SignIn
Kerala Kaumudi Online
Friday, 19 April 2024 10.47 AM IST

ദൈവത്തിന്റെ നാട്ടിൽ ചെകുത്താൻ കയറുമ്പോൾ

devil

സമീപകാലത്തായി കേരളത്തിന്റെ യാത്ര ജനാധിപത്യവാദികളെയും സമാധാനപ്രേമികളെയും ഭീതിപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെകുത്താൻ കയറിയാലുണ്ടാകുന്ന അവസ്ഥ . സാമുദായിക ധ്രുവീകരണത്തിന്റെ പേടിപ്പെടുത്തുന്ന അന്തരീക്ഷം കേരളീയ പൊതുബോധത്തെ പൊതിഞ്ഞ് കീഴ്പ്പെടുത്തുന്നു.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലിയും മുദ്രാവാക്യംവിളിയും തിരുവനന്തപുരത്തെയും വെണ്ണലയിലെയും പി.സി. ജോർജിന്റെ പ്രസംഗങ്ങളും പ്രതീകങ്ങൾ മാത്രമാണ്. ഏറെക്കാലമായി കേരളത്തിൽ പുകയുന്ന വർഗീയവിദ്വേഷത്തിന്റെ രോഗാതുരമായ അവസ്ഥ പ്രതീകവത്കരിക്കപ്പെട്ടതിന്റെ ചിത്രമാണ് ജോർജിലൂടെയും പോപ്പുലർഫ്രണ്ട് റാലിയിലെ എട്ടും പൊട്ടും തിരിയാത്ത കുട്ടിയുടെ ഭീതിദമായ മുദ്രാവാക്യം വിളിയിലൂടെയും പ്രകടമായത്.

വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയത്തിന് തരാതരം പോലെ രാഷ്ട്രീയനേതൃത്വങ്ങൾ വഴങ്ങിക്കൊണ്ടിരുന്നതിന്റെ പരിണിതഫലമെന്ന് വേണമെങ്കിൽ പറയാം. എന്നാൽ രാഷ്ട്രീയപാർട്ടികൾ കരുതിയതിനും അപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ടുപോയോ എന്ന് സംശയമുണർത്തുന്നതാണ് സമീപകാലത്തായി കേരളത്തിലെ രാഷ്ട്രീയക്കാഴ്ച. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യവേളയിലാണ് വർഗീയവിദ്വേഷപ്രചാരണവും പത്തിവിടർത്തി ആടിയത്. അത് ആ ഉപതിരഞ്ഞെടുപ്പ് വേളയിലുണ്ടാക്കിയ സ്വാധീനവും നമ്മെ അമ്പരപ്പിക്കുന്നുണ്ട്.

ഏറ്റവും ഭയാനകമായി തോന്നുന്നത് വിദ്വേഷപ്രസംഗത്തിന് ചില കേന്ദ്രങ്ങളിലെങ്കിലും വലിയ സ്വീകാര്യത കേരളീയസമൂഹത്തിൽ ലഭിക്കുന്നുവെന്നുള്ളതാണ്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാരഥന്മാർ ഉഴുതുമറിച്ചിട്ട നവോത്ഥാനഭൂമിയിൽ നിന്ന് നാമെത്രമാത്രം പിന്തിരിഞ്ഞ് പോയെന്ന് സൂചിപ്പിക്കുന്നതാണ് ഏതാനും നാളുകളിലായി കേരളത്തിലെ കാഴ്ചകൾ. കോടതിയുടെ ജാമ്യവ്യവസ്ഥകളെ പോലും തള്ളിപ്പറഞ്ഞ് തൃക്കാക്കരയിലെത്തിയ ജോർജിന് അവിടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ കിട്ടിയ സ്വീകാര്യത എത്ര വലുതായിരുന്നു!

ജോർജിനെ തള്ളിപ്പറയാൻ ക്രൈസ്തവസമുദായങ്ങളിൽ നിന്ന് ഓർത്ത്ഡോക്സ് സഭയുടെ പ്രതിനിധി മാത്രമാണുണ്ടായത് എന്നതും അമ്പരപ്പിക്കുന്നു. കത്തോലിക്കാസഭയുടെ മൗനം ഭീതിജനകമാണ്. അതൊരു തരത്തിൽ ജോർജിനെ അംഗീകരിക്കുന്നതിന് തുല്യമായി . പ്രത്യേകിച്ച് കുറച്ചുകാലമായി മുസ്ലിം വിരുദ്ധവികാരം കത്തോലിക്കാ സഭക്കാർക്കിടയിൽ വർദ്ധിച്ചുവരുമ്പോൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ശക്തിപ്പെട്ടുവന്ന പ്രവണതയാണ് കത്തോലിക്കർക്കിടയിലെ ഇസ്ലാമോഫോബിയ വികാരം. അത് കുറയുകയല്ല, കൂടുകയാണുണ്ടായതെന്ന്, പൊലീസും കോടതിയും നൽകിയ താക്കീതുകളെ പോലും വകവയ്ക്കാതെ ജോർജ് ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുന്നത് വ്യക്തമാക്കുന്നു. തന്റെ നാവിൽ നിന്ന് വമിക്കുന്ന വിഷവാതകം ഒരു വിഭാഗത്തെയെങ്കിലും ആവേശത്തിമിർപ്പിലാക്കുന്നെന്ന തിരിച്ചറിവിലാകുമല്ലോ ജോർജ് അതാവർത്തിച്ചുകൊണ്ടേയിരിക്കുന്നത്. സംഘപരിവാർ ശക്തികൾ അതിൽ നിന്ന് വലിയ തോതിൽ മുതലെടുപ്പിനും നീക്കം നടത്തുന്നു. ഉത്തരേന്ത്യൻ മോഡൽ ഇസ്ലാമോഫോബിയ വളർത്തി കേരളത്തിലും ആധിപത്യം സ്ഥാപിക്കാനാകുമോ എന്ന ചിന്തയാകാം അതിന് പിന്നിൽ. ക്രൈസ്തവർക്കിടയിൽ അതിനെത്ര മാത്രം സ്വീകാര്യത കിട്ടുമെന്ന് പരീക്ഷിച്ചറിയാവുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് തൃക്കാക്കരയിൽ നടക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ

മുദ്രാവാക്യം വിളി

കൊലവിളിയാണ് പോപ്പുലർഫ്രണ്ടിന്റെ റാലിയിൽ ഒരു കുട്ടിയെക്കൊണ്ട് നടത്തിച്ചത്. ഒരു പ്രവർത്തകന്റെ തോളത്തിരുന്ന് ആ കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ കേരളീയ പൊതുബോധത്തെ വിറകൊള്ളിക്കുന്നു. ആലപ്പുഴയിൽ ജനമഹാസമ്മേളനത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.

പൊലീസ് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലും വക വയ്ക്കാതെ റാലിക്ക് അവിടെ അനുമതി കൊടുത്തത് ആരുടെ സമ്മർദ്ദത്താലാണ് എന്ന ചോദ്യമുയരുന്നുണ്ട്. ഇതൊരിക്കലും സംഭവിച്ചുകൂടാത്തതായിരുന്നു. കാരണം, സമീപകാലത്താണ് ആലപ്പുഴയിൽ രണ്ട് വർഗീയച്ചുവയുള്ള കൊലപാതകങ്ങൾ അരങ്ങേറിയത് . എസ്.ഡി.പി.ഐയുടെയും സംഘപരിവാറിന്റെയും പ്രവർത്തകർ മണിക്കൂറുകളുടെ ഇടവേളകളിലാണ് കൊല്ലപ്പെട്ടത്. പൊലീസും ഇന്റലിജന്റ്സുമൊന്നും അതറിഞ്ഞില്ലേയെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിട്ടില്ല. പാലക്കാടും സംഭവിച്ചു സമാനരീതിയിലുള്ള കൊലപാതകങ്ങൾ.

ആലപ്പുഴയിൽ പോപ്പുലർഫ്രണ്ടിന് റാലിക്ക് അനുമതി നൽകിയത് കൊണ്ട് ബജ്‌രംഗ് ദളിനും റാലിനടത്താൻ അനുമതി നൽകാൻ നിർബന്ധിതരായി. വർഗീയശക്തികളോട് പൂർണമായും സന്ധിചെയ്യുന്ന നിലയിലേക്ക് രാഷ്ട്രീയ, ഭരണനേതൃത്വത്തിന് മാറേണ്ടി വന്നത് എന്തുകൊണ്ടാകാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയത്തിന്റെ അനന്തരഫലമാണെന്ന് വിശ്വസിക്കുന്നവരാണേറെ. ഭരിക്കുന്ന രാഷ്ട്രീയകക്ഷിക്ക് വലിയ ആധിപത്യമുള്ള ജില്ലയാണ് ആലപ്പുഴ എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു.

ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുന്നു എന്ന് പറയുംപോലെയാണ് സംഗതി. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയപ്രബുദ്ധത ചീയുന്നത് വർഗീയധ്രുവീകരണ ശക്തികൾക്ക് നല്ല വളമാകുന്നു. വിദ്വേഷത്തിന്റെ വിഷപ്പുക ഒരു കേന്ദ്രത്തിൽ നിന്നുയരുമ്പോൾ ഭീതിയോ പകയോ വിദ്വേഷമോ ഇരട്ടിതീവ്രതയിൽ മറുവിഭാഗത്തിൽ നിന്നുമുയരും. ഉത്തരേന്ത്യയിലെ ചലനങ്ങൾ പലവിധത്തിൽ സ്വാധീനിക്കുന്നുമുണ്ടാകാം. എന്തിനേറെ തുർക്കി ഇസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളിയെ ചൊല്ലിയുണ്ടായ വിവാദം പോലും കേരളത്തിൽ പ്രതിഫലിച്ചതിന്റെ ബഹിർസ്ഫുരണമാണല്ലോ ക്രൈസ്തവർക്കിടയിൽ കണ്ടത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഹാഗിയ സോഫിയ കത്തീഡ്രലിനെ മുസ്ലിംപള്ളിയായി പരിവർത്തിപ്പിച്ച തുർക്കി ഭരണകൂടത്തിന്റെ തീരുമാനത്തെ ന്യായീകരിച്ച് മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിലെഴുതിയ ലേഖനം മുതൽക്കാണല്ലോ ക്രൈസ്തവരിലെ ഇസ്ലാമോഫോബിയ വലിയ തോതിൽ ശക്തി പ്രാപിക്കുന്നത്.

അതിനും മുമ്പേ തന്നെ ലവ് ജിഹാദിന്റെ പേര് പറഞ്ഞുള്ള വിദ്വേഷപ്രചരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ടായിരുന്നു. ക്രൈസ്തവർക്കിടയിൽ പുകയുന്ന വിദ്വേഷവികാരങ്ങളുടെ തുടർച്ചയായിരുന്നു സമീപകാലത്ത് പാലാ ബിഷപ്പിൽ നിന്നും നാം കേട്ടത്. നാർകോട്ടിക് ജിഹാദ് എന്ന പുതിയ പദപ്രയോഗത്തിനും നമ്മൾ സാക്ഷിയായി. അതിന്റെയെല്ലാം തുടർച്ചയാണിപ്പോൾ പി.സി. ജോർജിലൂടെ കണ്ടത്.

കേരളത്തിൽ കുറേക്കാലമായി പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തനരീതി അന്യമത വിദ്വേഷം ഉണർത്തുന്ന രീതിയിലാവുന്നുണ്ട്. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം തയാറാക്കിയതിന്, പ്രൊഫസറുടെ കൈവെട്ടിയ സംഭവം കേരളം മറന്നിട്ടില്ല. അന്ന് പക്ഷേ, ആ പ്രൊഫസറെ തള്ളിപ്പറയാനാണ് കത്തോലിക്കാ സഭാനേതൃത്വവും ഉത്സാഹം കാട്ടിയതെന്നത് വിരോധാഭാസമായി.

തീവ്രവാദങ്ങളെ

ശക്തിപ്പെടുത്തുന്നത്

1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുതൽ ഒരു വിഭാഗത്തിൽ കണ്ടുതുടങ്ങിയ അരക്ഷിതാവസ്ഥയാണ് പലനിലയ്ക്ക് കാലങ്ങളായി ശക്തിപ്പെട്ടുവന്നത്. ഉത്തരേന്ത്യയിൽ ഇസ്ലാമോഫോബിയ വികാരം മൂർദ്ധന്യദശയിലാണ്.

ഉത്തർപ്രദേശിൽ മുസ്ലിംനാമങ്ങളിലുള്ള പഴയകാല പ്രദേശങ്ങളുടെയെല്ലാം പേരുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യു.പി ഭരിക്കുന്ന ബി.ജെ.പി സർക്കാരാണ് ഇതിന് നേതൃത്വം നൽകുന്നത്. ചോദ്യം ചെയ്യപ്പെടാനുള്ള ശക്തി അവിടെയെങ്ങുമില്ല. നിഷ്പക്ഷമതികളും ഇന്ത്യാവികാരം ഉൾക്കൊണ്ട് ജീവിക്കുന്നവരുമായ മുസ്ലിങ്ങൾ ഭയചകിതരാണ് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും. ആൾക്കൂട്ട ആക്രമണങ്ങളെ ഭയന്ന് ജീവിക്കുന്നവരാണ് യു.പിയിലെയും മറ്റും ന്യൂനപക്ഷ ജനവിഭാഗങ്ങൾ. വാരണസിയിലെ ഗ്യാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന പേരിൽ പ്രചരിക്കുന്ന കഥയുടെ പിന്നിലെ കഥയെ വിമർശിച്ച് പോസ്റ്രിട്ടതിനാണല്ലോ ഈയിടെ ഒരദ്ധ്യാപകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടത്.

മുസ്ലിം പേരുകളിൽ അറിയപ്പെടുന്ന ഡൽഹിയിലെ 40 ഗ്രാമങ്ങളുടെ പേരുകൾ മാറ്റാനുള്ള മുറവിളി ഉ യരുന്നത് യാദൃശ്ചികമായി കാണാനാവില്ല. എല്ലാം മുഗൾഭരണകാലത്ത് ഉണ്ടാക്കിയ പേരുകളെന്ന് വാദിച്ചാണ് ആ അധിനിവേശശക്തികളുടെ അടിമത്തമനോഭാവത്തിൽ നിന്നുള്ള മോചനമെന്ന പ്രഖ്യാപനവുമായി പേര് മാറ്റൽ മുറവിളി ശക്തമാകുന്നത്. യഥാർത്ഥത്തിൽ ഇന്ത്യയുടെ സമ്പന്നമായ മദ്ധ്യകാല ചരിത്രപാരമ്പര്യത്തെ തച്ചുതകർത്ത് രാജ്യത്ത് സാമുദായികധ്രുവീകരണം ശക്തിപ്പെടുത്തുക എന്ന അജൻഡ മാത്രമാണിതിന് പിന്നിലെന്ന് പകൽപോലെ വ്യക്തം. ജഹാംഗിർപുരിയിലും മദ്ധ്യപ്രദേശിലെ ഖർഗാവിലും ഉരുണ്ട ബുൾഡോസറുകൾ ഡൽഹിയുടെ സമ്പന്നമായ ചരിത്രത്തിന്റെ മുകളിലൂടെയും ഉരുളുകയാണ്.

മുസ്ലിം പേരുകളിലുള്ളതെല്ലാം മുഗളന്മാരുടേതെന്ന തരത്തിൽ ചിത്രീകരിക്കുകയും മുഗളന്മാർ പ്രാകൃതയുഗത്തിലെ കൊള്ളക്കാരെന്ന് വരുത്തുകയും ചെയ്യുക വഴി ഭാരതീയ ചരിത്രത്തിലേക്ക് നുഴഞ്ഞുകയറിയവരാണ് മുസ്ലിങ്ങളെന്ന് വരുത്തുകയാണ് ഇത്തരം പ്രചാരകരുടെ ലക്ഷ്യമെന്ന് തിരിച്ചറിയുന്നവർ രാജ്യത്തിന്റെ പോക്കിൽ ഭയവിഹ്വലരായി നിലകൊള്ളുന്നു. ഹുമയൂൺ മുതലിങ്ങോട്ട് രാജ്യം ഭരിച്ചിട്ടുള്ള മുഗളന്മാർ ആർ.എസ്.എസ് പറയുന്ന അഖണ്ഡഭാരതത്തിൽ തന്നെ ജനിച്ചുവളർന്നവരാണെന്ന കാര്യം പോലും സൗകര്യപൂർവം വിസ്മരിക്കപ്പെടുന്നു. ന്യൂനപക്ഷജനത, ഭൂരിപക്ഷജനതയുടെ ഔദാര്യത്തിൽ അവകാശമോ അധികാരമോ ഇല്ലാതെ കഴിഞ്ഞുകൊള്ളണമെന്ന പരോക്ഷമായ താക്കീതാണ് നൽകപ്പെടുന്നത്. ഹിന്ദുക്കളല്ലാത്തവരെല്ലാം വിദേശികളാണെന്ന് മുദ്രകുത്തി അകറ്റുകയെന്ന തന്ത്രമാണ് പേരുമാറ്റൽ വിവാദത്തിലൂടെയും സംഘപരിവാർ ലക്ഷ്യമിടുന്നത്.

ഭയചകിതമായ അന്തരീക്ഷത്തിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ വളരുന്ന അരക്ഷിതബോധം ഏതുതലത്തിൽ പ്രതിഫലിക്കുമെന്ന് പ്രവചിക്കുക വയ്യ. ഈ അരക്ഷിതബോധം മുതലെടുത്ത് മതതീവ്രവാദശക്തികൾ വിളവെടുപ്പിന് ശ്രമിക്കും. ലോകമെങ്ങും, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലും മറ്റും ഇസ്ലാമിക തീവ്രവാദശക്തികൾ അരങ്ങുതകർക്കുന്ന അന്തരീക്ഷത്തിൽ, അതിലേക്ക് പാലമിട്ട് നൽകാൻ അത്തരം ശക്തികൾക്ക് നമ്മുടെ രാജ്യത്തും അവസരമൊരുക്കിക്കൊടുക്കുന്ന രീതികൾ അവസാനിച്ചാലല്ലാതെ, പുകയുന്ന വിദ്വേഷാന്തരീക്ഷം ശമിക്കില്ല.

കേരളത്തിലും നാം അത്തരമൊരവസരം സൃഷ്ടിച്ച് കൊടുക്കാതിരിക്കാൻ ഇനിയങ്ങോട്ടുള്ള കാലത്തെങ്കിലും ജാഗരൂകരാകേണ്ടതുണ്ട്. രാഷ്ട്രീയനേതൃത്വങ്ങൾ ഈ വിഷയത്തിൽ മാതൃകാപരമായി ഇടപെട്ടേ മതിയാവൂ. സോഷ്യൽ എൻജിനിയറിംഗ് എന്നത് ആ അർത്ഥത്തിൽ ആരോഗ്യകരമായിത്തീരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, CHEKUTHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.