SignIn
Kerala Kaumudi Online
Saturday, 20 April 2024 4.17 AM IST

തലസ്ഥാനത്തിന്റെ കഥകളിപ്പെരുമ കനകപ്രഭയുടെ ചായമിട്ട് ദൃശ്യവേദി

kadhakali

തിരുവനന്തപുരം: ടാഗോർ തിയേറ്ററിൽ ദൃശ്യവേദിയുടെ കഥകളി കാണാൻ പതിവായി എത്തിയിരുന്ന മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോനോട് ഇവിടെയിരിക്കുമ്പോൾ എങ്ങനെയാണ് അങ്ങേയ്‌ക്ക് മനഃസമാധാനം ലഭിക്കുന്നതെന്ന് ദൃശ്യവേദിയുടെ പ്രസിഡന്റ് സി.ജി രാജഗോപാൽ ഒരിക്കൽ ചോദിച്ചു. ഇവിടെയുള്ളപ്പോൾ മാത്രമാണ് തനിക്ക് മനഃസമാധാനമെന്നായിരുന്നു മറുപടി. നല്ല കഥകളി കാണാൻ തുടങ്ങിയത് ദൃശ്യവേദിയുടെ കഥകളികൾ കാണാൻ തുടങ്ങിയ ശേഷമെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു.

ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന മടവൂർ ഭാസിയുടെ നേതൃത്വത്തിൽ പൂജപ്പുരയിൽ ചേർന്ന യോഗത്തിലായിരുന്നു കഥകളി​ക്ക് ഒരു വേദി​ എന്ന ആശയമുണ്ടായത്. മൂന്നുമാസത്തിന് ശേഷം 1972 ഫെബ്രുവരി 6ന് ടാഗോർ തിയേറ്ററിൽ ദൃശ്യവേദി നടത്തിയ ആദ്യ കഥകളി നളചരിതം ഒന്നാംദിവസം അരങ്ങേറി. കലാമണ്ഡലം കൃഷ്‌ണൻനായർ നളനായപ്പോൾ ദമയന്തിയായി കോട്ടയ്‌ക്കൽ ശിവരാമൻ നായർ അരങ്ങ് തകർത്തു. ഓയൂർ കൊച്ചുഗോവിന്ദപ്പിളളയായിരുന്നു ഹംസം. ശങ്കരൻ എമ്പ്രാതിരിയും കലാമണ്ഡലം ഹൈദരാലിയും പാട്ട് പാടിയപ്പോൾ മേളം കലാമണ്ഡലം കേശവന്റെയും കലാനിലയം ബാഹുവിന്റെയും നേതൃത്വത്തിലായിരുന്നു.

നാട്യോത്സവവും രംഗകലോത്സവവും സംഘടിപ്പിച്ച് ഉന്നതനിലവാരം പുലർത്തിയ കഥകളികളും വടക്കൻ സമ്പ്രദായകഥകളികളും അനന്തപുരിക്ക് പരിചയപ്പെടുത്തിയത് ദൃശ്യവേദിയായിരുന്നു. കൊവിഡിന് തൊട്ടുമുമ്പ് വരെ എല്ലാ വർഷവും ഒരു മാസം കോട്ടയ്‌ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ കഥകളി നടത്തി. കൊവിഡ് കാലത്ത് എണ്ണൂറിലേറെ ദൃശ്യവേദി അംഗങ്ങളുടെ വാട്‌സാപ്പുകളിലേക്ക് കഥകളിപ്പദങ്ങളും വീഡിയോകളും എത്തിക്കുന്നതിനൊപ്പം 130ലേറെ കഥകളി കലാകാരന്മാർക്ക് സാമ്പത്തികസഹായവും നൽകി.

സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ തുടക്കകാലം മുതൽ ദൃശ്യവേദി അംഗമാണ്. മന്ത്രിമാരായിരുന്ന പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻ, അന്തരിച്ച നടൻ നെടുമുടി വേണു, ടി.കെ. രാമകൃഷ്‌ണൻ ഉൾപ്പെടെയുളളവർ സ്ഥിരം ആസ്വാദകരായിരുന്നു. കഴിഞ്ഞ 50 വർഷമായി സംഘടനയുടെ അദ്ധ്യക്ഷപദം അലങ്കരിക്കുന്ന സി.ജി. രാജഗോപാലിനെ ജൂൺ 6ന് കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. മന്ത്രി ആന്റണി രാജു ദൃശ്യവേദി കനകജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ സുവനീർ പ്രകാശനം ചെയ്യും. കഴിഞ്ഞ 38 വർഷമായി എസ്. ശ്രീനിവാസൻ ഐ.എ.എസാണ് ദൃശ്യവേദിയുടെ സെക്രട്ടറി. ഒരുപാട് നഷ്‌ടം സഹിച്ചാണ് സംഘടന മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.