SignIn
Kerala Kaumudi Online
Thursday, 25 April 2024 5.38 AM IST

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒ.ബി.സി സംവരണവും സാമൂഹ്യനീതിയും

photo

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥ നേരിടുന്ന പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയനുസരിച്ച് വിദ്യാഭ്യാസം ചെയ്യാനും നിയമനം നേടാനും സംവരണം നൽകിയിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവനുസരിച്ച് മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് എല്ലാ ഗവൺമെന്റ് നിയമനങ്ങളിലും 27 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട് പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുമായി ബന്ധപ്പെട്ട ഒരു പഠനം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.


യോഗ്യതയുള്ളവരുടെ

അഭാവം

Advt. No.PU/RC/2019/24 പ്രകാരം 2019 ആഗസ്റ്റ് അഞ്ചിനാണ് പോണ്ടിച്ചേരി കേന്ദ്രസർവകലാശാല അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. തുടർന്ന് 2021
ഒക്ടോബർ, ഡിസംബർ മാസങ്ങളിലായി തസ്തികകളിലേക്കുള്ള അഭിമുഖം നടത്തപ്പെട്ടു. പരസ്യപ്പെടുത്തിയത് പ്രകാരം 53 ഒഴിവുകൾ മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് മാറ്റിവച്ചിരുന്നു. എന്നാൽ സെലക്‌ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഒ.ബി.സി വിഭാഗത്തിൽ നിന്ന് 17 പേരെ മാത്രം തിരഞ്ഞെടുക്കുകയും ബാക്കി 36 പേരെ യോഗ്യതയുള്ളവർ അല്ല (None was found suitable) എന്ന കണ്ടെത്തൽ നടത്തി ഒഴിവാക്കുകയും ചെയ്തു. പല പഠനവകുപ്പുകളിലും ഉയർന്ന അക്കാഡമിക യോഗ്യതകളുള്ളവർ അഭിമുഖത്തിന് ഹാജരായെങ്കിലും യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്ന കാരണം മാത്രം പറഞ്ഞ് അവരെയെല്ലാം സർവകലാശാലാ അധികാരികൾ ഒഴിവാക്കി. തത്ഫലമായി ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളിൽ പകുതിയിൽ
പോലും സ്ഥാനങ്ങളിലേക്ക് നിയമനം നടപ്പാക്കിയില്ല.
സർവകലാശാലകളിൽ അദ്ധ്യാപക സെലക്‌ഷൻ ബോർഡിന്റെ അദ്ധ്യക്ഷൻ വൈസ് ചാൻസലറാണ്. വൈസ്
ചാൻസലർക്ക് താത്‌പര്യമുള്ള ആളുകൾ മാത്രമാണ് ബോർഡിലെ അംഗങ്ങളായി നിയമിക്കപ്പെടുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്ന അംഗങ്ങളിൽ ഒ.ബി.സി വിഭാഗക്കാരുമുണ്ട്. എന്നാൽ ഈ അംഗങ്ങൾക്ക് സെലക്‌ഷൻ പ്രക്രിയയിൽ ക്രിയാത്മകമായ ഒരുപങ്കും വഹിക്കാനാവില്ല. ഏറ്റവും സുപ്രധാനമായ നിയമന പ്രക്രിയയിൽ നോക്കുകുത്തികളായി പിന്നാക്കവിഭാഗ അംഗങ്ങൾ മാറ്റപ്പെട്ടിരിക്കുന്നു. കാരണം നിയമന പ്രക്രിയയിൽ വൈസ് ചാൻസലർ പുലർത്തുന്ന ആത്യന്തികമായ മേധാവിത്വം തന്നെ. വൈസ് ചാൻസലറുടെ തീരുമാനം വ്യക്തിപരമായ മുൻഗണനകൾക്കും സ്വാർത്ഥ താത്‌പര്യങ്ങൾക്കും വിധേയമാണെങ്കിലും അത് ചോദ്യം ചെയ്യപ്പെടുന്നേയില്ല.


സംവരണത്തിന്റെ

ഉദ്ദേശ്യശുദ്ധി എന്താണ്?


ഭരണഘടനാ നിർമാണ സമിതിയിൽ വളരെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചതാണ് സംവരണ വിഷയം. ദുർബലവിഭാഗങ്ങളെ മറ്റു വിഭാഗങ്ങൾക്ക് തുല്യമാക്കുകയും സാമൂഹികമായ നീതി ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് സംവരണത്തിന്റെ കാതൽ. സാമൂഹ്യവും
വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിൽ നിന്ന് ദുർബല
വിഭാഗങ്ങൾ ഉയർത്തപ്പെടുകയും എല്ലാവരും തുല്യരായ സമൂഹം രൂപം കൊള്ളുകയും ചെയ്യുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അപ്പോൾ സംവരണത്തിന്റെ ഉദ്ദേശ്യശുദ്ധി നിയമനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രതിനിധ്യം ഉറപ്പു വരുത്തുക എന്നതാണ്. നിയമന പ്രക്രിയകൾക്കും ഇത് ബാധകമാണ്. ഇത് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ നിയമന നടപടികളിൽ ലംഘിക്കപ്പെടുന്നുണ്ട്.
സംവരണസീറ്റുകളിൽ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തമ്മിലാണ് മത്സരം നടക്കുന്നത്. ഈ മത്സരവും ജനറൽവിഭാഗത്തിൽ നടക്കുന്ന മത്സരവും തമ്മിൽ തുലനം ചെയ്യരുത്. പിന്നാക്ക വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയാണ് അവരെ ജനറൽ റിക്രൂട്ട്മെന്റിൽ വരുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം മത്സരിക്കാൻ
കഴിവില്ലാത്തവരാക്കി തീർത്തിരിക്കുന്നത്. ഈ
സാഹചര്യം മനസിലാക്കുന്നത് റിക്രൂട്ട്മെന്റ് നടപടികൾ നീതിയുക്തമാകാൻ സഹായിക്കും. നിയമനാധികാരികൾക്ക്
ഈയൊരു സാമാന്യ ബോധമുണ്ടെങ്കിൽ അനുയോജ്യരായവരെ കണ്ടെത്താനായില്ലെന്ന വിശേഷണത്തോടെ ഒരു വേക്കൻസി പോലും
മാറ്റിവയ്‌ക്കേണ്ടി വരില്ല.

അവസാന ആശ്രയം

നീതിപീഠം


ഈയൊരു സവിശേഷ സാഹചര്യത്തിൽ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഒ.ബി.സി വിഭാഗങ്ങളുടെ നിയമനത്തിൽ ദേശീയ/സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനുകൾ, സാമൂഹ്യ ഏജൻസികൾ, പൊതുസമൂഹം എന്നിവ കൃത്യവും ശക്തവുമായ ഇടപെടലുകൾ നടത്തേണ്ടതാണ്. സംവരണത്തിന്റെ ഗുണഫലങ്ങൾ
പിന്നാക്കവിഭാഗങ്ങളിൽ എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കുന്നതിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾ പ്രത്യേകിച്ചും സുപ്രീം കോടതി നടത്തുന്ന ഇടപെടലുകൾ സുപ്രധാനമാണ്. എന്നാൽ നീതിനിഷേധിക്കപ്പെടുന്നവർക്ക് കോടതിയെ സമീപിക്കാനുള്ള നിയമപരമായ അറിവിന്റെയും അതിനാവശ്യമായ സാമ്പത്തിക വിഭവങ്ങളുടെയും അഭാവം അവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നു. അതിനാലാണ് പലപ്പോഴും ഉദ്യോഗാർത്ഥികൾ കോടതികളെ സമീപിക്കുന്നതിൽനിന്ന്
പിൻവലിയുന്നത്. ഈയടുത്ത കാലത്ത് ലത്തീൻ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഒരു ഉദ്യോഗാർത്ഥി ഒരു സംസ്ഥാന സർവകലാശാലയിലെ ലത്തീൻ കാത്തോലിക് റിസർവേഷനിലുള്ള പ്രൊഫസർ പദവിയിലേക്ക് അപേക്ഷിക്കുകയുണ്ടായി. അനുയോജ്യരായവരെ കണ്ടെത്താനായില്ല - എന്ന് രേഖപ്പെടുത്തി വൈസ് ചാൻസലർ ആ ഉദ്യോഗാർത്ഥിക്ക് അവസരം നിഷേധിക്കുകയുണ്ടായി.
മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോൾ അവർ കോടതിയെ സമീപിച്ചു. അഞ്ചുവർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി അവരെ പ്രൊഫസർ പദവിയിൽ നിയമിക്കാനും മുൻകാല പ്രാബല്യത്തിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാനും വിധിച്ചു.
പിന്നാക്ക വിഭാഗങ്ങളിലെ നിയമനം നിഷേധിക്കപ്പെടുന്ന എല്ലാവർക്കും കോടതിയെ സമീപിക്കാൻ സാധിക്കില്ല. നിയമപോരാട്ടം വളരെക്കാലം നീളുന്നതുമാണ്. അതുകൊണ്ട് മറ്റു സ്റ്റാറ്റ്യൂട്ടറി ഏജൻസികൾ സത്വരനടപടികൾ കൈക്കൊള്ളേണ്ടതാണ്. ഇത്തരമൊരു സാഹചര്യത്തിൽ സാമൂഹ്യനീതി മന്ത്രാലയത്തിനും ദേശീയ പിന്നാക്കവിഭാഗ കമ്മിഷനും സ്റ്റേറ്റ് ഏജൻസികൾക്കും ശക്തമായ ഇടപെടൽ നടത്താവുന്നതാണ്.
ഇവർക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഒ.ബി.സി വിഭാഗത്തിന്റെ ഒഴിവുകളുടെ എണ്ണവും അന്തിമ നിയമന ലിസ്റ്റും ആവശ്യപ്പെടാം. ബന്ധപ്പെട്ട സ്ഥാപനങ്ങളോട് എന്തുകൊണ്ടാണ് എത്രയധികം വേക്കൻസികൾ നികത്തപ്പെടാത്തത് എന്ന വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടാനും ഈ ഏജൻസികൾക്ക് കഴിയും. ഇ-ഗവേണൻസ് പ്രചാരം നേടിയ ഇക്കാലഘട്ടത്തിൽ ഇത്തരം ഒരു ലിസ്റ്റ് ആവശ്യപ്പെടുന്നതോ അതിന്മേൽ ഒരു വിശദീകരണം ആവശ്യപ്പെടുന്നതോ സങ്കീർണമായ പ്രക്രിയയേ അല്ല. ഇതുമായി ബന്ധപ്പെട്ട സമയബന്ധിത റിപ്പോർട്ട് ഗവണ്മെന്റ് ഏജൻസികളിൽനിന്ന് ദേശീയ സാമൂഹ്യനീതി മന്ത്രാലയത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇന്ത്യയിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിറുത്തി പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളും ഏജൻസികളുമുണ്ട്. എന്നാൽ ഒ.ബി.സി വിഭാഗങ്ങളുടെ താത്പര്യത്തെ ഹനിക്കാനായി നടത്തപ്പെടുന്ന ലോബികളുടെ ഇടപെടലുകളോട് പ്രതികരിക്കാൻ ഇത്തരം സ്ഥാപനങ്ങളും ഏജൻസികളും ഒട്ടും തത്പരരല്ല എന്നതാണ് യാഥാർത്ഥ്യം. ദേശീയ പിന്നാക്കവിഭാഗ കമ്മിഷനും സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനും ഇതിൽനിന്ന് വ്യത്യസ്തരല്ല. ഒ.ബി.സി വിഭാഗങ്ങളുടെ നിയമനത്തിൽ നടത്തപ്പെടുന്ന ലോബിയിങ് പ്രവർത്തനങ്ങളിൽ ഇടപെടാൻ തക്ക ശക്തിയും അധികാരവുമുള്ള സ്ഥാപനങ്ങളാണ് ഇവയെല്ലാം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാ രാഷ്ട്രീയകക്ഷികളും കേന്ദ്രം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം അടക്കം ഒ.ബി.സി വിഭാഗങ്ങളുടെ പ്രശ്നങ്ങളിലും പിന്നാക്കാവസ്ഥയിലും തത്പരരും ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ബദ്ധശ്രദ്ധരുമാണ്. അതുകൊണ്ട് തന്നെ ഒ.ബി.സി നിയമന വിഷയങ്ങളിലെ യാഥാർത്ഥ്യവും വസ്തുതകളും അവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത് അടിയന്തര പ്രാധാന്യം അർഹിക്കുന്നു. എത്ര ഒഴിവുകൾ ഒ.ബി.സി വിഭാഗങ്ങൾക്ക് നീക്കിവച്ചു എന്നത് മാത്രമല്ല ആ ഒഴിവുകളിൽ എത്ര
നിയമനം നടക്കുന്നു എന്ന് പരിശോധിക്കേണ്ടതും അനിവാര്യമാണ്.

References: -
1. Pondicherry University Official Web site
2. RTI No PU/ESTT/NT1/VIII-1/305/2022/637 dated 20/01/2022

അക്കാഡമിക് വിദഗ്ധനാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBC RESERVATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.