തൃശൂർ: ഗോത്രവർഗക്കാർ മാത്രം അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്യുന്ന ലോകത്തിലെ ആദ്യസിനിമയെന്ന വിശേഷണത്തോടെ ശ്രദ്ധേയമായ 'ധബാരി ക്യുരുവി'യോട് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കാണിച്ച അവഗണനയ്ക്കെതിരേ പ്രതിഷേധം. അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്ന, ഇരുളഭാഷ മാത്രം സംസാരിക്കുന്ന സിനിമയാണിത്.
ഇരുളർ വിഭാഗക്കാരാണ് പ്രധാന കഥാപാത്രങ്ങൾ. മുദുക, കുറുമ്പ, വടുക വിഭാഗങ്ങളിൽപ്പെട്ടവരും അഭിനേതാക്കളായി. എല്ലാവരും അട്ടപ്പാടിക്കാർ. മൊത്തം അറുപതുപേർ. അഭിനയ പരിശീലന ക്യാമ്പ് നടത്തി 150 പേരിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. അട്ടപ്പാടി മാത്രമായിരുന്നു ലൊക്കേഷൻ. രണ്ട് മാസം അവിടെ തങ്ങിയാണ് സംവിധായകൻ പ്രിയനന്ദനൻ സിനിമ പൂർത്തിയാക്കിയത്. കഥയും തിരക്കഥയും നിർവഹിച്ചതും അദ്ദേഹം തന്നെ. മകൻ അശ്വഘോഷന്റേതായിരുന്നു ഛായാഗ്രഹണം.
ധബാരി ക്യുരുവി
'ധബാരി ക്യുരുവി' എന്നാൽ ആദിവാസികളുടെ ഭാഷയിൽ അച്ഛനാരെന്ന് അറിയാത്ത പക്ഷിയെന്നാണ് അർത്ഥം. ഗോത്രവർഗത്തിൽ പ്രചരിക്കുന്ന മിത്തിലെ പക്ഷിയാണിത്. അവിവാഹിതകളായ സ്ത്രീകളും അമ്മമാരുമുളള ഗോത്രവർഗവിഭാഗങ്ങളിൽ, അവരുടെ ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് പെൺകുട്ടികളുടെ ജീവിതം കേന്ദ്രീകരിച്ച് കഥ പറയുന്നത്. അനുപ്രശോഭിനി, മീനാക്ഷി, ശ്യാമിനി, ഗോക്രി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 'അയ്യപ്പനും കോശിയും' സിനിമയിലെ ഗാനം പാടിയ നഞ്ചിയമ്മയും പഴനിസ്വാമിയും അഭിനയിച്ചിരുന്നു.