തിരുവല്ല: പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ തിരുവല്ല സ്വദേശിയും പ്രമുഖ വ്യവസായിയുമായ കെ.ജി.ബാബുരാജിനെ ഇന്ന് ജന്മനാട് ആദരിക്കും. വൈസ് മെൻ ക്ലബ് ഒഫ് തിരുവല്ല ടൗണിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. എം.പിമാരായ ശശി തരൂർ, ആന്റോ ആന്റണി, മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യാ എസ്.അയ്യർ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ചെയർമാൻ ആർ.സനൽകുമാർ, ചലച്ചിത്രതാരം നവ്യാ നായർ, ആർക്കിടെക്ട് ആർ.ശങ്കർ എന്നിവർ പ്രസംഗിക്കും.
ബഹ്റൈനും ഖത്തറുമടക്കം ഗൾഫ് രാജ്യങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ജി.ബാബുരാജിന്, ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. തിരുവല്ല കുറ്റൂർ കല്ലൂപ്പറമ്പിൽ ഹിന്ദി അദ്ധ്യാപകൻ കെ.കെ.ദിവാകരന്റെയും ഭാരതിയുടെയും രണ്ടാമത്തെ മകനാണ് ബാബുരാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |