SignIn
Kerala Kaumudi Online
Friday, 19 April 2024 1.03 PM IST

പിൻഗാമികൾ ഓർക്കണം കൃഷ്‌ണൻ നായർ എന്ന പേര്

krishnan-nair
കെ. കൃഷ്‌ണൻ നായർ

ഐക്യകേരള സംസ്ഥാന രൂപീകരണശേഷം തിരുവിതാംകൂറിൽ നിന്നു മലബാർ മേഖലയിൽ ജോലി ചെയ്യാൻ സർക്കാർ നിയോഗിച്ച ആദ്യ സംഘത്തിലെ ഉദ്യോഗസ്ഥരിൽ പ്രമുഖനായിരുന്നു കൃഷ്‌ണൻ നായർ. പുരോഗമന കലാസാഹിത്യസംഘം, കർഷകസംഘം എന്നിവയിലും അദ്ദേഹം സജീവമായിരുന്നു.

കാസർകോടിനെ മലബാറിനോടും മലബാറിനെ തിരുകൊച്ചിയോടും സംയോജിപ്പിച്ചും തിരുകൊച്ചിയിലെ ചെങ്കോട്ട വിഭജിച്ച് ഒരു ഭാഗവും തെക്കൻ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, വിളവൻകോട്, കൽക്കുളം എന്നിവ തമിഴ്നാടിനോടും ചേർത്താണ് ഐക്യകേരളം രൂപീകരിക്കാൻ സംസ്ഥാന പുനഃസംഘടന കമ്മിഷൻ തീരുമാനിച്ചത്. അപ്രകാരമുള്ള ഐക്യകേരളം 1956 നവംബർ ഒന്നിന് നിലവിൽ വന്നു. 1940കളിൽ തന്നെ തിരുവനന്തപുരം നഗരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു കൃഷ്‌ണൻ നായർ.

സംസ്ഥാനങ്ങളുടെ സംയോജനം മൂലം തമിഴ്നാടിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ മരാമത്ത് ജീവനക്കാരും കേരളത്തിലേക്ക് വന്നു. അലോട്ടഡ് സ്‌റ്റാഫ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും ജീവനക്കാർക്ക് പോകേണ്ടി വന്നിരുന്നു. ആ ഘട്ടത്തിൽ സർവീസ് സീനിയോറിറ്റിയുടെ കാര്യത്തിൽ തമിഴ്നാട്ടിൽ നിന്നും വരുന്നവർക്കായിരുന്നു കൂടുതൽ പരിഗണന. ഇക്കാരണം കൊണ്ട് പ്രൊമോഷൻ സാദ്ധ്യത മങ്ങുമെന്ന് കരുതി തിരുവിതാകൂറിൽ നിന്നുള്ള സർക്കാർ ജീവനക്കാർ പലരും മലബാറിലേക്ക് പോകാൻ മടിച്ചു. സ്വജനപക്ഷപാതം വകുപ്പിൽ കൊടികുത്തിവാണു. മതിയായ യോഗ്യത ഇല്ലാത്തവരെ പോലും ദിവസങ്ങൾ മാത്രം നീളുന്ന ട്രെയിനിംഗ് നൽകി ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന രീതി വ്യാപകമായി. ഇതിനൊരു അറുതി വരുത്തണമെന്ന ഉദ്ദേശത്തോടുകൂടി കൃഷ്‌ണൻ നായരുടെ പങ്കാളിത്തത്തോടെ തിരുവിതാംകൂറിൽ നിന്നുള്ള ജീവനക്കാർ ഒരു അസോസിയേഷൻ ആരംഭിച്ചു. എൻജിനിയറിംഗ് സ്‌റ്റാഫ് അസോസിയേഷൻ എന്നായിരുന്നു സംഘടനയുടെ പേര്. ഇന്നത് അസോസിയേഷൻ ഒഫ് കേരള എൻജിനിയേഴ്‌സ് ആണ്.

അന്നുണ്ടായിരുന്ന സർവീസ് സംബന്ധമായ പല അനീതികൾക്കും അസമത്വത്തിനുമെതിരെ പോരാടി ജീവനക്കാർക്ക് നീതി ലഭ്യമാക്കിയതിൽ കൃഷ്‌ണൻ നായരുടെ നേതൃപാടവം നിസ്തുലമായ പങ്കുവഹിച്ചു. മാത്രമല്ല, ഒറ്റ എസ്‌റ്റാബ്ളിഷ്‌മെന്റായിരുന്ന പൊതുമരാമത്ത് വകുപ്പ് പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി എന്നിങ്ങനെ വിഭജിക്കപ്പെട്ടത് കൃഷ്‌ണൻ നായർ നേതൃത്വം നൽകിയ സംഘടനയുടെ ശ്രമഫലമായാണ്.

മലബാറിലെ പ്രശ്‌നങ്ങൾ അറിഞ്ഞിട്ടു പോലും താൻ സ്വയം അങ്ങോട്ടേക്ക് പോകാൻ തയ്യാറാണെന്ന് കൃഷ്‌ണൻ നായർ അധികാരികളെ എഴുതി അറിയിക്കുകയായിരുന്നുവെന്ന് സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ചിത്രഭാനു ഓർക്കുന്നു. സംഘടനാ പ്രവർത്തനങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും കലാരംഗത്തും വൈഭവമുള്ള വ്യക്തിത്വമായിരുന്നു കൃഷ്‌ണൻ നായർ എന്ന് ഉദയഭാനു പറയുന്നു. മികച്ച കാഥികനായിരുന്നു അദ്ദേഹം. 'പട്ടം കെ.കെ' എന്ന പേരിലായിരുന്നു കലാപ്രവർത്തനം.

1967 കാലഘട്ടത്തിൽ കേരളത്തിലെ എൻജിനീയറിംഗ് മേഖലയിലെ വേതനവ്യവസ്ഥകൾ ഏറെ പരിതാപകരമായിരുന്നു. എന്നാൽ തമിഴ്നാട്ടിൽ നിന്നും സർവീസിനെത്തിയവർക്ക് മികച്ച ശമ്പളം ലഭിച്ചിരുന്നു. ഇതിനെതിരെ സംഘടനകൾ സമരം പ്രഖ്യാപിച്ചു. തിരുവോണനാളിൽ നടന്ന ഈ സമരം സർവീസ് സംഘടനാ ചരിത്രത്തിലെ ഐതിഹാസിക സമരങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

തങ്ങളുടെ ആവശ്യങ്ങൾ അധികാരികൾക്ക് മുമ്പിലെത്തിക്കാൻ ശക്തമായ ഒരു ജിഹ്വ യൂണിയനുകൾക്ക് ആവശ്യമായിരുന്നു. കൃഷ്‌ണൻ നായർ എന്നല്ലാതെ മറ്റൊരു പേരും അവർക്ക് മുന്നോട്ടു വയ‌്‌ക്കാൻ കഴിയുമായിരുന്നില്ല. വിഷയം എ.കെ.ജി അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയിൽപ്പെടുകയും വിഷയം പാർലമെന്റിൽ വരെ ഉന്നയിക്കപ്പെടുകയും ചെയ‌്തു.

കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് സംഘടനകൾ നിരവധിയാണെങ്കിലും കൃഷ്ണൻ നായരെപ്പോലുള്ള വ്യക്തിത്വങ്ങളെ അവരിൽ എത്രപേർ ഓർക്കുന്നുണ്ടാകും. പിൻഗാമികൾക്കായി അദ്ദേഹം നേടിയെടുത്ത അവകാശങ്ങൾ അനുഭവിക്കുന്നവരെങ്കിലും ആ പേര് മറക്കാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K KRISHNAN NAIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.