തിരുവനന്തപുരം: സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളും ടൂറിസം കേന്ദ്രങ്ങളും പരിപാലിക്കാൻ കോളേജ് വിദ്യാർത്ഥികളുൾപ്പെടെ യുവജനങ്ങളുടെ സഹായം അനിവാര്യമാണെന്ന് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് റസ്റ്റ് ഹൗസുകളെ ഹരിതാഭമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം തൈയ്ക്കാട് റസ്റ്റ് ഹൗസിൽ വൃക്ഷത്തൈ നടീൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായതോടെ ജനങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗ് ഇനത്തിൽ മാത്രം
മൂന്നുകോടിയോളം രൂപയുടെ വരുമാനമാണുണ്ടായത്.
155 പീപ്പിൾസ് റസ്റ്റ് ഹൗസുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ചുമതല ജീവനക്കാർക്കാണെങ്കിലും വിദ്യാർത്ഥികളുടെ കൂടി സഹായം തേടാൻ ആലോചനയുണ്ട്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട വിഭാഗം ചീഫ് എൻജിനിയർ മധുമതി, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ ജോയി വർഗീസ് , തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ, റസ്റ്റ് ഹൗസ് ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |