SignIn
Kerala Kaumudi Online
Thursday, 25 April 2024 10.26 AM IST

അങ്ങനെ മറക്കാമോ സി.അച്ചുതമേനോൻ എന്ന ക്രാന്തദർശിയെ ?​

achuthamenon

"ജയിച്ചവർ എഴുതുന്നതാണ് ചരിത്രമെന്ന്" പറഞ്ഞത് വിൻസ്റ്റൺ ചർച്ചിലാണ്. ജയിക്കുന്നവരെഴുതുന്ന ചരിത്രത്തിൽ നിന്ന് ജയിക്കാൻ കൂടെയുണ്ടായിരുന്നവരെ പോലും മാറ്റിനിറുത്തുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പറഞ്ഞുവരുന്നത് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനെ കുറിച്ചാണ്. കൗൺസിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ,​ ഒരാഴ്ച നീണ്ടുനിന്ന സുവർണജൂബിലി ആഘോഷങ്ങൾ ഇന്ന് സമാപിക്കുകയാണ്. കോവളത്തെ ക്രാഫ്റ്റ് വില്ലേജിൽ വിപുലമായ സമാപന ചടങ്ങാണ് സംഘടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഒരാഴ്ചത്തെ ആഘോഷങ്ങളിൽ ഒരിടത്തും ആ സ്ഥാപനത്തിന് രൂപം നൽകിയ മഹദ് വ്യക്തിയുടെ പേര് കണ്ടില്ല. അൻപതാണ്ട് മുമ്പ് കേരളം ഭരിച്ച മുഖ്യമന്ത്രി സി.അച്ചുത മേനോനാണ് ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗൺസിലിന്റെ പൂർവരൂപമായ കേരള ശാസ്ത്രസാങ്കേതിക കമ്മിറ്റിക്ക് രൂപം നൽകിയത്. അതാണ് പരിസ്ഥിതിയും കൂട്ടിച്ചേർത്ത് പരിഷ്കരിച്ച ഇന്നത്തെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ. അത് പുതിയ തലമുറ അറിയേണ്ടതല്ലേ.

കൊമ്പൻമീശയും വാളും പരിചയുമായി നാട് വെട്ടിപ്പിടിച്ച രാജാവായിരുന്നില്ല സി.അച്ചുതമേനോൻ, സൗമ്യനും ലാളിത്യശൈലിക്ക് ഉടമയുമായിരുന്നു. വികസനത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചില്ല. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ആഹ്ളാദത്തോടെ ഉൾക്കൊണ്ടാണ് വിപ്ളവകരമായ ഭൂരിപഷ്‌കരണനിയമം ഉൾപ്പെടെ അദ്ദേഹം കേരളത്തിൽ നിയമമാക്കിയത്. വികസനത്തിന് അടിത്തറയിട്ട നിരവധി സ്ഥാപനങ്ങൾ, നിയമങ്ങൾ, എല്ലാം നടപ്പാക്കിയപ്പോഴും അതൊന്നും സ്വന്തം പേരിനൊപ്പം ചേർത്ത് വായിക്കണമെന്ന് ഒരിക്കലും മോഹിച്ചിട്ടില്ലാത്തയാൾ. ആ ഒൗന്നത്യത്തെ ന്യായീകരണമായി കണ്ട് അദ്ദേഹത്തെ ചരിത്രത്തിൽ നിന്നൊഴിവാക്കുന്നതിന് തുല്യമല്ലേ ഇപ്പോൾ കാണിക്കുന്ന അവഗണനയെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മാത്രമല്ല ഇന്ന് കേരളത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളും തുടങ്ങിയത് സി.അച്ചുതമേനോൻ എന്ന ക്രാന്തദർശിയായ മുഖ്യമന്ത്രിയാണ്.

സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകൾ ആരംഭിച്ചു. അതിന്റെ ഗുണമാണ് നാമിന്ന് അനുഭവിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത് അക്കാലത്താണ്. കാർഷിക സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് ( സി.ഡി.എസ്), കെൽട്രോൺ, സംസ്ഥാന സഹകരണ ബാങ്ക്, തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, റീജിയണൽ റിസർച്ച് ലബോറട്ടറി, പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സംസ്ഥാന ഭവനനിർമ്മാണ ബോർഡ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് മാനേജ്‌മെന്റ്, സ്‌കൂൾ ഒഫ് ഡ്രാമ, കോളേജ് ഒഫ് ഫൈൻ ആർട്സ്, സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കോസ്റ്റ് ഫോഡ് തുടങ്ങി നാടിന് അഭിമാനിക്കാൻ ഉതകുന്ന എണ്ണിയാൽത്തീരാത്ത ശാസ്ത്രപഠന ഗവേഷണ സാംസ്‌കാരിക സ്ഥാപനങ്ങൾ അച്ചുതമേനോന്റെ കയ്യൊപ്പ് പതിഞ്ഞ് പിറന്നവയാണ്.

സി.ഡി.എസിൽ കെ.എൻ.രാജ്, ശ്രീചിത്രയിൽ ഡോ.എം.എസ് വല്യത്താൻ, കെൽട്രോണിൽ കെ.പി.പി. നമ്പ്യാർ എന്നിങ്ങനെ

രാജ്യാന്തരരംഗത്ത് സ്വീകാര്യരായ ഉന്നത മലയാളി

പ്രതിഭാശാലികളെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്ന് ആ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചു.

ചരിത്രത്തെ ചരിത്രമായിത്തന്നെ കാണണമെന്നാണ് ഇടതുചിന്താഗതി. അത് ഇഷ്ടമുള്ളതല്ലെങ്കിൽ പോലും. അതുതന്നെയാണ് ശാസ്ത്രീയസമീപനവും.

പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകൾക്കും നിക്ഷിപ്ത താത്പര്യങ്ങൾക്കും അനുസൃതമായി ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ദേശീയതലത്തിൽ നടക്കുന്ന ആസൂത്രിത ശ്രമത്തിനെതിരെ നിലപാടെടുക്കുന്ന സർക്കാരും പ്രസ്ഥാനങ്ങളുമാണ് കേരളം ഭരിക്കുന്നത്. ഇവിടെ ചരിത്രത്തെ അവഗണിക്കാൻ ആരുതന്നെ ശ്രമിച്ചാലും എതിർക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഭൂപരിഷ്‌കരണനിയമത്തിന്റെയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അൻപതാം വാർഷികങ്ങളിൽ ഈ നിലപാടുകൾക്ക് നേർവിപരീതമായ സമീപനങ്ങളാണ് കാണേണ്ടിവന്നത്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. കാരണം ശാസ്ത്രസാങ്കേതിക പരിസ്ഥിതി നയം രാജ്യത്താദ്യമായി കേരളത്തിന് സമ്മാനിച്ചതും സി.അച്ചുതമേനോൻ എന്ന മുഖ്യമന്ത്രി തന്നെയാണല്ലോ. അത് കേരളത്തിന് മറക്കാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C ACHUTHAMENON
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.