് കഴിയുന്നത്. നിരന്തരമായി പരാതികൾ ഉന്നയിച്ചിട്ടും അധികൃതർ ഉത്തരവാദിത്വമേൽക്കാതെ കൈയൊഴിയുകയാണ്. തീരദേശത്തോടുള്ള വഞ്ചനയുടെ ബാക്കിപത്രമാണിതെന്നും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.