SignIn
Kerala Kaumudi Online
Thursday, 25 April 2024 3.18 PM IST

ഇ - കുതിപ്പിനൊരുങ്ങി പാലക്കാട്

photo

അടിക്കടിയുള്ള ഇന്ധന വിലക്കയറ്റം ജനത്തിന്റെ നടുവൊടിച്ചതോടെ പാലക്കാട്ടുകാർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഗിയർ ഷിഫ്റ്റ് ചെയ്യുകയാണ്. നിരത്തുകളിൽ ഇ - കാർ, ഇ- സ്‌കൂട്ടർ, ഇ- റിക്ഷകൾ എന്നിവ കൂടുതലായി സർവീസ് നടത്തുന്നു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് പാലക്കാട് ജില്ലയിൽ ആയിരത്തോളം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 150 ഓളം ഇലക്ട്രിക് ഓട്ടോകളാണ് നഗരങ്ങളിലും മറ്റുമായി സർവീസ് നടത്തുന്നത്. 'എനർജി', ചാർജിംഗ് സ്റ്റേഷനുകൾ വ്യാപകമാകുന്നതോടെ കൂടുതൽ ഇലക്ട്രിക് വാഹനം പാലക്കാട്ടെ നിരത്തുകൾ കൈയ്യടക്കുമെന്നാണ് പ്രതീക്ഷ.

91 ചാർജിംഗ്

സ്റ്റേഷനുകൾ സജ്ജം
ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി നാല് അതിവേഗ ചാർജിംഗ് സ്റ്റേഷനുകളും 87 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളും ഉൾപ്പടെ 91 ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. നെന്മാറ, വടക്കഞ്ചേരി, ഷൊർണൂർ, കൂറ്റനാട് എന്നിവിടങ്ങളിലാണ് നാലുചക്ര വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. വിവിധ പഞ്ചായത്തുകളിലായാണ് 87 പോൾ മൗണ്ടഡ് ചാർജിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വിലവർദ്ധന മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംസ്ഥാന - കേന്ദ്ര സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നത്. നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബി ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്താകെ നാലുചക്ര വാഹനങ്ങൾക്കായി 62 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഇരുചക്രവാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കുമായി എല്ലാ നിയോജക മണ്ഡലങ്ങളിലുമായി 1165 പോൾമൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി.എൽ പുതുതായി സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലയിൽ നാല് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 87 പോൾമൌണ്ടഡ് സ്റ്റേഷനുകളും ഉൾപ്പെടുന്ന അതിവിപുലമായ ശൃംഖലയാണ് നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നത്. ഇവ ഒരാഴ്ചക്കുള്ളിൽ പ്രവർത്തനമാരംഭിക്കും.

പോൾ മൗണ്ടഡ്

ചാർജിംഗ് സ്റ്റേഷനുകൾ

പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെന്ററുകളുടെ നിർമ്മാണ ചെലവ് 29.5 ലക്ഷം രൂപയാണ്. 'ചാർജ് മോഡ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകൾക്ക് ചാർജിംഗ് സ്റ്റേഷനുകളുടെ കൃത്യസ്ഥലം അറിയാനും ചാർജിംഗിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണിൽ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർജ് ചെയ്യുമ്പോൾ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അടച്ച് ടൂവിലറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇവിടെനിന്ന് ചാർജ് ചെയ്യാനാവും. ഒരു യൂണിറ്റ് ചാർജ് ചെയ്യാൻ 10 രൂപയാണ് നിരക്ക്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാർജിംഗ് ചെയ്യുക. അതിനനുസരിച്ച് ചാർജിങ് വ്യത്യസ്തമായിരിക്കും.

ഫാസ്റ്റ് ചാർജിംഗ് സെന്ററുകൾ

നാലുചക്രവാഹനങ്ങൾക്കുള്ള സ്റ്റേഷനുകളിൽ 10 കിലോവാട്ട് മുതൽ 60 കിലോവാട്ട് വരെ ശേഷിയുള്ള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപണിയിൽ ഇപ്പോഴുള്ളതും സമീപഭാവിയിൽ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാർജ്ജ് ചെയ്യാൻ ഈ സ്റ്റേഷനുകൾ പര്യാപ്തമാണ്. സ്റ്റേഷനുകൾ പ്രവർത്തിക്കാൻ ഓപ്പറേറ്ററുടെ ആവശ്യമില്ല. 15 മിനിറ്റുകൊണ്ട് കാറുകൾ ഫുൾ ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളിൽ യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴി പണമടയ്ക്കാനും അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷൻ അറിയാനും സാധിക്കും. നാലുചക്ര വാഹനങ്ങൾക്കുള്ള നാല് ചാർജ്ജിംഗ് സ്റ്റേഷനുകൾക്ക് 74.3 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ഒരേസമയം മൂന്ന്/ നാല് കാറുകൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. സ്റ്റേഷനുകളിലെല്ലാം റിഫ്രഷ്‌മെന്റ് സ്റ്റാൾ സ്ഥാപിക്കാനും സോളാർ റൂഫിംഗ് ചെയ്യാനുമുള്ള നടപടിയും സ്വീകരിച്ചുവരുന്നുണ്ട്.

ആദ്യ സ്റ്റേഷൻ

കാഞ്ഞിരപ്പുഴയിൽ

അനെർട്ടിന്റെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പുഴ ചാർജിങ് സ്റ്റേഷനാണ് ജില്ലയിൽ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്റ്റേഷൻ. മാത്രമാണു ജില്ലയിൽ പ്രവർത്തിക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഈ സ്റ്റേഷന് 142 കിലോവാട്ടാണ് ശേഷി. ഒരേസമയം ഒന്നിലധികം കാറുകൾക്ക് ചാർജ് ചെയ്യാം. അരമണിക്കൂർ മുതൽ 40 മിനിറ്റ് സമയം വരെയാണ് കാറുകൾ പൂർണമായും ചാർജ് ചെയ്യാനെടുക്കുന്ന സമയം. കാഞ്ഞിരപ്പുഴയിൽ പ്രതിദിനം എട്ടിലധികം കാറുകൾ എത്തുന്നുണ്ടെന്ന് അനെർട്ട് അധികൃതർ പറയുന്നു. ചാർജ് ചെയ്ത ശേഷം ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ ഉപഭോക്താക്കൾക്ക് തന്നെ പണവും അടയ്ക്കാം. ഒരു യൂണിറ്റിന് 15 രൂപയാണ് വില. ഒരു ഇലക്ട്രിക് കാർ പൂർണമായും ചാർജ് ആകാൻ ഇവിടെ 30 മുതൽ 40 യൂണിറ്റ് വരെ വൈദ്യുതി ആവശ്യമാണ്.

ഓട്ടോ, സ്‌കൂട്ടർ എന്നിവയ്ക്ക് യഥാക്രമം 8–15, 1.5–3 യൂണിറ്റ് എന്നിങ്ങനെയാണ്. ജില്ലയിലെ അനെർട്ടിന്റെ രണ്ടാമത്തെ സ്റ്റേഷൻ ഷൊർണൂർ കുളപ്പുള്ളി ബസ്സ്റ്റാൻഡിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പുതിയ സ്റ്റേഷനുകൾക്കായി സ്ഥലം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അനെർട്ട്. കഴിഞ്ഞ വർഷം വരെ പാലക്കാട് 241 വാഹനങ്ങളാണു രജിസ്റ്റർ ചെയ്തത്.

വീട്ടിൽ സ്ലോ ചാർജിംഗ്

പൊതുചാർജിംഗ് സംവിധാനങ്ങൾ കുറവായതിനാൽ വീടുകളിൽത്തന്നെ ചാർജ് ചെയ്യുന്ന രീതി ഇപ്പോൾ ഒട്ടേറെപ്പേർ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വാഹന വിൽപനക്കാർ പറയുന്നു. വീടുകളിൽ സ്ലോ ചാർജിംഗ് സംവിധാനമാണു ഘടിപ്പിക്കാനാവുക. ഇതുവഴി ഒരു കാർ പൂർണമായും ചാർജ് ആകാൻ എട്ട് മണിക്കൂറോളം വേണ്ടിവരും. നിലവിൽ ജില്ലയിലെ പ്രമുഖ ഇലക്ട്രിക് കാർ വിതരണക്കാരിൽനിന്നു പ്രതിമാസം മുപ്പതോളം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോകുന്നത്. ജനുവരിക്കു ശേഷം വിൽപനയും ടെസ്റ്റ് ഡ്രൈവിനു വരുന്നവരുടെ എണ്ണവും കൂടി വരുന്നതായി വിൽപനക്കാർ പറയുന്നു. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ 50ശതമാനം സബ്സിഡി നൽകുന്നുണ്ട്.

സ്റ്റേഷനുകൾക്കായി

ടാറ്റയും രംഗത്ത്

നിലവിൽ സോളർ പാനലുകൾ സ്ഥാപിച്ച് 50 കിലോവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചാർജിംഗ് സ്റ്റേഷൻ തുടങ്ങാൻ സ്വകാര്യ വ്യക്തികൾക്ക് അനുമതിയുണ്ട്. ഇതിനായി പത്തോളം അപേക്ഷകളാണ് ജില്ലയിൽ അനെർട്ടിന് ലഭിച്ചത്. കെ.എസ്.ഇ.ബിയുമായി ചേർന്ന് ടാറ്റ പവർ എന്ന പേരിൽ വിവിധയിടങ്ങളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനുള്ള നടപടികളിലാണ് ടാറ്റ കമ്പനി. ഇതുവഴി ടാറ്റയുടെ എല്ലാ ഷോറൂമുകളിലും ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ ഒരുക്കാനാണ് പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E - VEHICLE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.