SignIn
Kerala Kaumudi Online
Friday, 19 April 2024 11.54 AM IST

പ്രസിഡന്റുമാർ തോക്കെടുത്താൽ

wild

പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും തോക്കെടുത്ത് കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനിറങ്ങുന്ന കാഴ്ച കാണാൻ ഇനി കേരളീയർക്ക് ഭാഗ്യമുണ്ടാകും. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകാനുള്ള സർക്കാർ തീരുമാനം വിവാദത്തിലാണ്. നിലവിൽ വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം ജനപ്രതിനിധികൾക്ക് കൂടി കൈമാറുന്ന ശുപാർശ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അനുമതിയോടെ മന്ത്രിസഭ അംഗീകരിച്ചു. കാട്ടുപന്നികളെ ശല്യക്കാരായി പ്രഖ്യാപിച്ച് കൊന്നൊടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സംസ്ഥാനം നേരിട്ട് പന്നിവേട്ടയ്ക്കിറങ്ങുന്നത്.

വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത് വാർഡുകളിലൊഴികെ പന്നിയെ വേട്ടയാടാൻ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ അദ്ധ്യക്ഷൻമാർക്ക് 'ഓണററി വൈൽഡ്ലൈഫ് വാർഡൻ" പദവിയും സെക്രട്ടറിക്ക് 'ഓതറൈസിംഗ് ഓഫീസർ" പദവിയും നൽകാനാണ് ശുപാർശ. ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ അധികാരമാണ് ഇവർക്ക് ലഭിക്കുക. വനംവകുപ്പിൽ നിലവിൽ ഐ.എഫ്.എസുകാരും പ്രൊമോഷനിലൂടെയുമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനാകുന്നത്.

ആവാസ വ്യവസ്ഥയിലെ കണ്ണി

ജീവമണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ് സസ്യങ്ങളും ജന്തുക്കളും അജൈവവസ്തുക്കളും അടങ്ങുന്ന ആവാസവ്യവസ്ഥ (Ecosystem). സൂക്ഷ്മജീവികൾ മാത്രമല്ല, പന്നികളും ഇതിലെ കണ്ണിയാണ്. ഇതിലേതെങ്കിലും കണ്ണി ഇല്ലാതായാൽ അത് ആവാസവ്യവസ്ഥയെ തകിടം മറിക്കും. വനത്തിലെ ആവാസവ്യവസ്ഥയുടെ സുപ്രധാന കണ്ണിയായ പന്നികൾ വനത്തിന്റെ നിലനിൽപ്പിനുള്ള 'ലാൻഡ്സ്കേപ്പ് എൻജിനിയർ"മാർ കൂടിയാണ്. അവയ്ക്കുണ്ടാകുന്ന വംശനാശം വനത്തിന്റെ ആവാസവ്യൂഹത്തെയാകും ബാധിക്കുക. പന്നികൾ വന്യജീവികളായ കടുവയുടെയും പുലികളുടെയും ആഹാരം കൂടിയാണ്. പന്നികളുടെ എണ്ണം കുറഞ്ഞാൽ പുലികളും കടുവകളും നാട്ടിലേക്കിറങ്ങി വരുമെന്ന മനേക ഗാന്ധിയുടെ അഭിപ്രായം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വന്ന് കാർഷികവിളകൾ നശിപ്പിക്കുക മാത്രമല്ല, പന്നികൾ മനുഷ്യരെ ആക്രമിക്കുന്നതു വരെയുണ്ടായ സാഹചര്യത്തിലാണ് അവയെ കൊല്ലാൻ പുതിയ നിയമം ഉണ്ടാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.

മനുഷ്യൻ കാടുകയറി

ജീവികൾ കാടിറങ്ങി

കേരളത്തിലെ വനവിസ്തൃതി ഓരോവർഷം കഴിയുന്തോറും കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ വിസ്തൃതിയുടെ 29 ശതമാനത്തിൽ താഴെ മാത്രമാണിപ്പോൾ വനമേഖല. മനുഷ്യൻ വനത്തിലേക്ക് കടന്നുകയറി വനംതെളിച്ച് കൃഷിയിറക്കുന്ന സ്ഥങ്ങളിലാണ് പന്നി, ആന അടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷം. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം വന്യജീവികൾക്ക് വിഹാരസ്ഥലം ചുരുങ്ങുന്നതിനാലും ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതിനാലുമാണ് അവ പലപ്പോഴും കാടിറങ്ങി നാട്ടിലെത്തുന്നത്. വന്യജീവികൾ നാട്ടിലേക്കിറങ്ങുമ്പോൾ അവയെ പഴിക്കുന്നതല്ലാതെ എന്തുകൊണ്ടാണ് ഇവ കാടിറങ്ങുന്നതെന്നും ഇതെങ്ങനെ നിയന്ത്രിക്കാമെന്നും ശാസ്ത്രീയപഠനം നടത്താനോ പ്രതിവിധി കണ്ടെത്താനോ ആരും ശ്രമിക്കുന്നില്ല.

പന്നികൾക്കിഷ്ടം

കപ്പ, കാച്ചിൽ, ചേന...

കിഴങ്ങുവർഗങ്ങളായ കപ്പ, ചേമ്പ്, കാച്ചിൽ, ചേന, മധുരക്കിഴങ്ങ്, കൂവ തുടങ്ങിയവയാണ് പന്നികൾ തിന്നു നശിപ്പിക്കുന്നത്. ഇതിന്റെ മധുരമാണ് അവയെ ആകർഷിക്കുന്നത്. കാട്ടാനശല്യത്തിന് പ്രതിവിധിയായി അവയെ വെടിവച്ചു കൊല്ലാൻ ഒരു സർക്കാരും മുതിർന്നിട്ടില്ല. ജീവിക്കാനുള്ള അവകാശം മനുഷ്യരെപ്പോലെ തന്നെ എല്ലാ ജീവജാലങ്ങൾക്കും ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 21-ാം വകുപ്പിനെക്കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര വന്യജീവി നിയമപ്രകാരം കാട്ടുപന്നികളെ വന്യജീവികൾക്കൊപ്പം ഷെഡ്യൂൾ 3 ലാണ് കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിൽപ്പെട്ട ജീവികളെ കൊല്ലാൻ പാടില്ല. ശല്യക്കാരായാൽ അവയെ മയക്കുവെടിവച്ച് മയക്കിയശേഷം ഉൾക്കാട്ടിൽ കൊണ്ടുപോയി വിടണമെന്നാണ് നിയമം. ഗർഭിണിയോ വാർദ്ധക്യം ബാധിച്ചതോ ആണെങ്കിൽ അതിനും വിലക്കുണ്ട്. ഷെഡ്യൂൾ 3 ൽ നിന്ന് മാറ്റി ക്ഷുദ്ര ജീവികൾക്കൊപ്പം ഷെഡ്യൂൾ 5 ലേക്ക് കാട്ടുപന്നികളെ മാറ്റണമെന്ന് കേരളം വളരെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഇത് കേന്ദ്രം അംഗീകരിക്കാത്തതിനാലാണ് സംസ്ഥാനം ഇപ്പോൾ സ്വന്തമായി തീരുമാനം കൊക്കൊണ്ടതെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറയുന്നത്. ഇപ്പോഴത്തെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദുരുപയോഗം ചെയ്യപ്പെടാം

പന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്ക് അധികാരം നൽകുന്ന നിയമം നടപ്പായാൽ അത് ദുരുപയോഗം ചെയ്യപ്പെടാനാണ് കൂടുതൽ സാദ്ധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങളുള്ള കേരളത്തിൽ ചുരുക്കം ചില പഞ്ചായത്ത് വാർഡുകളിൽ മാത്രമാണ് പന്നികൾ കൃഷിനാശം സൃഷ്ടിക്കുന്നത്. ഉത്തരവിന്റെ മറവിൽ പന്നികൾ കൂട്ടത്തോടെ കശാപ്പ് ചെയ്യപ്പെടാനും അവയുടെ വംശം തന്നെ ഇല്ലാതാകാനും സാദ്ധ്യത ഏറെയാണ്. ഇറച്ചിയ്ക്കായും പന്നികൾ വേട്ടയാടപ്പെടാം. പുതിയ ഉത്തരവുപ്രകാരം വിഷം നൽകിയും വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും സ്ഫോടനം നടത്തിയും പന്നിയെ കൊല്ലരുതെന്നാണ്. ജഡം മണ്ണെണ്ണ ഒഴിച്ചു കുഴിച്ചു മൂടണം. വനത്തിൽ കൊല്ലപ്പെടുന്ന പന്നികളുടെ തലമാത്രം മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം ബാക്കി ഭാഗം ഉണക്കി ഇറച്ചിയാക്കി രഹസ്യമായി നാട്ടിലേക്ക് കടത്തുന്നവരും തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് വനം വകുപ്പുദ്യോഗസ്ഥർ സമ്മതിക്കുന്നു.

പരിസ്ഥിതിവാദികൾ

മൗനവ്രതത്തിൽ

വിഷയത്തിൽ കേരളത്തിലെ പരിസ്ഥിതിവാദികൾ അഗാധമായ മൗനത്തിലാണ്. കാട്ടുപന്നികളെ കൊല്ലാൻ വനംവകുപ്പ് അസാധാരണമായ ഉത്തരവിറക്കിയിട്ടും കേരളത്തിനു വെളിയിൽനിന്ന് മനേകാഗാന്ധി എം.പി പ്രതികരിച്ചതല്ലാതെ സംസ്ഥാനത്തെ ഒരു പരിസ്ഥിതിപ്രേമിയും വിഷയം അറിഞ്ഞമട്ടുപോലും കാണിച്ചിട്ടില്ല. സർക്കാരിന്റെ തീരുമാനം കാട്ടുപന്നികളെയല്ല, വനനശീകരണത്തിലേക്കാകും നയിക്കുകയെന്ന് മനേകാഗാന്ധി സംസ്ഥാന വനംമന്ത്രി എ.കെ ശശീന്ദ്രനയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ വനംമന്ത്രി ഇതുപോലെ നൽകിയ ഉത്തരവ് ഒരു മാസത്തിനകം തിരുത്തേണ്ടി വന്നകാര്യവും കത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ സംസ്ഥാന വനം,വന്യജീവി ഉപദേശക സമിതിയിൽപ്പെട്ടവരും മൗനത്തിലാണ്. അടുത്തിടെ പുനഃസംഘടിപ്പിച്ച സമിതിയിൽ വനവുമായി യാതൊരു ബന്ധവും ഇല്ലാത്തവരെപ്പോലും അംഗങ്ങളാക്കിയതായി ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അതേപടി കയ്യടിച്ച് അംഗീകരിക്കുന്നവരെ മാത്രമാണത്രേ സമിതിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്രസർക്കാരിന്റെ വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ ഇപ്പോൾ സർക്കാർ പുറത്തിറക്കിയ ഉത്തരവിന് നിയമസാധുതയില്ലെന്ന് കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡന്റും കേരളസ‌ർവകലാശാല സുവോളജി വിഭാഗം മേധാവിയുമായ ഡോ.സൈനുദ്ദീൻ പട്ടാഴി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.