SignIn
Kerala Kaumudi Online
Thursday, 25 April 2024 11.29 AM IST

ഉമ ഊർജ്ജമായി; പ്രഹരം പാഠമാവും, തിരിച്ചുവരവിന്റെ തുടക്കമെന്ന് കോൺഗ്രസ്, പിഴവ് പരിശോധിച്ച് നടപടിക്ക് സി.പി.എം

uma

തിരുവനന്തപുരം /കൊച്ചി: 5000, 10,000, 20,000, 25,000... ഓരോ റൗണ്ടിലും ലീഡുയർത്തി പ്രിയസഖി ഉമയെ തൃക്കാക്കര നെഞ്ചോടു ചേർത്തപ്പോൾ പി.ടിക്ക് ആത്മശാന്തി.

റെക്കാഡ് ഭൂരിപക്ഷത്തിളക്കവുമായി മണ്ഡലം നിലനിറുത്തിയ കോൺഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം. ക്യാപ്ടൻ പിണറായിയെ തമ്പടിപ്പിച്ച് തൃക്കാക്കര പിടിക്കാൻ പണിപ്പെട്ട സി.പി.എമ്മിന് സെഞ്ച്വറി കണക്കുകൂട്ടൽ ഇഞ്ച്വറിയായതിലെ നടുക്കം. കേരളക്കരയാകെ ഉറ്റുനോക്കിയ ഉപതിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഇതാണ്.

ഉരുക്കുകോട്ടയായ തൃക്കാക്കരയിൽ ഇക്കുറി ജയം പതിനായിരം വോട്ടിൽ താഴെയാകുമെന്ന് ഭയന്ന കോൺഗ്രസിന്റെയും ജയിച്ചാലും തോറ്റാലും അയ്യായിരം മാത്രം വ്യത്യാസമെന്ന സി.പി.എമ്മിന്റെയും കണക്കുകളാണ് തകിടം മറിഞ്ഞത്. കോൺഗ്രസിൽ സതീശൻ- സുധാകരൻ നേതൃത്വത്തിന് വമ്പൻ ജയം വർദ്ധിത വീര്യം പകരുമ്പോൾ,​ ജയം അപ്രാപ്യമാക്കിയ പാർട്ടിയിലെ പിഴവുകൾ ഗൗരവത്തോടെ പരിശോധിക്കാനാണ് സി.പി.എം തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ കൂട്ടനടപടിക്കും സാദ്ധ്യത.

തൃക്കാക്കരയിൽ പരാജയം ഭരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി.പി.എമ്മിന് ന്യായീകരിക്കാം. പക്ഷേ,​ ഒന്നാം വാർഷികവേളയിലേറ്റ ഷോക്ക് തുടർഭരണത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ചു. തൃക്കാക്കരയിൽ 2244 വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വർദ്ധനയുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റുപറഞ്ഞത് പാളിച്ചയിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ്.

2009ൽ മണ്ഡലമുണ്ടായ ശേഷം നടന്ന മൂന്ന് നിയമസഭാ,​ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും തൃക്കാക്കര യു.ഡി.എഫിനെയാണ് വരിച്ചത്. മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ, സാമൂഹ്യ സ്ഥിതിക്കൊപ്പം അന്തരിച്ച പി.ടി. തോമസിനോടുള്ള സഹതാപവും ട്വന്റി-20യുടെ നിഷ്‌പക്ഷ നിലപാടും ഉമയുടെ ഭൂരിപക്ഷം 25,​016ൽ എത്തിച്ചു. സ്വന്തം പ്രവർത്തകനെ സി.പി.എമ്മുകാരൻ കൊലപ്പെടുത്തിയതിന്റെ കണക്ക് ട്വന്റി-20 തീർത്തെന്നും വ്യാഖ്യാനിക്കാം.

രാഷ്ട്രീയ, സാമുദായിക അടിയൊഴുക്കുകൾ നിർണായകമാകുമെന്ന് കരുതിയെങ്കിലും എല്ലാ ഘടകങ്ങളും യു.ഡി.എഫിനൊപ്പമായി.

സ്ഥാനാർത്ഥി നിർണയത്തിലെ സാമുദായിക പരീക്ഷണം ഇടതുമുന്നണിക്ക് പാളി. മുഖ്യമന്ത്രി ക്യാമ്പ് ചെയ്തിട്ടും ഗുണമുണ്ടായില്ല. അപ്പുറത്ത് നേരിട്ട് ചുക്കാൻ പിടിച്ച വി.ഡി.സതീശൻ മികച്ച താരവുമായി. പാർട്ടിയിൽ സതീശന്റെ സ്വാധീനം കൂട്ടാൻ ഇത് വഴിതുറക്കും. കെ.സുധാകരന്റെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതുമാകും. വരുന്ന കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിക്കാം.

സിൽവർലൈൻ കല്ലിന് സർക്കാരിന് കിട്ടിയ തിരിച്ചടിയായി തൃക്കാക്കര ഫലത്തെ വിലയിരുത്തുന്ന യു.ഡി.എഫ് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കും. പ്രചാരണത്തിനിടെ കല്ലിടൽ നിറുത്തി,​ എതിർപ്പുള്ളിടത്ത് ഡിജിറ്റൽ സർവേയെന്ന് ഉത്തരവിറക്കിയ സർക്കാരിന് കൂടുതൽ കരുതലടെയേ ഇനി മുന്നോട്ടു പോകാനാകൂ. ജനക്ഷേമ പ്രഖ്യാപനങ്ങളും ഉടൻ വേണ്ടിവന്നേക്കും.

ഉമയുടെ തേരോട്ടം

തുടക്കം മുതൽ

വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡോടെ ഉമാ തോമസ് മുന്നേറി. കഴിഞ്ഞതവണ പി.ടി. തോമസ് നേടിയതിന്റെ ഇരട്ടിയോളം വോട്ടുമായാണ് ആദ്യറൗണ്ട് മുതൽ വിജയം ഉറപ്പിച്ചത്. 239 ബൂത്തുകളിൽ 20ൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് നേടാനായത്. കൊച്ചി കോർപറേഷൻ പരിധിയിൽ ഇടപ്പള്ളി മേഖലയിലെ ബൂത്തുകളിലെ വോട്ടാണ് ആദ്യം എണ്ണിയത്. കഴിഞ്ഞതവണ ആദ്യറൗണ്ടിൽ പി.ടി നേടിയ 1,258 മറികടന്ന് ഉമ നേടിയത് 2,150 വോട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UMATHOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.