SignIn
Kerala Kaumudi Online
Saturday, 01 October 2022 9.14 PM IST

ധീര സൈനികന് യാത്രാമൊഴിയേകി നാട്; അന്തിമോപചാർമർപ്പിക്കാൻ ഒഴുകിയെത്തി ജനക്കൂട്ടം

malappuram
തിരുരങ്ങാടി യത്തീംഖാനയിലേക്ക് ഷൈജലിന്റെ ഭൗതിക ശരീരം കൊണ്ടുവന്നപ്പോൾ

തിരുരങ്ങാടി: ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരിച്ച പരപ്പനങ്ങാടി സ്വദേശി ഹവിൽദാർ മുഹമ്മദ് ഷൈജലിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. രാവിലെ പത്തിന് കരിപ്പുർ വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം സൈനിക ഉദ്യോഗസ്ഥരുടെയും ജില്ലാ സൈനിക കൂട്ടായ്മയുടെയും നേതൃത്വത്തിൽ 11 മണിക്ക് തിരുരങ്ങാടി യത്തീംഖാനയിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നു. ഷൈജൽ പഠിച്ചുവളർന്നത് തിരൂരങ്ങാടി യതീംഖാനയിലായിരുന്നു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി,​ യത്തീംഖാന പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ,​ ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ, എസ്.പി.സുജിത്ദാസ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,​ പി.എം.എ.സലാം, എം.കെ.ബാവ, തിരുരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,​ ഹുസൈൻ മടവൂർ എന്നിവർ ചേർന്ന് ഭൗതിക ശരീരം ഏറ്റുവാങ്ങി. ഷൈജലിന്റെ കൂടെ യത്തീംഖാനയിലും ഓറിയന്റൽ ഹൈസ്‌കൂളിലും പി.എസ്.എം.ഒയിലും പഠിച്ച സഹപാഠികളും യത്തീംഖാന അദ്ധ്യാപകരും നൂറുകണക്കിന് നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പന്ത്രണ്ട് മണിക്ക് യത്തീംഖാന ഗ്രൗണ്ടിൽ മയ്യത്ത് നമസ്കാരത്തിന് മർക്കസ് ദഅ്‌വ സെക്രട്ടറി സി.പി.ഉമ്മർ സുല്ലമി നേതൃത്വം നൽകി. ഷൈജലിന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവ് പൂർണ്ണമായും യത്തീംഖാന വഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മയ്യത്ത് നമസ്കാരത്തിന് ശേഷം ഭൗതിക ശരീരം ജന്മനാടായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 3ന് ഔദ്യോഗിക ബഹുമതികളോടെ അങ്ങാടി മുഹ്‌യുദീൻ ജുമാഅത്ത് പള്ളിയിൽ ഖബറടക്കി.


വേർപ്പാടറിഞ്ഞ് പൂർവ്വ വിദ്യാർത്ഥി സംഗമം മാറ്റി

തിരൂരങ്ങാടി യത്തീംഖാന പൂർവവിദ്യാർത്ഥി കുടുംബ സംഗമം ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പൂർവ്വ വിദ്യാർത്ഥി കൂടിയായ സൈനികൻ മുഹമ്മദ് ഷൈജലിന്റെ മരണ വാർത്തയറിഞ്ഞത്. യത്തീംഖാന രൂപീകൃതമായത് മുതൽ അന്തേവാസികളായിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും അടങ്ങിയ സംഘടനയാണിത്. പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ഇവിടെ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. 1989ൽ രൂപീകൃതമായ യത്തീംഖാനയിലെ പൂർവ്വ വിദ്യാർത്ഥികൾക്കും നിലവിലെ വിദ്യാർത്ഥികൾക്കുമുള്ള ക്ഷേമ പ്രവർത്തനങ്ങളും വിദ്യാഭ്യാസപരമായ ആവശ്യങ്ങളും യത്തീംഖാനയ്ക്ക് ആവശ്യമായ സഹായ സഹകരണങ്ങളും സംഘടന നൽകിയിരുന്നു. ഷൈജലിന്റെ മരണത്തോടെ പൂർവ്വ വിദ്യാർത്ഥി സംഗമം മാറ്റിവച്ചു. പിതാവിന്റെ മരണശേഷം ഏഴം ക്ലാസ് മുതൽ യത്തീംഖാനയിലായിരുന്നു ഷൈജലിന്റെ പഠനം.1996ൽ ഓറിയന്റൽ ഹയർസെക്കന്ററിയിൽ നിന്ന് എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടി. പിന്നീട് പി.ഡി.സിക്ക് പി.എസ്.എം.ഒ കോളേജിൽ ചേർന്ന ഷൈജൽ കുറച്ചു കാലം അവിടെ അദ്ധ്യാപകനായും ജോലി ചെയ്തിരുന്നു. കോളേജ് കാലഘട്ടത്തിൽ കായിക ഇനത്തിലും എൻ.സി.സിയിലും സജീവമായിരുന്ന ഷൈജലിന് 1999 ലാണ് പട്ടാളത്തിലേക്ക് സെലക്ഷൻ കിട്ടുന്നത്. 21 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജൽ സഞ്ചരിച്ച വാഹനം ലഡാക്കിൽ ഷ്യാക് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത്. ഒക്‌ടോബറിൽ നാട്ടിലേക്ക് വരാൻ നിൽക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.