SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.49 PM IST

വെടിയേൽക്കുമോ കാട്ടുപന്നിക്ക് ?

wild

കാട്ടാന കഴിഞ്ഞാൽ വ്യാപകമായി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളാണ് കർഷകരുടെ പ്രധാന ശത്രു. സംസ്ഥാനത്ത് കാട്ടുപന്നികളുടെ പ്രധാന ഹോട്‌സ്‌പോട്ടാണ് ഇടുക്കി ജില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ് സ്‌പോട്ടുകളുടെ പട്ടികയിൽ ജില്ലയിലെ 68 ശതമാനം വില്ലേജുകളും ഉൾപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ 46 വില്ലേജുകളാണ് ഇടുക്കിയിലുള്ളത്. ഉടുമ്പൻചോല താലൂക്കിലാണ് കൂടുതൽ വില്ലേജുകൾ.

എല്ലാ ജീവികളുടെയും എണ്ണം നിയന്ത്രിക്കാൻ പ്രകൃതിതന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. പന്നി തന്നെ ഉദാഹരണം. ഒറ്റപ്രസവത്തിൽ നിരവധി കുഞ്ഞുങ്ങളുണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കുന്നതു കൊണ്ട് സ്വാഭാവികമായും എണ്ണംകൂടും. പെരുമ്പാമ്പുകൾ ഉൾപ്പെടെ പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ജീവികൾ പലതുമുണ്ട്. പ്രകൃതിയിൽത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാട് കുറഞ്ഞപ്പോൾ ഇത്തരം ജീവികൾ ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാരശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വർദ്ധിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അധികാരം നൽകിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. പന്നിയെ കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻ/സെക്രട്ടറിമാർക്ക് നൽകി അവരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി നിയമിച്ചുള്ള ഉത്തരവാണ് കഴിഞ്ഞ ആഴ്ച ഇറങ്ങിയത്. നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്കായിരുന്നു അധികാരം. ഇത് മാറ്റിയ ഉത്തരവാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്. പ്രദേശത്ത് തോക്ക് ലൈസൻസുള്ളവർക്കും പൊലീസുകാർക്കും പന്നിയെ വെടിവയ്‌ക്കാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കേണ്ട. കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം. എന്നാൽ വിഷപ്രയോഗമോ, വൈദ്യുതാഘാതം ഏൽപ്പിക്കാനോ പാടില്ല. പന്നികളെ കൊന്നശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇത് ഉറപ്പുവരുത്തണം.

തോക്ക് ലൈസൻസുള്ളവരുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം. ഇതിലുള്ള പ്രായോഗികമല്ലാത്ത വ്യവസ്ഥകളാണ് പഞ്ചായത്ത് അധികാരികളെ ആശങ്കയിലാക്കുന്നത്. കാട്ടുപന്നി ശല്യമുണ്ടാക്കുന്ന മേഖലയിൽ മാത്രമായിരിക്കും വെടിവയ്ക്കാനുള്ള അധികാര പരിധിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ കൃഷിക്കും മനുഷ്യർക്കും ശല്യക്കാരായ കാട്ടുപന്നികളെ കണ്ടാൽ വെടിവയ്ക്കാൻ അനുമതി ലഭിച്ച് നടപടിയിലേക്ക് കടക്കുമ്പോഴേക്കും പന്നികൾ അതിർത്തി കടക്കും. അടുത്ത വാർഡിൽ കാട്ടുപന്നികൾ എത്തിയാൽ പ്രസിഡന്റിനും സെക്രട്ടറിക്കും അത് ബോദ്ധ്യപ്പെടണം. അതിർത്തികടന്ന് അടുത്ത പഞ്ചായത്തിലാണ് കാട്ടുപന്നി എത്തുന്നതെങ്കിൽ ആ പഞ്ചാത്തിലെ പ്രസിഡന്റും സെക്രട്ടറിയും അനുമതി നൽകണം. ശല്യക്കാരായ കട്ടുപന്നികളെ കാണുന്ന സ്ഥലത്ത് വെടിവച്ചിടാൻ അനുമതി നൽകിയാലേ സർക്കാർ തീരുമാനം കൊണ്ടു പ്രയോജനമുണ്ടാകൂവെന്നാണ് കർഷകർ പറയുന്നത്. വെടിവയ്ക്കാൻ അനുമതി ലഭിച്ച് നടപടികളിലേക്ക് കടക്കുമ്പോൾ കാട്ടുപന്നി തങ്ങുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന് ചിലപ്പോൾ പൊലീസ് ഇടപെടൽ വരെ വേണ്ടിവന്നേക്കും. കാട്ടുപന്നികളെ വെടിവച്ചിടുന്നതിന് ആയിരം രൂപയാണ് വനംവകുപ്പ് പ്രതിഫലം നൽകുന്നത്. ഇതുപോരെന്നാണ് തോക്ക് ലൈസൻസുള്ളവർ പറയുന്നത്. പന്നി ഒരു സ്ഥലത്തുനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. വെടിവയ്ക്കാൻ ചെല്ലുമ്പോൾ സ്ഥലത്ത് പന്നിയെ കാണണമെന്നില്ല. പല ദിവസം യാത്ര ചെയ്യേണ്ടിവരും. ഇതിന് വാഹനത്തിന്റെ ഇന്ധനചെലവ് ആയിരം കൊണ്ട് തികയില്ല. തോട്ട കൂടുതലെണ്ണം വേണ്ടിവരും. ഒരു തോട്ടയ്ക്ക് 200 രൂപയാണ് വില. ഒരു തവണ വെടിവയ്ക്കുമ്പോൾ കൊള്ളണമെന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരിൽ മാത്രം നിഷിപ്തമായിരുന്ന അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുകൂടി വീതിച്ചുനൽകി സർക്കാർ തലയൂരിയെന്നല്ലാതെ പുതിയ ഉത്തരവുകൊണ്ട് പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം വിഷം, വൈദ്യുതഷോക്ക്, സ്‌ഫോടകവസ്തു എന്നിവയൊഴികെ മറ്റ് രീതിയിൽവേണം പന്നികളെ കൊല്ലാൻ. കൊന്നപന്നിയുടെ മാംസം ഭക്ഷണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ വിഷപ്രയോഗത്തിലൂടെ കൊല്ലുന്നതിൽ എന്താണ് കുഴപ്പമെന്നാണ് കർഷകർ ചോദിക്കുന്നത്.

ലൈസൻസുള്ള തോക്കുള്ളയാൾക്കേ വെടിവയ്ക്കാനാകൂ. നാട്ടിൽ തോക്ക് ലൈസൻസുള്ളവർ ഇല്ലെങ്കിൽ പകരം എന്തുചെയ്യണമെന്നത് ഉത്തരവിൽ വ്യക്തമല്ല.

രണ്ടുവർഷംകൊണ്ട്

കൊന്നത് നൂറിലധികം

കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി വനംവകുപ്പിന് നൽകിക്കൊണ്ട് ആദ്യത്തെ ഉത്തരവിറങ്ങി രണ്ട് വർഷമായെങ്കിലും ശല്യക്കാരായ കാട്ടുപന്നികളെല്ലാം പലവഴിക്ക് രക്ഷപ്പെടുകയായിരുന്നു ഇതുവരെ. 2020 മേയിലാണ് കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചുകൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങുന്നത്. ആറ് മാസമായിരുന്നു ഉത്തരവിന്റെ കാലാവധി. പക്ഷേ, നിയമത്തിലെ സങ്കീർണമായ മാനദണ്ഡങ്ങൾ കാരണം ഒരു കാട്ടുപന്നിയെ പോലും വെടിവച്ചുകൊല്ലാനായില്ല. പിന്നീട് ഉത്തരവിന്റെ സമയപരിധി നീട്ടി. ഇതിനുശേഷം ജില്ലയിൽ കൊന്നത് 107 കാട്ടുപന്നികളെയാണ്. മൂന്നാർ ഡിവിഷനു കീഴിൽ മാത്രം 56 കാട്ടുപന്നികളെ കൊന്നു. കോട്ടയം ഡിവിഷന് കീഴിലുള്ള കുമളി, അയ്യപ്പൻകോവിൽ റേഞ്ചുകളിൽ 46 കാട്ടുപന്നികളെയും വകവരുത്തി. കോതമംഗലം ഡിവിഷന് കീഴിലെ തൊടുപുഴയിൽ മൂന്നും മാങ്കുളം ഡിവിഷനു കീഴിൽ രണ്ടും കാട്ടുപന്നികളെ കൊന്നു. നേരത്തെ 2020 ഡിസംബറിൽ കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നാഷണൽ വൈൽഡ് ലൈഫ് ബോർഡും നിർദേശിച്ചിരുന്നു. എന്നാൽ അന്ന് വനംവകുപ്പ് ഈ നിർദേശം അവഗണിച്ചു. ഇപ്പോൾ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വിവിധ കർഷക സംഘടനകളും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതോടെയാണ് വനംവകുപ്പ് പുതിയ നിർദേശം മുന്നോട്ടു വച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രണ്ട് വർഷത്തിനിടെ കേന്ദ്ര സർക്കാരിന് മൂന്ന് തവണ അപേക്ഷ നൽകിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. എന്നാൽ മനുഷ്യജീവന് അപകടമുണ്ടാക്കുകയും കൃഷിക്ക് നാശം വരുത്തുകയും ചെയ്യുന്ന വന്യജീവികളെ അതത് സംസ്ഥാനങ്ങളുടെ വൈൽഡ് ലൈഫ് വാർഡൻമാർക്ക് ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് അവയെ നായാടാനുള്ള അനുമതി നൽകിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേദ്ര യാദവ് പറഞ്ഞു. ഇതിനുള്ള മാർഗനിർദേശങ്ങൾ കേരള സർക്കാരിന് നൽകി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിന്റെ ശൂന്യവേളയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD BOAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.