SignIn
Kerala Kaumudi Online
Friday, 19 April 2024 2.45 AM IST

പ്രശ്നരഹിതമാകട്ടെ പുതിയ അദ്ധ്യയനവർഷം

photo
ഫോട്ടോ

രണ്ടുവർഷത്തെ നിർബന്ധിത അടച്ചിരിപ്പിനുശേഷം സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യയനവർഷം തുടങ്ങുകയാണ്. പതിവനുസരിച്ച് കാലവർഷവും ഒപ്പമുണ്ട്. പുതിയ സ്കൂൾവർഷം പരമാവധി ക്ളേശരഹിതമാക്കാൻ വിദ്യാഭ്യാസവകുപ്പും സർക്കാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കൊവിഡ് മഹാമാരി പൂർണമായും വിട്ടുപോകാത്ത സാഹചര്യത്തിൽ വളരെ കരുതലോടെയാണ് എല്ലാം ഒരുക്കങ്ങളും. അഞ്ചിനും പതിനഞ്ചിനുമിടയ്ക്കുള്ള നാല്പത്തിയഞ്ചുലക്ഷത്തോളം കുട്ടികൾ ഒന്നിച്ച് വിദ്യാലയങ്ങളിലെത്തുമ്പോൾ സ്കൂൾ അധികൃതർക്ക് അതൊരു വെല്ലുവിളി തന്നെയാകും. കുട്ടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കേണ്ടത് അദ്ധ്യാപകരാണ്.

പൊതുവിദ്യാലയങ്ങളിൽ ഉത്സവാന്തരീക്ഷത്തിലാണ് അദ്ധ്യയന വർഷാരംഭം. ഒരാഴ്ചയായി അതിനുള്ള ഒരുക്കങ്ങളിലാണ് അദ്ധ്യാപകരും രക്ഷാകർതൃസമിതികളും . ഭൗതിക സൗകര്യങ്ങളും പഠന നിലവാരവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ചേരാൻ കൂടുതൽ കുട്ടികളെത്തുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. പത്തുലക്ഷത്തോളം കുട്ടികൾ സ്വാശ്രയസ്‌കൂളുകൾ വിട്ട് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറയുകയുണ്ടായി. തീർച്ചയായും ഇതു നല്ല ലക്ഷണമാണ്. അതേസമയം തന്നെ പൊതുവിദ്യാലയങ്ങൾ നേരിടുന്ന അദ്ധ്യാപകക്ഷാമത്തിനു കൂടി സത്വരപരിഹാരം ഉറപ്പാക്കേണ്ടതായിരുന്നു. ആയിരക്കണക്കിന് അദ്ധ്യാപകരുടെ കുറവുമായിട്ടാണ് സ്കൂൾവർഷം തുടങ്ങുന്നത്. ഇത് അപ്രതീക്ഷിതമല്ല. ഒഴിവുകൾ മുൻകൂട്ടിക്കണ്ട് വേനലവധിക്കുതന്നെ സ്ഥിരനിയമനത്തിനോ സാദ്ധ്യമായില്ലെങ്കിൽ താത്‌‌കാലിക ഏർപ്പാടുകൾ ചെയ്യാനോ കഴിയേണ്ടതായിരുന്നു. കുട്ടികളുടെ വ്യാജ കണക്കുണ്ടാക്കി നിയമനങ്ങൾ തരപ്പെടുത്തുന്ന സ്വകാര്യ സ്കൂളുകൾക്കു പൂട്ടിടാൻ സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഖജനാവ് ചോർച്ച തടയാനുള്ള ശ്രമമാണിതെങ്കിലും അദ്ധ്യയനത്തിനു മുടക്കം വരാത്ത തരത്തിൽ ക്ളാസുകളിൽ അദ്ധ്യാപകരുണ്ടെന്ന് ഉറപ്പാക്കുകകൂടി വേണം. താത്‌കാലിക നിയമനങ്ങളിലൂടെയെങ്കിലും അദ്ധ്യാപക ഒഴിവുകൾ നികത്താൻ കാലവിളംബമുണ്ടാകരുത്.

കുട്ടികൾക്ക് അപകടമുണ്ടാക്കുന്ന യാതൊന്നും സ്കൂൾ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ ഉണ്ടാകരുതെന്ന് നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. മഴക്കാലം കൂടിയായതിനാൽ സ്കൂൾ പരിസരങ്ങൾ ഏറ്റവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കണം. പൊതുവിദ്യാലയങ്ങൾ ഈ വിഷയത്തിൽ പൊതുവേ കാണിക്കുന്ന അവഗണനയും ഉത്തരവാദിത്വരാഹിത്യവും ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആപത്താവും.

കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളിൽ കയറ്റാവുന്ന കുട്ടികളുടെ സംഖ്യ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങൾക്ക് കർക്കശമായ മാർഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. അതു പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പൊലീസിനെയും നിയോഗിക്കുമെന്നാണു കേട്ടത്. സംഘർഷരഹിതമായ രീതിയിലാകണം ഇതൊക്കെ നടപ്പിലാക്കാൻ. പരിശോധനയ്ക്കിറങ്ങുന്നവരും വാഹനഉടമകളും തമ്മിലുള്ള ഉരസൽ പലപ്പോഴും വിനയായിത്തീരുന്നത് അവയിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും.

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ പൊലീസും എക്‌സൈസും പ്രത്യേക ഡ്രൈവ് നടത്തണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗം ഏറ്റവും അപകടകരമായ നിലയിലേക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെല്ലായിടത്തും ഈ സ്ഥിതിവിശേഷമുണ്ട്. സ്കൂൾ പരിസരങ്ങളിൽ ലഹരിപദാർത്ഥങ്ങളുടെ വില്പനയ്ക്കു കർക്കശ നിരോധനമുണ്ടെങ്കിലും രഹസ്യവില്പന തകൃതിയായി നടക്കാറുണ്ട്. ഒരു തലമുറയെത്തന്നെ നാശത്തിലേക്കു നയിക്കുന്ന ലഹരിക്കച്ചവടം കണ്ടുപിടിച്ചു തടയാനായില്ലെങ്കിൽ പല കുടുംബങ്ങളും നാശത്തിൽ പതിക്കും.

ലഹരിക്കച്ചവടം നടക്കുന്ന വില്പനകേന്ദ്രങ്ങളെക്കുറിച്ചു സൂചന ലഭിച്ചാൽ അക്കാര്യം നിയമപാലകരെ അറിയിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന 263 വിദ്യാർത്ഥികളുണ്ടെന്ന് കണ്ടെത്തിയെന്നാണു റിപ്പോർട്ട്. ഉത്‌കണ്ഠാജനകമായ കാര്യമാണിതെന്ന് പറയേണ്ടതില്ല. മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമാകാനിടയില്ല. നിയമപാലകരും സ്‌കൂൾ അധികൃതരും രക്ഷാകർത്താക്കളുമൊക്കെ എത്രമാത്രം ജാഗ്രത പാലിക്കണമെന്ന് ബോദ്ധ്യപ്പെടുത്തുന്ന കണക്കാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW EDUCATION, SCHOOL YEAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.