കൊൽക്കത്ത: കൊൽക്കത്തയിൽ മറ്റൊരു യുവമോഡലിനെ കൂടെ മരിച്ച നിലയിൽ കണ്ടെത്തി. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സരസ്വതി ദാസിനെയാണ് (18) കസ്ബ ബെദിയദംഗയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിൽ രണ്ടാഴ്ചയ്ക്കിടെ മരിക്കുന്ന നാലാമത്തെ മോഡലാണിത്.
ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ച സരസ്വതി ദാസിന് കൂടുതൽ ഓഫറുകൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മരണമെന്ന് പൊലീസ് പറഞ്ഞു. സ്വന്തം മുറിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ അന്വേഷിച്ച് ചെന്ന മുത്തശ്ശിയാണ് സരസ്വതിയെ തൂങ്ങിയ നിലയിൽ കണ്ടത്. കത്തി ഉപയോഗിച്ച് ഉടൻ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ച മഞ്ജുഷ നിയോഗി, ബിദിഷാ ഡേ മഞ്ജുംദാർ, പല്ലബി ഡേ എന്നീ മോഡലുകളുടെ മരണവുമായി സരസ്വതി ദാസിന്റെ മരണത്തിന് എന്തെങ്കിലും ബന്ധമണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |