SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 AM IST

നവഭാരത സൃഷ്ടിക്കായുള്ള പ്രയാണം

prime-minister-narendra-m

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ എട്ടുവർഷത്തെ യാത്രയെ 'പുതിയ ഇന്ത്യ' കെട്ടിപ്പടുക്കാനുള്ള ഏറ്റവും വിജയകരമായ പ്രയാണമായാണ് കാണുന്നത്. ദൃഢവും കാര്യപ്രാപ്തിയുള്ളതും 'ആത്മനിർഭരവും' ആയ 'പുതിയ ഇന്ത്യ'ക്കായുള്ള ശക്തമായ അടിത്തറ പാകിക്കഴിഞ്ഞു. കൊവിഡ് വെല്ലുവിളിയെയും രാജ്യം ധീരമായും ഐക്യത്തോടെയും നേരിട്ടു.

മഹാമാരി ബാധിച്ച ഇന്ത്യൻ സമ്പദ്‌വ്യസ്ഥയെ ഫലപ്രദമായ നയങ്ങളിലൂടെയും ആസൂതണ്രത്തിലൂടെയും സമയോചിത ഇടപെടലുകളിലൂടെയും മികച്ച രീതിയിൽ സംരക്ഷിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന 'ആത്മനിർഭർ ഭാരത് യോജന' പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെ അവസരങ്ങൾ സൃഷ്ടിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവൻ നൽകി.

ഇന്ന് രാജ്യം ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. അതോടൊപ്പം 'ഈസ് ഓഫ് ഡൂയിംഗ് ' സൂചികയിൽ നാം 2015 ലെ 142-ാം സ്ഥാനത്ത് നിന്ന് 63-ാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ കേന്ദ്രമായി രാജ്യം മാറിയിരിക്കുന്നു. സ്വാശ്രയത്വത്തിന്റെ അടിത്തറയിൽ മുന്നേറുന്ന ഇന്ത്യ വൻ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന സമഗ്രവികസനത്തിലാണ് തുടക്കം മുതൽ പ്രധാനമന്ത്രി ശ്രദ്ധിച്ചത്. പാവപ്പെട്ടവരിലും പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് എല്ലാ നയങ്ങളും പരിപാടികളും ഊന്നൽ നൽകിയത്. 2014ൽ തുടക്കമിട്ട ജൻധൻ യോജനയ്ക്ക് കോടിക്കണക്കിന് ദരിദ്രരെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. 'ഏവർക്കുമൊപ്പം ഏവരുടെയും വികസനം' എന്ന തത്വം സർക്കാരിന്റെ പ്രവർത്തനം വ്യക്തമാക്കുന്നു. സാധാരണക്കാരായ പൗരന്മാരിൽ സർക്കാർ നയങ്ങളുടെയും പരിപാടികളുടെയും ഗുണഫലങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത്, മുദ്ര യോജന, പി.എം കിസാൻ-മാൻധൻ യോജന, സ്വച്ഛ് ഭാരത്, സൗഭാഗ്യ യോജന, പിഎം ആവാസ് യോജന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി തുടങ്ങിയവ ദരിദ്ര,ദുർബല ജനവിഭാഗങ്ങളെ ശാക്തീകരിക്കുകയും സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറയ്ക്കുകയും ചെയ്തു. വിപുലമായ പദ്ധതി നിർവഹണവും കാര്യക്ഷമമായ നടത്തിപ്പും മോദി സർക്കാരിന്റെ സവിശേഷതകളാണ്. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം ആദ്യമായാണ് സമൂഹത്തിലെ ദരിദ്രരും ദുർബല വിഭാഗങ്ങളും സർക്കാർ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളാകുന്നത്.

വിട്ടുവീഴ്ചയില്ലാത്ത ദേശീയ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്ന്. തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിച്ചു. അതിർത്തികൾക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളിൽ സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും നടത്തി നയങ്ങളിൽ പ്രകടമായ മാറ്റം കൊണ്ടുവന്നു.

കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും ക്ഷാമം പതിവായിരുന്നു. എന്നാലിന്ന് ഇവയിൽ രാജ്യം സ്വയംപര്യാപ്തമായി. ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വഴി നാം സൈന്യത്തെ സജ്ജമാക്കി. നമ്മുടെ സേനയുടെ ആവശ്യങ്ങൾക്കുള്ള ആഭ്യന്തര ഉത്‌പാദനവും വർദ്ധിപ്പിച്ചു.

അതിർത്തികൾക്കു കരുത്ത് പകരാൻ റഫേൽ പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ നമ്മുടെ പക്കലുണ്ട്. എസ്-400 മിസൈൽ സംവിധാനവും പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നു. ഒരു കാലത്ത് പ്രതിരോധ ഇറക്കുമതിയെ വളരെയധികം ആശ്രയിച്ച ഇന്ത്യ, 2019ൽ 10,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് കയറ്റുമതി ചെയ്തത്. അത് 2025 ഓടെ 35,000 കോടിയിലെത്തിക്കാനാണ് ലക്ഷ്യം. ഇതെല്ലാം സാദ്ധ്യമായത് ദേശീയ സുരക്ഷ രാഷ്ട്രീയ വിഷയമാകാത്തതുകൊണ്ടും 'രാഷ്ട്രമാണ് ആദ്യം' എന്ന സമീപനം കൊണ്ടുമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പ്രാധാന്യം ആഗോളതലത്തിൽ അറിയിച്ച കാലഘട്ടമാണ് കടന്നുപോയത്. ലോകക്രമത്തിൽ ഇന്ത്യയുടെ ശരിയായ സ്ഥാനം അദ്ദേഹം തിരികെപ്പിടിച്ചു. ആഗോളതാപനത്തിന്റെ പ്രാധാന്യം ലോകത്തെ ബോദ്ധ്യപ്പെടുത്തിയത് മുതൽ കൊവിഡ് പ്രതിസന്ധിയെ നേരിട്ട രീതി ഉൾപ്പെടെ, ആഗോള സമൂഹത്തിന് ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കി കൊടുത്തു. നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ സമ്പന്നതയും വൈവിദ്ധ്യവും കാണിച്ചുകൊടുക്കാനായി. ഇന്ന് യോഗയ്ക്കും ആയുർവേദത്തിനും ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചത് ഇങ്ങനെയാണ്.

ചേരിചേരാനയം, സ്വതന്ത്ര്യം, നീതിയുക്തമായ ആഗോള ക്രമം എന്നിവയ്‌ക്കായി വാദിക്കുന്ന ഇന്ത്യയുടെ സ്വരം കേൾക്കാനായി ലോകം കാത്തിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും മറ്റ് നിരവധി രാജ്യങ്ങളുടെയും ആദരം ഏറ്റുവാങ്ങിയ നരേന്ദ്രമോദി ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നു.

ധീരവും ശക്തവുമായ തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവ് പ്രസിദ്ധമാണ്. ശക്തവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന മോദിയുടെ സ്വപ്നങ്ങൾക്കായി 135 കോടി ഇന്ത്യക്കാർ സ്വയം സമർപ്പിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാൻ, എൽ.പി.ജി സബ്‌സിഡി സ്വമേധയാ ഒഴിവാക്കൽ, നോട്ട് നിരോധനം, കൊവിഡ് വ്യാപനം തടയുന്നതിനുള്ള സമ്പൂർണ ലോക്ക്ഡൗൺ എന്നിവയ്ക്കുള്ള അഭ്യർത്ഥനയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണ അതിന് തെളിവാണ്.

മോദി സർക്കാർ എട്ടുവർഷം പൂർത്തിയാക്കുമ്പോൾ രാജ്യം 25 വർഷത്തെ പുരോഗതി ലക്ഷ്യമിട്ട് സ്വാതന്ത്ര്യത്തിന്റെ 'അമൃത് മഹോത്സവം' ആഘോഷിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷത്തെ ഭരണം നൽകിയ ശക്തമായ അടിത്തറ ഇന്ത്യയെ കൂടുതൽ ശക്തവും സ്വയംപര്യാപ്തവുമായ രാജ്യമാക്കി മാറ്റും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 8 YEARS OF MODI GOVT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.