SignIn
Kerala Kaumudi Online
Saturday, 20 April 2024 4.38 AM IST

അഴകിന്റെ മാലകൾ

idava-basheer

വർഷങ്ങൾക്കു മുമ്പാണ്.

മദ്രാസിൽ നിന്നുവന്ന ഒരു കത്ത് , ഗായകൻ ഇടവ ബഷീർ പല ആവർത്തി വായിച്ചു. ചിരിക്കണോ കരയണോ എന്നറിയാതെ ബഷീർ ചിന്തിച്ചിരുന്നു പോയി.. എന്ത് ചെയ്യണമെന്ന് പലവട്ടം ആലോചിച്ചു. സംഗീത ചക്രവർത്തി ജി.ദേവരാജൻ മാസ്റ്ററുടെ കത്തായിരുന്നു അത്. കത്ത് കിട്ടിയാലുടൻ താൻ സംഗീത സംവിധാനം നിർവഹിക്കുന്ന അടുത്ത സിനിമയിൽ പാടാനായി മദ്രാസിലെത്തണമെന്നായിരുന്നു ഉള്ളടക്കം. ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ സിനിമയിൽ പാടാൻ അവസരം ലഭിക്കുകയെന്നത് ഏതൊരു യുവഗായകന്റെയും എന്നത്തേയും സ്വപ്നമാണല്ലോ. ഒരിക്കൽ മദ്രാസിൽവച്ച് ദേവരാജൻ മാസ്റ്ററെ കണ്ടപ്പോൾ, തന്നെ പരിഗണിക്കണമെന്ന് മാസ്റ്ററോട് ബഷീർ പറയുകയുംചെയ്തിരുന്നു. ഇപ്പോൾ ആ സുവർണനിമിഷം കരഗതമാവാൻ പോവുകയാണ്. ബഷീർ തന്റെ ഗാനമേളകളുടെ തീയതിയും സമയവും കുറിച്ചുവയ്ക്കുന്ന പ്രോഗ്രാം ഡയറി എടുത്തു പേജുകൾ മറിച്ചു. ആ ഉത്സവ സീസണിൽ ഒരു തീയതിയും ഒഴിവില്ല. ചില ദിവസങ്ങളിലാകട്ടെ ഒന്നിലധികം പരിപാടികളുമുണ്ട്. സംഘാടകർക്ക് വാക്ക് നൽകിയതാണ്. മാത്രമല്ല മിക്കതും കേരളത്തിലെ പലദിക്കുകളിലുമുള്ള ക്ഷേത്രങ്ങളിലുമാണ്. ഈ പരിപാടികളിൽ തന്നോടൊപ്പം പ്രവർത്തിക്കുന്ന കലാകാരന്മാരുമുണ്ട്. അവരെയെല്ലാം കഷ്ടത്തിലാക്കി തനിക്കുമാത്രമായി ഒരു സൗഭാഗ്യം വേണ്ടെന്ന് ബഷീർ തീരുമാനിച്ചു. മദ്രാസിൽ എത്തിച്ചേരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് മറുപടി അയച്ചു. തന്റെ കലാജീവിതത്തിന്റെ ഗതിമാറ്റുമായിരുന്ന ആ അവസരം വേണ്ടെന്നുവച്ചത് തെറ്റായിപ്പോയെന്ന് തിരിഞ്ഞുനോക്കുമ്പോൾ ബഷീറിലെ ഗായകൻ ചിന്തിച്ചിരിക്കാം. എന്നാൽ ബഷീറിലെ മനുഷ്യന് ഒരിക്കലും അങ്ങനെ കരുതാനാവില്ലായിരുന്നു. മറ്റുള്ളവരുടെ വേദനകളിൽ ദു:ഖിക്കുന്ന ബഷീറിന്, മനുഷ്യരെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ബഷീറിന്, യുവഗായകരെ പ്രോത്സാഹിപ്പിക്കാൻ തന്റെയൊപ്പം അവസരം നൽകുന്നതിൽ ഒരു മടിയും കാട്ടാത്ത ബഷീറിന് അങ്ങനെയേ തീരുമാനിക്കാൻ കഴിയുമായിരുന്നുള്ളൂ. മേയ് 22 ഞായാറാഴ്ച കൊല്ലത്ത് കടപ്പാക്കട സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേവരാജൻ അനുസ്മരണത്തിൽ പ്രസംഗിക്കവേ ഈക്കാര്യം ബഷീർ പറയുകയും ചെയ്തു. അതായിരുന്നു കൊല്ലത്ത് ബഷീർ പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങ്.

ഇന്നത്തെ തലമുറയിൽ എത്രപേർ ഇടവ ബഷീറിനെ അറിയുമെന്ന് പറയാനാവില്ല. ഗാനമേളയെന്നാൽ അതിന്റെ പര്യായം ഇടവ ബഷീർ എന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗാനമേളകളിലെ സൂപ്പർസ്റ്റാറായിരുന്നു ബഷീർ. ആരാധനാലയങ്ങളിലെ പരിപാടികളിൽ മാത്രമല്ല ഏത് പരിപാടിയിലായാലും ഗാനമേളയുണ്ടെങ്കിൽ സംഘാടകർ ആദ്യം നോക്കിയിരുന്നത് ഇടവ ബഷീറിന് ഡേറ്റുണ്ടോ എന്നായിരുന്നു. ബഷീറിന് സമയമില്ലെങ്കിൽ മാത്രമേ പ്രശസ്തരായ പിന്നണി ഗായകരെപ്പോലും അന്ന് പരിഗണിച്ചിരുന്നുള്ളൂ. ആയിരക്കണക്കിന് വേദികളിൽ ബഷീർ പാടി.

ഇതെഴുതുന്നയാൾ ആദ്യമായി നേരിൽക്കണ്ട പിന്നണി ഗായകൻ ഇടവ ബഷീറായിരുന്നു. കൊല്ലത്ത് കടപ്പാക്കടയിലൂടെ സ്‌കൂട്ടറോടിച്ച് പോകുന്ന ആ പാട്ടുകാരനെ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട് . ശശികുമാർ സംവിധാനം ചെയ്ത് 1978 ൽ റിലീസ് ചെയ്ത ' മുക്കുവനെ സ്നേഹിച്ച ഭൂതം' എന്ന സിനിമയിൽ കെ.ജെ.ജോയ് എന്ന സംഗീത സംവിധായകന്റെ സംഗീതത്തിൽ വാണിജയറാമിനൊപ്പം ബഷീർ പാടിയ യുഗ്മഗാനം പുറത്തിറങ്ങിയ കാലമായിരുന്നു അത്. സിനിമയിൽ പാടിയെങ്കിലും അതിന്റേതായ ജാടയോ തലക്കനമോ ഒരിക്കലും ബഷീറിനെ തൊട്ടുതീണ്ടിയിരുന്നില്ല. 'ആഴിത്തിരമാലകൾ , അഴകിന്റെ മാലകൾ ' എന്നു തുടങ്ങുന്ന ആ ഗാനം ബഷീർ ഗാനമേളകളിൽ പാടുന്നത് പലവട്ടം നേരിൽക്കണ്ട് ആസ്വദിച്ചിട്ടുണ്ട്.

ദേവരാജൻ മാസ്റ്റർ നീട്ടിയ അവസരം നഷ്ടമായെങ്കിലും ബഷീർ മനസുവച്ചിരുന്നെങ്കിൽ സിനിമയിൽ കൂടുതലവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ഗാനമേളകളിൽ പാടി ജനമനസുകളിൽ അലിഞ്ഞു ചേരാനായിരുന്നു ബഷീറിന് കൂടുതലിഷ്ടം. ബഷീറിന്റെ ഗാനമേളകൾ ഉണ്ടെങ്കിൽ അവിടെ ജനം തിക്കിത്തിരക്കിയെത്തുമായിരുന്നു. ഏറ്റവും ആധുനിക സംഗീതോപകരണങ്ങൾ ഗാനമേളകളിൽ ആദ്യമായി അവതരിപ്പിച്ചതും ബഷീറായിരുന്നു. ജോൺസണും ഒൗസേപ്പച്ചനുമൊക്കെ ബഷീറിന്റെ പാട്ടിന് അകമ്പടിയേകിയിട്ടുണ്ട്. ശാസ്ത്രീയസംഗീതം അഭ്യസിച്ച ബഷീറിന് നല്ല സംഗീത ജ്ഞാനവുമുണ്ടായിരുന്നു.

ആകാശരൂപിണി അന്നപൂർണേശ്വരി എന്ന പാട്ടുപാടിയാണ് ക്ഷേത്രമൈതാനങ്ങളിലെ ബഷീറിന്റെ ഗാനമേള തുടങ്ങിയിരുന്നത്. ഇടയകന്യകെ പോവുക നീ...,ആയിരം കാതം അകലെയാണെങ്കിലും എന്നീ പാട്ടുകളും സന്ദർഭോചിതമായി ആദ്യഗാനമായി ആലപിച്ചിരുന്നു. എന്നാൽ ബഷീർ ഗാനമേളകളിലെ ഹൈലൈറ്റായിരുന്ന ഗാനങ്ങളിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കേതൻ ആനന്ദ് സംവിധാനം ചെയ്ത ടൂട്ടെ ഖിലോണെ എന്ന സിനിമയിൽ ബാപ്പി ലാഹ് രി സംഗീതം പകർന്ന് യേശുദാസ് പാടിയ 'മാനാഹോ തും' എന്നു തുടങ്ങുന്ന ഹിന്ദി ഗാനവും രാജഹംസം എന്ന സിനിമയിൽ യേശുദാസ് പാടിയ സന്യാസിനി എന്നുതുടങ്ങുന്ന ഗാനവുമായിരുന്നു. കൊല്ലത്ത് ഒരു ക്ഷേത്രോത്സവത്തിൽ ബഷീർ സന്യാസിനി പാടുമ്പോൾ വീണ്ടും വീണ്ടും എന്ന് ആർത്തുവിളിച്ച ശ്രോതാക്കളെ കണ്ടിട്ടുണ്ട്. ഒരുപക്ഷേ ആ വിരഹഗാനം സിനിമയിൽ പാടിയ യേശുദാസിനേക്കാളും പൊതുവേദിയിൽ കൂടുതൽ ആലപിച്ചത് ബഷീറായിരിക്കും. മദ്രാസിൽ ഈ ഗാനം റെക്കോഡ് ചെയ്യുമ്പോൾ യേശുദാസ് ബഷീറിനെയും കൂട്ടിയിരുന്നു. റെക്കോഡിംഗ് വേളയിൽ ആ പാട്ടെഴുതിയെടുത്ത ബഷീർ ചിത്രം പുറത്തിറങ്ങുന്നതിനുമുമ്പ് തന്റെ ഗാനമേളകളിലൂടെ അവതരിപ്പിച്ചതും ചരിത്രം.

കലാസപര്യയിൽ ഏർപ്പെടുമ്പോൾ മരണം വരിക്കണമെന്ന് ആഗ്രഹിക്കാത്ത കലാകാരന്മാരില്ല. പക്ഷേ അങ്ങനെയൊരു മരണം ലഭിക്കണമെങ്കിൽ ആ കലാകാരൻ കലാഉപാസകൻ എന്നതിനൊപ്പം നല്ല ഹൃദയത്തിന്റെ ഉടമയുമായിരിക്കണം. ബഷീർ ആലപ്പുഴ പാതിരപ്പള്ളിയിലെ കൺവൻഷൻ സെന്ററിൽ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ അമ്പതാം വാർഷിക വേളയിൽ തനിക്കേറ്റവും പ്രിയപ്പെട്ട മാനാഹോ തും എന്ന ഹിന്ദിഗാനം ആലപിക്കുകയായിരുന്നു. മരണം ആ മനുഷ്യനോടുള്ള ആദരവിനാൽ പാട്ടുപാടി തീരുന്നതുവരെ കാത്തുനിന്നു. പാടിത്തീർന്നതും ബഷീർ വീണു. രാത്രി പകലിനോടെന്ന പോലെ യാത്ര പറഞ്ഞ് , സുന്ദരമായ മരണത്തെ വരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, IDAVA BASHEER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.