SignIn
Kerala Kaumudi Online
Thursday, 25 April 2024 4.22 PM IST

തെളിവില്ലാത്ത ലഹരിക്കേസ്

photo

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുകയും ചെയ്ത സംഭവമായിരുന്നു ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് 22 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കുന്ന വഴിത്തിരിവാണ് കേസിലുണ്ടായിരിക്കുന്നത്. ആര്യൻഖാനെ അറസ്റ്റ് ചെയ്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തന്നെ പ്രതി നിരപരാധിയാണെന്നും ഇയാളിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ കേസ് അവസാനിച്ചിരിക്കുകയാണ്. എന്നാൽ ഇതോടെ മറ്റൊരു കേസിന് തുടക്കമാവുന്ന സ്ഥിതിവിശേഷമാണ്. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെക്കെതിരെ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു. ഷാരൂഖിൽ നിന്ന് കോടികൾ കൈക്കൂലി കൈപ്പറ്റാൻ വാങ്കഡെ ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ആര്യന്റെ അറസ്റ്റെന്ന് അന്നേ ആരോപണം ഉയർന്നിരുന്നതാണ്. എന്നാൽ വാങ്കഡെയ്ക്ക് അനുകൂലമായും പലരും രംഗത്ത് വന്നു. ജോലി നേടാൻ വാങ്കഡെ വ്യാജജാതി സർട്ടിഫിക്കറ്റ് ചമച്ചിരുന്നു എന്ന മറ്റൊരു ആരോപണവും ഉയർന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

പ്രശസ്തരും അവരുടെ മക്കളും ഉൾപ്പെടുന്ന കേസുകൾ പൊതുജനശ്രദ്ധ നേടുമെന്നതിനാൽ സാമാനമായ മറ്റ് വാർത്തകളെ അപേക്ഷിച്ച് കൂടുതൽ മാദ്ധ്യമശ്രദ്ധ ലഭിക്കും. ഇത്തരക്കാരെ നിയമത്തിന്റെ വലയിലാക്കാനുള്ള നടപടികളെടുക്കുന്ന ഉദ്യോഗസ്ഥർക്ക് വീരപരിവേഷവും ലഭിക്കും. എന്നാൽ വീരപരിവേഷവും സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യം വച്ച് ഉദ്യോഗസ്ഥർ ഇത്തരം കേസുകൾ കെട്ടിച്ചമയ്‌ക്കുന്നത് അനുവദിക്കാൻ പാടില്ല. അങ്ങനെ തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുന്ന ഉദ്യോഗസ്ഥൻ രാജ്യത്തെ നിയമ - ഭരണ വ്യവസ്ഥകൾക്ക് വരുത്തുന്ന കോട്ടം അപരിഹാര്യമാണ്. അതിനാൽ കെട്ടിച്ചമച്ച കേസുകൾ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥൻ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. കുറ്റം ചെയ്യാതെ ജയിൽവാസം അനുഭവിക്കേണ്ടിവന്ന ആര്യൻഖാനുണ്ടായ മാനനഷ്ടം നികത്തേണ്ടത് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വരുമാനത്തിൽ നിന്നുതന്നെയാകണം.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഡംബരക്കപ്പലിലെ റെയ്‌ഡിൽ ആര്യൻ ഉൾപ്പെടെ 20 പേർ അറസ്റ്റിലായത്. ആര്യൻഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്തെന്നാണ് വാങ്കഡെ വെളിപ്പെടുത്തിയത്. എന്നാൽ മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രത്യേക ടീം അന്വേഷണം നടത്തിയതിന് ശേഷമാണ് തെളിവില്ലെന്നും പ്രാഥമികാന്വേഷണത്തിൽ വീഴ്ചപറ്റിയെന്നും ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.

സെലിബ്രിറ്റികളുടെ മക്കളായിപ്പോയി എന്നതിന്റെ പേരിൽ അവരെ കുറ്റക്കാരായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ല. അതിനാൽ ഇത്തരം കേസുകളിൽ ഭാവിയിൽ അന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത പുലർത്തണം. അതോടൊപ്പം തന്നെ ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും കേസ് വിരൽചൂണ്ടുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പോലുള്ള അന്വേഷണ ഏജൻസികളിൽ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ വിരാജിക്കാൻ തുടങ്ങിയാൽ അതുണ്ടാക്കുന്ന വിപത്തുകൾ വളരെ വലുതായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.