SignIn
Kerala Kaumudi Online
Thursday, 25 April 2024 10.07 PM IST

സതീശന്റെ ജയം; ഉമയുടെയും

uma-thomas

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അതിൽ അതിശയത്തിന് അവകാശമില്ല. യു.ഡി.എഫിന്, പ്രത്യേകിച്ച് കോൺഗ്രസിന് പ്രാമുഖ്യമുള്ള ജില്ലയാണ് എറണാകുളം. കോൺഗ്രസ് സ്ഥാനാർത്ഥികൾ സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ആ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.ടി.തോമസ് അകാലത്തിൽ അന്തരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു പി.ടി. തോമസിന്റെ അകാലചരമവും സംസ്കാരകർമ്മങ്ങളും. അദ്ദേഹത്തിന്റെ സഹധർമ്മിണിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസ്. പി.ടിയുടെ സ്മരണകൾ പച്ചപിടിച്ചുനിൽക്കുന്ന തൃക്കാക്കരയിൽ ഏതുനിലയ്ക്കും ഉമയുടെ വിജയം സുനിശ്ചിതമാണ്. ഭൂരിപക്ഷം ഇരട്ടിച്ചതിലും അത്ഭുതമില്ല. അതു മുപ്പതിനായിരമോ അതിലധികമോ ആയിരുന്നെങ്കിൽ പോലും അത്ഭുതപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല.

തൃക്കാക്കര സീറ്റുപിടിച്ചെടുത്ത് നിയമസഭയിലെ അംഗബലം നൂറാക്കി ഉയർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി നടത്തിയ തത്രപ്പാടാണ് ഈ ഉപതിരഞ്ഞെടുപ്പിന് അനാവശ്യമായ രാഷ്ട്രീയ പ്രാധാന്യം നൽകിയത്. അല്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വേങ്ങരയിലും മഞ്ചേശ്വരത്തും നടന്ന ഉപതിരഞ്ഞെടുപ്പുകൾ പോലെ കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാതെ ഇതങ്ങു കടന്നുപോകുമായിരുന്നു. മറുവശത്ത് ഐക്യജനാധിപത്യ മുന്നണിക്കും കോൺഗ്രസിനും തൃക്കാക്കര അഭിമാനപ്പോരാട്ടമായിരുന്നു. അവരുടെ ശക്തികേന്ദ്രത്തിൽ അതും പ്രമുഖ നേതാവിന്റെ അകാല നിര്യാണത്തെത്തുടർന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു പരാജയം താങ്ങാവുന്നതിൽ അധികമാകുമായിരുന്നു. ദേശീയതലത്തിലും സംസ്ഥാനത്തും തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് അതോടെ മുഖം നഷ്ടപ്പെടുകയും ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു തന്നെ തകരുകയും ചെയ്യുമായിരുന്നു. കോൺഗ്രസിനകത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥപോലും ഉണ്ടാകുമായിരുന്നു. ഈ തിരഞ്ഞെടുപ്പ് ഏതെങ്കിലുമൊരു പാർട്ടിക്ക് നിർണായകമായിരുന്നെങ്കിൽ അതു കോൺഗ്രസിനും ഏതെങ്കിലുമൊരു വ്യക്തിക്ക് നിർണായകമാകുമായിരുന്നെങ്കിൽ അതു സതീശനുമായിരുന്നു. കാരണം കോൺഗ്രസിന്റെ ശക്തികേന്ദ്രവും സതീശന്റെ തട്ടകവുമാണ് തൃക്കാക്കര. അവിടെ വിജയത്തിൽ കുറഞ്ഞ ഒന്നും മതിയാകുമായിരുന്നില്ല, അതും കനത്ത ഭൂരിപക്ഷത്തോടെയുള്ള വിജയം. തൃക്കാക്കര പിടിച്ചു നൂറുതികയ്ക്കാൻ ഇടതുമുന്നണി പണിപ്പെടുമെന്ന തിരിച്ചറിവുകൊണ്ടാണ് സതീശനും സുധാകരനും ചേർന്ന് മുൻകൂട്ടി സ്ഥാനാർത്ഥി നിർണയം നടത്തിയതും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഉടനെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുടെ കൂടി ആശീർവാദത്തോടെ ഹൈക്കമാൻഡിനെക്കൊണ്ടു പ്രഖ്യാപനം നടത്തിച്ചതും. തൃക്കാക്കര ജയിച്ച് ചുളുവിൽ എം.എൽ.എയാകാൻ കൊതിച്ചവരും മറ്റു സ്ഥാപിത താത്പര്യക്കാരും വേറെയുമുണ്ടായിരുന്നു. അവർക്കൊക്കെ സ്ഥാനാർത്ഥി നിർണയത്തിൽ അമർഷവുമുണ്ടായിരുന്നു. പക്ഷേ നേതൃത്വം അതൊന്നും തെല്ലും വകവെച്ചില്ല. കോൺഗ്രസിന് നിറുത്താവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി ഉമ തന്നെയായിരുന്നു. അവരുടെ എളിമയും വിനയവും സംസാരവും പെരുമാറ്റവും ശരീരഭാഷയുമൊക്കെ സ്ഥാനാർത്ഥിക്ക് യോജിച്ചതുമായിരുന്നു. എല്ലാത്തിലുമുപരി പി.ടി. തോമസിന്റെ ജീവിതപങ്കാളിയെന്ന പരിവേഷവും. അങ്ങനെ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് മുമ്പ് യു.ഡി.എഫിന് സ്ഥാനാർത്ഥിയുണ്ടായി. പ്രചാരണവും ആരംഭിച്ചു. മറുഭാഗത്ത് സ്ഥാനാർത്ഥി നിർണയം തന്നെ വലിയ പ്രഹേളികയായി. ജില്ലാക്കമ്മിറ്റി തീരുമാനിച്ച സ്ഥാനാർത്ഥിയെ സംസ്ഥാനനേതൃത്വം വെട്ടി. പാർട്ടിക്കാരനേക്കാൾ നല്ല സ്ഥാനാർത്ഥി പള്ളിക്കാരനാണെന്ന് അവർ തീരുമാനിച്ചു. വെന്തിങ്ങയിട്ട ഒരു സ്ഥാനാർത്ഥിക്കുവേണ്ടി നേതാക്കൾ രായ്ക്കുരാമാനം നെട്ടോട്ടമോടി. ഒടുവിൽ 'നലമുള്ളൊരു നവഗുണ പരിമളനെ' കണ്ടെത്തി അവതരിപ്പിച്ചു - ഡോ. ജോ ജോസഫ്. പൂഞ്ഞാർ സ്വദേശി; അതിപുരാതന സുറിയാനി കത്തോലിക്കൻ. അദ്ദേഹം ജോലിചെയ്യുന്ന സഭയുടെ സ്ഥാപനത്തിൽവച്ച് പ്രഖ്യാപനവും നടന്നു. ക്രിസ്ത്യനികളേക്കാൾ ഹിന്ദുക്കളുള്ള, സിറിയൻ കത്തോലിക്കരേക്കാൾ ലത്തീൻകാരുള്ള, മുസ്ളിങ്ങളും ഒട്ടും കുറവല്ലാത്ത മണ്ഡലമാണ് തൃക്കാക്കര. അവിടെ ഏതെങ്കിലും സഭയുടെ സ്ഥാനാർത്ഥിയെന്ന ലേബൽ ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുക; പ്രത്യേകിച്ചും സിറിയൻ കത്തോലിക്കരിൽ തന്നെ നല്ലൊരുവിഭാഗം കർദ്ദിനാൾ വിരുദ്ധരായി നിൽക്കുന്ന സാഹചര്യത്തിൽ. ഡോ. ജോ ജോസഫ് സീറോ മലബാർസഭയുടെ സ്ഥാനാർത്ഥിയാണെന്ന് ഇതരസമുദായക്കാരും കർദ്ദിനാളിന്റെ കൈയൊപ്പുള്ളയാളാണെന്ന് സഭയിലെ വിരുദ്ധന്മാരും വിശ്വസിച്ചു. അവരാൽ കഴിയുംവിധം പ്രചരിപ്പിച്ചു. അതോടെ സ്ഥാനാർത്ഥിക്ക് സമുദായം പാരയായി.

മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാരും 60 ലധികം എം.എൽ.എമാരും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് തൃക്കാക്കരയിൽ പ്രചാരണത്തിനെത്തി. പണവും ആൾസ്വാധീനവും ഇടതുമുന്നണിക്കായിരുന്നു കൂടുതൽ. പ്രചണ്ഡ പ്രചാരണത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചു. മുമ്പ് തിരുവമ്പാടിയിലും പാലയിലും വട്ടിയൂർക്കാവിലും കോന്നിയിലും ഇതേ മാതൃക പരീക്ഷിച്ചു വിജയിപ്പിച്ച അനുഭവപരിചയവും അവർക്കുണ്ടായിരുന്നു. പ്രൊഫ.കെ.വി. തോമസ് അടക്കം ഏതാനും കുലംകുത്തികൾ കോഴികൂവും മുമ്പ് മൂന്നുതവണ കോൺഗ്രസിനെ തള്ളിപ്പറഞ്ഞു. അവരെയൊക്കെ സി.പി.എം ചുവന്നഷാൾ അണിയിച്ചു സ്വീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പുതിയൊരു മാതൃകകൂടി എൽ.ഡി.എഫ് തൃക്കാക്കരയിൽ പരീക്ഷിച്ചു. നായന്മാരുടെ വീട്ടിൽ പി. രാജീവും ആർ. ബിന്ദുവും വോട്ടുചോദിച്ചു ചെന്നു. ഈഴവരുടെ വീട്ടിൽ മണിയാശാൻ, ധീവരരുടെ വീട്ടിൽ ചിത്തരഞ്ജൻ, മുസ്ളിം മേഖലകളിൽ മുഹമ്മദ് റിയാസും ഷംസീറും നൗഷാദും കെ.ടി. ജലീലും അഹമ്മദ് ദേവർകോവിലും. സുറിയാനി കത്തോലിക്കരുടെ വീട്ടിൽ റോഷി അഗസ്റ്റിനും ലത്തീൻകാരുടെ വീട്ടിൽ ആന്റണി രാജുവും മണ്ഡലത്തിൽ വിരളമായുള്ള ഓർത്തഡോക്‌സ് ഭവനങ്ങളിൽ വീണാജോർജും വോട്ടുചോദിക്കാനെത്തി. പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നു മാത്രമല്ല കെ.ടി. ജലീലിനും എച്ച്. സലാമിനുമൊപ്പം അവരുടെ നേതാക്കൾ വീടുവീടാന്തരം കയറി പ്രചരണം നടത്തി. പോപ്പുലർ ഫ്രണ്ടിന് ആലപ്പുഴയിൽ പരേഡും റാലിയും നടത്താൻ അനുമതി നൽകിയതും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു. പി.സി. ജോർജിനെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തതും അതേ ഉദ്ദേശ്യത്തോടെ തന്നെ. പക്ഷേ രണ്ടും വിപരീതഫലമാണ് ഉണ്ടാക്കിയത്. ഹിന്ദു, ക്രിസ്ത്യൻ മൗലികവാദികൾ സർക്കാരിനെതിരെ തിരിഞ്ഞു. മുസ്ളിം മതതീവ്രവാദികൾ തെല്ലും പ്രസാദിച്ചില്ലതാനും. പാർട്ടിക്കാരനെ മാറ്റി പള്ളിക്കാരനെ സ്ഥാനാർത്ഥിയാക്കിതു പരമ്പരാഗത ഇടതുപക്ഷ അനുഭാവികളിൽ വിപരീതവികാരം സൃഷ്ടിച്ചു. മന്ത്രിമാർ വീടുവീടാന്തരം കയറി വോട്ടുചോദിച്ചിട്ടും തൃക്കാക്കരക്കാർ മനം മാറ്റിയില്ല. പ്രലോഭനങ്ങളെ അതിജീവിച്ചു അവരുടെ വോട്ടുകൾ കൃത്യമായി കൈപ്പത്തി ചിഹ്നത്തിൽ തന്നെ പതിഞ്ഞു. ഉമ തോമസിനെതിരെ സി.പി.എം സൈബർ ഗുണ്ടകൾ നടത്തിയ ആക്രമണവും ലൈംഗികാതിക്രമത്തിന് ഇരയായ സിനിമാ നടിയെക്കുറിച്ച് മുതിർന്ന നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളും വോട്ടർമാർക്കിടയിൽ വിപരീതവികാരം സൃഷ്ടിച്ചു. 'കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കാക്കരക്കാർക്ക് ഒരബദ്ധം സംഭവിച്ചു. ഇത്തവണ ആ തെറ്റുതിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണ്' എന്ന മുഖ്യമന്ത്രിയുടെ പ്രസംഗം തികച്ചും വിപരീതവികാരം ഉണർത്തി. മുമ്പ് കൊല്ലത്തു നടത്തിയ 'പരനാറി' പരാമർശത്തിന്റെ അതേഫലം തൃക്കാക്കരയിലുമുണ്ടായി.

എൽ.ഡി.എഫിന്റെ പ്രചണ്ഡ പ്രചാരണത്തിനിടയിലും യു.ഡി.എഫ് പതറാതെ പിടിച്ചുനിന്നു. വി.ഡി. സതീശൻ മണ്ഡലത്തിൽ തമ്പടിച്ച് പ്രവർത്തനത്തിന് നേതൃത്വം നൽകി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഷാഫി പറമ്പിൽ, ജെബി മേത്തർ, രാഹുൽ മാങ്കൂട്ടത്തിൽ, പി.സി. വിഷ്‌ണുനാഥ് മുതലായ യുവനേതാക്കളും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യം നാമമാത്രമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധമുള്ള ഒരുവിഭാഗം കൂടെനിന്ന് വള്ളംമുക്കാൻ ശ്രമിച്ചു. പക്ഷേ അതൊന്നും ചെലവായില്ല. കെ.വി. തോമസും മറ്റു ചിലരും പാർട്ടി വിട്ടുപോയതും പ്രവർത്തകരുടെ ഉത്സാഹത്തെ ഒരുതരത്തിലും ബാധിച്ചില്ല. എല്ലാത്തിനുമുപരി പി.ടി. തോമസിന്റെ പച്ചപിടിച്ച ഓർമ്മകളും ഉമയുടെ വ്യക്തിത്വവും പെരുമാറ്റവും വോട്ടർമാരെ ആകർഷിച്ചു. പോളിംഗ് ശതമാനം കുറഞ്ഞപ്പോൾ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഉമ വിജയിച്ചു ; അതും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ. തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസഗോളാണ് തൃക്കാക്കരയിലെ വിജയം. കെ.പി.സി. സി പ്രസിഡന്റ് കെ.സുധാകരനും അതിലേറെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അഭിമാനകരമായ വിജയം തന്നെയാണിത്. ഇരുവരെയും സ്ഥാനഭ്രഷ്ടരാക്കാൻ കാപ്പുകെട്ടി നിൽക്കുന്ന വിമതന്മാർക്കും പഴയ പടക്കുതിരകൾക്കും തിരിച്ചടിയുമാണ്.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിലുണ്ടായ തോൽവി അത്രവലുതല്ല. ജയസാദ്ധ്യത കുറഞ്ഞ ഒരു മണ്ഡലത്തിൽ പരാജയം ആവർത്തിച്ചു അത്രതന്നെ. പക്ഷേ ജയിക്കാനിടയില്ലാത്ത തിരഞ്ഞെടുപ്പിൽ അനാവശ്യമായി പണവും സമയവും ഉൗർജ്ജവും ദുർവിനിയോഗം ചെയ്തതും ഇടതുമുന്നണി ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന ധാർമ്മികതയും സദാചാരമൂല്യങ്ങളും കുരുതി കൊടുത്തതുമാണ് കൂടുതൽ ആശങ്കാജനകമായ കാര്യങ്ങൾ. പാർട്ടിക്കാരനെ മാറ്റി പള്ളിക്കാരനെ സ്ഥാനാർത്ഥിയാക്കിയതിനും ജാതിമതാടിസ്ഥാനത്തിൽ വീടുകയറി പ്രചാരണം നടത്തി തിരഞ്ഞെടുപ്പു ജയിക്കാൻ ശ്രമിച്ചതിനും ഇതൊക്കെ കഴിഞ്ഞിട്ടും കനത്തപരാജയം ഏറ്റുവാങ്ങിയതിനും ബന്ധപ്പെട്ടവർ ഉത്തരവാദിത്വം പറയേണ്ടിവരും. 2021 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ ജയസാദ്ധ്യത തീരെയില്ലാത്ത ഒരു ഡോക്ടറെ സ്ഥാനാർത്ഥിയാക്കി അവതരിപ്പിക്കുകയും അദ്ദേഹം തോറ്റപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്. ഇത്തവണ ആരൊക്കെയായിരിക്കും ബലിയാടുകൾ എന്നറിയില്ല. അമ്പലപ്പുഴയിൽ ജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ഏറ്റവും സത്യസന്ധനായ നേതാവിനെതിരെ അന്വേഷണം നടത്തി പരസ്യശാസന നൽകിയ പാർട്ടിയാണ് സി.പി.എം. തൃക്കാക്കരയിലെ ചരിത്രപരാജയത്തിന് ആരൊക്കെ ഉത്തരവാദിത്വം ഏൽക്കും‌, ആർക്കൊക്കെ എതിരെ നടപടിയുണ്ടാകുമെന്നൊക്കെ കാത്തിരുന്നു കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.