SignIn
Kerala Kaumudi Online
Friday, 29 March 2024 11.23 AM IST

ചെക്ക് റിപ്പബ്ളിക്കിൽ ചെന്ന് ചെക്ക് പറഞ്ഞ് നാരായണൻ

sl-narayanan

തിരുവനന്തപുരം : ചെക്ക് റിപ്പബ്ളിക്കിൽ നടന്ന ചെസ് ടൂർണമെന്റിൽ മുൻ ചെക്ക് പ്രധാനമന്ത്രി അടക്കം 23പേരോട് ഒരേ സമയം മത്സരിച്ച് ജയിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ. ഇന്ത്യയുടെയും ചെക്ക് റിപ്പബ്ളിക്കിന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഉൗഷ്മളതയുടെ ഭാഗമായി നടന്ന സി.ഇ.സെഡ് ട്രോഫി ഇൻവിറ്റേഷണൽ ചെസ് ടൂർണമെന്റിൽ തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള ഗ്രാൻഡ്മാസ്റ്റർ ഡേവിഡ് നവാരെയോട് ഏറ്റുമുട്ടാനാണ് നാരായണൻ ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിലെത്തിയത്. ഇതിന്റെ ഭാഗമായാണ് നിരവധിപേരോട് ഒരേ സമയം മത്സരിച്ചത്.

സി.ഇ.സെഡ് ട്രോഫിയിൽ നവാരെയ്ക്കെതിരെ റാപ്പിഡ് റൗണ്ടിലും ബ്ളിറ്റ്സ് റൗണ്ടിലും നാരായണൻ ഇഞ്ചോടിഞ്ച് പൊരുതി സമനില പിടിച്ചിരുന്നു. ടൂർണമെന്റിന്റെ അവസാനദിവസമാണ് മുൻ ചെക്ക് റിപ്പബ്ളിക് പ്രധാനമന്ത്രി ആന്ദ്രേ ബേബിസടക്കമുള്ള 23 പേർക്കെതിരെ നാരായണൻ ഒരേ സമയം മത്സരിച്ചത്. മുൻ ആരോഗ്യമന്ത്രിയും 2179 എലോ റേറ്റിംഗുള്ള ചെസ് താരവുമായ റൊമാൻ പ്രൈമുള,മുൻ ആഭ്യന്തര മന്ത്രി മാർട്ടിൻ പെസിന,പാർലമെന്റ് മെമ്പർ പാട്രിക് നാച്ചർ തുടങ്ങിയ ചെസുമായി ബന്ധമുള്ള നിരവധി ഉന്നതരാണ് മത്സരിക്കാൻ എതിർവശത്തുണ്ടായിരുന്നത്. ഇവരെയെല്ലാം നാരായണൻ തോൽപ്പിച്ചു.ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് സൈമൾട്ടനിയസ് മത്സരത്തിൽ എതിരാളികളെയെല്ലാം ഒരാൾ തോൽപ്പിക്കുന്നത്.

ഇനി ചെസ് ഒളിമ്പ്യാഡ്

പ്രാഗിൽ നിന്ന് ഇന്നലെ മടങ്ങിയെത്തിയ നാരായണന്റെ അടുത്ത വലിയ ലക്ഷ്യം ജൂലായ്‌യിൽ ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡാണ്. ഒളിമ്പ്യാഡിനുള്ള ഇന്ത്യയുടെ പ്രധാന ടീമിൽ ഇടംനേടിയ താരമാണ് ഈ 24കാരൻ.സെപ്തംബറിൽ നടക്കുന്ന വേൾഡ് ടീം ചാമ്പ്യൻഷിപ്പ് , മാറ്റിവയ്ക്കപ്പെട്ട ഏഷ്യാഡ് തുടങ്ങി നിരവധി പ്രധാന മത്സരങ്ങൾ നാരായണനെ കാത്തിരിപ്പുണ്ട്. ഇതിനിടതിൽ ചെക്ക് റിപ്പബ്ളിക്കിലും ജർമ്മനിയിലും നടക്കുന്ന ടൂർണമെന്റുകളിലും പങ്കെടുക്കുന്നുണ്ട്.

ജോലിയില്ല, സ്പോൺസർഷിപ്പും

സബ് ജൂനിയർ തലം മുതൽ ദേശീയ -അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് നാരായണൻ.കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലുൾപ്പടെ നിരവധി മെഡലുകൾ. റേറ്റിംഗിൽ മുന്നിലുള്ള താരങ്ങൾക്കെതിരെയുള്ള വിജയങ്ങൾ. 2662 പോയിന്റ് എലോ റേറ്റിംഗുള്ള നാരായണൻ ദേശീയ തലത്തിൽ അഞ്ചാം റാങ്കിലുള്ള താരമാണ് . 2015ലാണ് ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയത്. ഈ നേട്ടങ്ങൾക്കിടയിലും നാരായണനെ വിഷമിപ്പിക്കുന്നത് പരിശീലനത്തിനും യാത്രയ്ക്കുമുള്ള വലിയ പണച്ചെലവാണ്.

ബൾഗറിയക്കാരനായ ച്യുച്ചലേവാണ് ഇപ്പോൾ നാരായണനെ പരിശീലിപ്പിക്കുന്നത്. പ്രമുഖ ഇന്റർനാഷണൽ താരങ്ങളായ ഫാബിയാനോ കരുവാനേയുടെയും അനിഷ് ഗിരിയു‌ടെയും പരിശീലകനാണ് ച്യുച്ചലേവ്. ഒരു ദിവസത്തെ പരിശീലനത്തിന് 400 യൂറോയാണ്(40000ത്തോളം ഇന്ത്യൻ രൂപ ) ചെലവ്. ബൾഗേറിയയിലേക്കുള്ള യാത്രയുടെയും താമസത്തിന്റെയും ചെലവ് വേറെ. മൂന്നുമാസം കൂടുമ്പോഴെങ്കിലും ഒരാഴ്ച പരിശീലനം നേടാൻ ലക്ഷങ്ങൾ വേണ്ടിവരുമെന്ന് സാരം.

ഗ്രാൻഡ്മാസ്റ്റർ പദവി നേടിയിട്ട് ഏഴുവർഷമായെങ്കിലും സംസ്ഥാന സർക്കാരോ കേന്ദ്ര പൊതുമേഖലാ സ്ഥാനങ്ങളോ നാരായണന് ജോലി നൽകാൻ തയ്യാറായിട്ടില്ല. 2014-16 കാലയളവിൽ പദ്മിനി തോമസ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന സമയത്ത് പരിശീലനത്തിന് സഹായം നൽകിയിരുന്നു. തുടർപരിശീലനത്തിന് സഹായം അഭ്യർത്ഥിച്ച് നാരായണൻ അടുത്തിടെ സംസ്ഥാന കായികമന്ത്രിയെ സമീപിച്ചിരുന്നു. ഈ ഫയൽ ഇപ്പോൾ സ്പോർട്സ് കൗൺസിലിന്റെ പരിഗണനയിലാണ്. എന്നാൽ അർഹമായ സഹായംപോലും നിഷേധിക്കുന്ന രീതിയിലുള്ള സമീപനമാണ് ഇപ്പോഴത്തെ കൗൺസിൽ അധികൃതരിൽ നിന്ന് ഉണ്ടാകുന്നതെന്ന് നാരായണന്റെ മാതാപിതാക്കൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SL NARAYANAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.