SignIn
Kerala Kaumudi Online
Thursday, 25 April 2024 10.16 AM IST

ബംഗ്ലാദേശ് കണ്ടെയ്‌നർ ഡിപ്പോയിൽ തീപിടിത്തം: 49മരണം  450 ഓളം പേർക്ക് പരിക്ക്

fire

ധാക്ക : ബംഗ്ലാദേശിൽ ചി​റ്റഗോങ്ങിലെ സീതാകുണ്ഡയിൽ സ്വകാര്യ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേർക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. അഞ്ച് അഗ്നിശമന സേനാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നതായി കരുതുന്നു. 450 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ഉൾപ്പെടെ കാണാനില്ലെന്നാണ് വിവരം.

ശനിയാഴ്ച രാത്രിയാണ് ചിറ്റഗോങ്ങ് തുറമുഖത്ത് നിന്ന് 40 കിലോമീറ്റർ അകലെ കദംറസുൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബി.എം കണ്ടെയ്‌നർ ഡിപ്പോയിൽ തീപിടിത്തം ആരംഭിച്ചത്. ഡിപ്പോയിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന രാസവസ്തുക്കളിലുണ്ടായ പ്രവർത്തനം പൊട്ടിത്തെറിയിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9 മണിയോടെ ഉണ്ടായ തീ അണയ്ക്കാൻ അഗ്നിശമന യൂണിറ്റുകൾ ശ്രമിക്കുന്നതിനിടെ 11.45ഓടെ ഭീമൻ പൊട്ടിത്തെറി സംഭവിച്ചെന്നാണ് റിപ്പോട്ട്. കണ്ടെയ്നറുകൾക്കുള്ളിൽ ഹൈഡ്രജൻ പെറോക്‌സൈഡ് പോലുള്ള നിരവധി രാസവസ്തുക്കളുണ്ടായിരുന്നതിനാൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തീ ആളിപ്പടർന്നു. ഡിപ്പോയുടെ സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ട്.

നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരുമാണ് തീപിടിത്തം കണ്ടതോടെ രക്ഷാപ്രവർത്തനത്തിനായി ഇവിടേക്ക് ഓടിയെത്തിയത്. എന്നാൽ, വൻ സ്ഫോടനമുണ്ടായതോടെ ഇവരിൽ പലരും തീയിൽപ്പെട്ടു. ചിലർ അവശിഷ്ടങ്ങൾക്കൊപ്പം അകലേക്ക് തെറിച്ചുവീണു.

സമീപത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലകൾ തകർന്നതായും 4 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ വരെ സ്ഫോടനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന തുണികളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ഡിപ്പോയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് സൂചന.

അതേ സമയം, രാസവസ്തുക്കൾ ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നത് തടയാൻ മണൽചാക്കുകളും മറ്റും വിന്യസിക്കാൻ സൈന്യമുൾപ്പെടെ രംഗത്തുണ്ട്. ഏകദേശം 4,000 കണ്ടെയ്‌നറുകൾ ഡിപ്പോയിലുണ്ടായിരുന്നെന്നാണ് വിവരം. 2011ലാണ് ബംഗാൾ ഉൾക്കടൽ തീരത്തിന് സമീപം 21 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കണ്ടെയ്‌നർ ഡിപ്പോ പ്രവർത്തനമാരംഭിച്ചത്.

അഗ്നിശമന സേനയുടെ 20 ഓളം യൂണിറ്റുകൾ ചേർന്ന് ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നതതല അന്വേഷണ കമ്മിറ്റിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 ടാക്ക ( 43,520 ഇന്ത്യൻ രൂപ ) ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് 20,000 ടാക്കയും( 17,410 ഇന്ത്യൻ രൂപ ) നൽകും. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും രാസവസ്തു സൂക്ഷിച്ചിരുന്ന ഏതെങ്കിലും കണ്ടെയ്‌നറിൽ നിന്ന് തന്നെയാകാം തീപിടിത്തം ആരംഭിച്ചതെന്ന് കരുതുന്നതായും ബി.എം. കണ്ടെയ്‌നർ ഡിപ്പോ ഡയറക്ടർ മുജിബർ റഹ്‌മാൻ പറഞ്ഞു.

പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്നും അവർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടുനൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.