പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം കടുവ ജൂൺ 30ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി തീരുമാനിച്ചിരുന്നതാണ്. കുറുവാച്ചൻ എന്ന കോട്ടയം അച്ചായനായി പൃഥ്വിരാജ് എത്തുന്നു. വിവേക് ഒബ്റോയ് ആണ് പ്രതിനായകൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനുശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ.
പ്രിയങ്ക നായർ വിവേക് ഒബ്റോയ് യുടെ ഭാര്യവേഷത്തിൽ എത്തുന്നു. സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ,രാഹുൽ മാധവ്, ജനാർദ്ദനൻ, റീനു മാത്യൂസ്, മീനാക്ഷി എന്നിവരാണ് മറ്റു താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നു നിർമ്മിക്കുന്ന കടുവയുടെ രചന ജിനു വി. എബ്രഹാം നിർവഹിക്കുന്നു. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം . ജേക്സ് ബിജോയ് ആണ് സംഗീതം. ഒൻപതു വർഷത്തിനുശേഷം ഷാജി കൈലാസ് മലയാളത്തിലേക്ക് മടങ്ങിവരികയാണ്. 2012ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013ൽ റിലീസ് ചെയ്ത ജയറാം ചിത്രം ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |