SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.48 AM IST

സ്വകാര്യ സർവകലാശാല വരുമ്പോൾ

medi

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമാണ്. അതു ലഭിക്കാതെ സർവകലാശാല തുടങ്ങാൻ യു.ജി.സി അനുമതി നൽകില്ല. വർഷങ്ങൾക്ക് മുമ്പ് നിരവധി പ്രൊഫഷണൽ സ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകിയപ്പോൾ അമ്പതുശതമാനം സീറ്റ് സർക്കാരിന് വിട്ടുനൽകാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ രണ്ട് സ്വാശ്രയ കോളേജുകൾ സമം ഒരു സർക്കാർ കോളേജ് എന്ന് അന്നത്തെ മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാൽ അനുഭവത്തിൽ അതല്ല നടന്നത്. വാഗ്ദാനം പാലിക്കാൻ ചിലർ തയ്യാറായില്ല. എല്ലാവർഷവും കേസും വഴക്കും പതിവായി. അന്ന് തുടങ്ങിയ പല സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രത്യേകിച്ചും എൻജിനിയറിംഗ് കോളേജുകൾ പഠനനിലവാരത്തിൽ വളരെ പിന്നാക്കം പോവുകയും കുട്ടികളെ കിട്ടാതെ പൂട്ടുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് യാതൊരു മുൻപരിചയമില്ലാത്തവരും സമ്പത്തിന്റെ ബലത്തിൽ കോളേജുകൾ തുടങ്ങിയതും തിരിച്ചടിയായി. അതിനാൽ വ്യക്തമായ നിയമവും ചട്ടങ്ങളും നിർമ്മിച്ച് കരാറിൽ ഒപ്പിടാതെ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയാൽ ഗുണത്തെക്കാളേറെ ദോഷമാവും. അതിനാൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ വ്യക്തമായ നിബന്ധനകൾ മുന്നോട്ടുവയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സംവരണവും മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കിയാലേ സ്വകാര്യ സർവകലാശാലകൾ അനുവദിക്കൂ എന്ന സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യാതിരിക്കാനാവില്ല. നിശ്ചിതശതമാനം സീറ്റുകൾ സർക്കാരുമായി പങ്കുവയ്ക്കണമെന്നും സമർത്ഥരായ നിർദ്ധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകണമെന്നും സർക്കാർ നിഷ്‌കർഷിക്കുന്നു. ഇതുസംബന്ധിച്ച് വ്യക്തതയുള്ള കരാർ തുടക്കത്തിൽത്തന്നെ ഉണ്ടായാൽ പിന്നീട് പിന്നാക്കം പോകാൻ സ്വകാര്യ സർവകലാശാലകൾക്ക് കഴിയില്ല. സ്വകാര്യ സർവകലാശാലകൾ വരുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം മെഡിക്കൽ പഠനത്തിനും മറ്റുമായി കേരളത്തിൽനിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോകുന്നത്. മലയാളി വിദ്യാർത്ഥികൾ അമ്പതോളം രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. മെഡിക്കൽ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങൾ കേരളത്തിൽ വന്നാൽ പഠനത്തിനായി കുട്ടികളുടെ ദേശാടനം ഒരു പരിധിവരെ ഒഴിവാക്കാനാവും. ഇതൊരു വലിയ നിക്ഷേപ സാദ്ധ്യതയുമാണ്. ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാൻ തുടക്കത്തിൽത്തന്നെ കുറഞ്ഞത് ആയിരം കോടിയെങ്കിലും ചെലവഴിക്കേണ്ടിവരും. ഇതിൽ സർക്കാരിന് ഒരു പൈസ പോലും നൽകേണ്ടിവരില്ല. സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ എണ്ണം ഏതാണ്ട് 27 ലക്ഷത്തോളം വരും. ഇവർക്കെല്ലാം സർക്കാർ തന്നെ പണം നിക്ഷേപിച്ച് സ്ഥാപനങ്ങൾ തുടങ്ങി തൊഴിൽ നൽകുക അസാദ്ധ്യമാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ നിന്ന് ഇത്തരം നിക്ഷേപങ്ങൾ വരുന്നത് നിരവധി തദ്ദേശീയർക്ക് തൊഴിൽ ലഭിക്കാനും അനുബന്ധ തൊഴിൽ മേഖലകൾ കണ്ടെത്താനും ഇടയാക്കും. ഇരുപതു വർഷമായി വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ അപേക്ഷിക്കാനാവൂ എന്ന് വ്യവസ്ഥയുണ്ട്. 3.26 നാക് ഗ്രേഡ് ലഭിച്ചിരിക്കുകയും വേണം. സ്വകാര്യ മേഖലയിൽ തമിഴ്‌നാട്ടിൽ മുപ്പത്തഞ്ചും കർണാടകയിൽ മുപ്പതും മെഡിക്കൽ കോളേജുകൾ ഇപ്പോഴുണ്ട്. വ്യക്തമായ നിയമങ്ങളുടെയും കരാറുകളുടെയും പുറത്ത് സ്വകാര്യ സർവകലാശാലകൾ വന്നാൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ തന്നെ മാറാതിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE UNIVERSITIES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.