SignIn
Kerala Kaumudi Online
Friday, 19 April 2024 3.05 PM IST

മാലിന്യത്താൽ മുറിവേറ്റ സമുദ്രങ്ങൾ

photo

ഇന്ന് ലോക സമുദ്രദിനം

......................

ഭൂമിയുടെ ശ്വാസം നിയന്ത്രിച്ച് , കാലാവസ്ഥയുടെ കോപം തണുപ്പിച്ച് ജീവന്റെ കവാടങ്ങളിൽ നമുക്ക് കാവൽ നില്‌ക്കുകയാണ് സമുദ്രങ്ങൾ. എന്നാൽ കാവൽക്കാരന്റെ കഴുത്തിൽ കുരുക്കിടുകയാണ് നമ്മുടെ ഇടപെടലുകൾ... നാം ശ്വസി​ക്കുന്ന ഒാക്സി​ജന്റെ പകുതി​യോളം അന്തരീക്ഷത്തിലെത്തി​ക്കുന്നത് കടലിലെ ഫൈറ്റോപ്ളാങ്ടൺ​ പോലുള്ള സൂക്ഷ്മജീവി​കളാണ്. വലിച്ചെറിയുന്ന മാലിന്യങ്ങൾ, സമുദ്രത്തിലേക്ക് തുറക്കുന്ന വിഷക്കുഴലുകൾ...നാമറിയണം പ്രകൃതിയുടെ ജീവവായുവിനെ ജപ്തി ചെയ്യുകയാണ് ഈ കടുംഇടപെടലുകൾ.. തിരിച്ചറിവിന് ഇനി അവധി കൊടുക്കരുത്...

ഭൂമിയിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിലും അതിന്റെ ഭൗതിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിലും സമുദ്രങ്ങളുടെ പങ്ക് നിർണായകമാണ്. ഭൂമിയുടെ 90 ശതമാനം ഉപരിതലവും സമുദ്രമാണ്. ആകെ വെള്ളത്തിന്റെ 97 ശതമാനവും ഇവിടെയാണ്. താപത്തി​ന്റെ വലി​യ കലവറയായതി​നാൽ കാലാവസ്ഥയെ മി​തമായി​ നി​ലനി​റുത്തുന്നതി​ലും സമുദ്രങ്ങൾക്ക് വലി​യ പങ്കുണ്ട്.

ഹൈഡ്രോസ‌്‌ഫിയർ, അറ്റ്‌മോസ്‌ഫിയർ, ജിയോസ്‌ഫിയർ, ബയോസ്‌ഫിയർ എന്നീ നാലുഘടകങ്ങൾ ചേർന്നതാണ് ഭൂവ്യവസ്ഥ. ഇതിൽ വെള്ളത്തിനാണ് സവിശേഷസ്ഥാനം. ഭൂമിയുടെ ഉപരിതലത്തിലെ സാധാരണ ഉൗഷ്‌മാവിലും മർദ്ദത്തിലും (NTP) ഒരേസമയം മൂന്ന് അവസ്ഥയിലും നിലകൊള്ളുന്നതും പ്രകൃത്യാ ഉണ്ടാകുന്നതുമായ ഒരേയൊരു വസ്തു വെള്ളമാണെന്നതാണ് കാരണം.

സമുദ്രത്തിന്റെ ശരാശരി ആഴം നാല് കിലോമീറ്ററാണ്. ഇതിൽ ഉൾക്കൊള്ളുന്നതാകട്ടെ ഭൂമിയുടെ ദ്രവ്യത്തിന്റെ 0.02 ശതമാനം മാത്രവും.

കുറേ വർഷങ്ങളായി ഇന്ത്യൻ സമുദ്രതീരങ്ങൾ ഗുരുതരമായ മലിനീകരണ ഭീഷണി നേരിടുന്നു. ഇതിന് പരിഹാരം കാണാൻ ഫലപ്രദമായ ഇടപെടലുകളും സാങ്കേതികവിദ്യകളുടെ പ്രയോഗവും അത്യന്താപേക്ഷിതമാണ്. കടലിലെറിയുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിനും ജീവികൾക്കും ഉണ്ടാക്കുന്ന ഹാനിയെപ്പറ്റി ഗൗരവമായി ചിന്തിക്കാനുള്ള സമയം വൈകി. ഇന്ത്യൻ തീരങ്ങളിലും സമുദ്രത്തിന്റെ ഉപരിതലത്തിലും ആഴത്തിലും പ്ളാസ്റ്റിക് മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ വലിയ അളവിലുണ്ട്. ഇവ കാലക്രമേണ കാറ്റും വെയിലും കൊണ്ട് സൂക്ഷ്മപദാർത്ഥങ്ങളായി മാറും. അവ ഭക്ഷിക്കുന്ന കടൽ ജീവികൾ കൂട്ടത്തോടെ നശിക്കും. പ്ളാസ്റ്റിക് സമുദ്രത്തിലേക്കെത്തുന്നത് നദികൾ, മത്സ്യബന്ധനം, കപ്പൽ ഗതാഗതം, കരയിൽനിന്ന് വലിച്ചെറിയൽ എന്നിവയിലൂടെയാണ്. കടലിൽ എത്രത്തോളം മാലിന്യവും പ്ളാസ്റ്റിക്കും ഉണ്ട്, അവ എങ്ങനെ നശിക്കുന്നു എന്നതിനെപ്പറ്റി കൃത്യമായ കണക്കുകളൊന്നുമില്ല.

പ്ളാസ്റ്റിക് മാലിന്യങ്ങൾ കടലിൽ എങ്ങനെ കറങ്ങിനടക്കുന്നു എന്നത് കൃത്യമായി പഠിക്കാനുള്ള സിമുലേഷൻ / സർക്കുലേഷൻ മോഡലുകളും അധികമില്ല. ഇതിന് കാരണം വെള്ളത്തിലുള്ള അവയുടെ ഏറെ സങ്കീർണ്ണമായ ചലന രീതികളാണ്. സമുദ്രത്തിലെ കാറ്റും ഉപരിതലത്തിലും ആഴത്തിലുമുള്ള ഒഴുക്കുമാണ് മാലിന്യങ്ങളുടെ സഞ്ചാരത്തെ പ്രധാനമായും നയിക്കുന്നത്.

സുനാമികൾ, കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കം, മനുഷ്യരുടെ പ്രവൃത്തികൾ കൊണ്ടുള്ള അപകടങ്ങൾ ഇവയെല്ലാം കടലിലേക്കൊഴുകിവരുന്ന ജീർണ്ണാവശിഷ്ടങ്ങളുടെ അളവ് കൂട്ടുന്നു. അപകടങ്ങളും അത്യാഹിതങ്ങളും നടക്കുന്ന സമയത്ത് പലപ്പോഴും എത്ര അവശിഷ്ടങ്ങൾ കടലിലേക്ക് പോയെന്ന് തിട്ടപ്പെടുത്തുക വിഷമം പിടിച്ച കാര്യമാണ്. എങ്ങനെയായാലും ഇൗ അവശിഷ്ടങ്ങൾ ആഗോള ഉപദ്രവമാണ്. പ്രാദേശികമായും ദേശീയമായും ഇൗ പ്രശ്നത്തെ നേരിടാനുള്ള സംഘടിത പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് ലക്ഷ്യമാക്കി സമ്മേളനങ്ങളും നിയന്ത്രണങ്ങളും ഉടമ്പടികളും ഒക്കെ നടപ്പിലാക്കി വരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഭൗമശാസ്ത്ര മന്ത്രാലയം ഈ പ്രശ്നം പഠിക്കാൻ പലഘട്ടങ്ങളായി ശ്രമിക്കുന്നു. തീരത്തുനിന്നും പുറംകടലിൽനിന്നും 75 സാമ്പിളുകൾ ശേഖരിച്ച് അവയിലെ പ്ളാസ്റ്റിക്കിന്റെ അളവും ഘടനയും നിർണയിക്കുന്ന പരീക്ഷണങ്ങൾ ബ്രിട്ടൻ, നോർവേ തുടങ്ങിയ രാജ്യങ്ങളോട് ചേർന്ന് ഭൗമശാസ്ത്ര വകുപ്പ് നടപ്പാക്കിവരുന്നുണ്ട്.

ദേശീയവും അന്തർദ്ദേശീയവുമായ ബഹുമുഖ മാർഗങ്ങളിലൂടെയേ സമുദ്ര മലിനീകരണ പ്രശ്നത്തെ നേരിടാനാകൂ. സമ്മേളനങ്ങൾ ബോധവത്കരണം, നിയന്ത്രണങ്ങൾ, കർമ്മപദ്ധതികൾ, നയോപായങ്ങൾ, പരിപാടികൾ, മാർഗനിർദ്ദേശങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. സമുദ്രോപയോഗത്തെക്കുറിച്ചുള്ള പരമപ്രധാനമായ ഉടമ്പടിയാണ്

യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലാ ഒഫ് ദി സീസ് (UNCLOS). കടലിലെ പ്ളാസ്റ്റിക് മാലിന്യം കുറയ്ക്കലും പരിസ്ഥിതി സംരക്ഷണവുമാണ് ലക്ഷ്യം. ഉത്തരവാദിത്വം അംഗരാഷ്ട്രങ്ങൾക്കാണ്.

ഇന്ത്യ ഒരു വർഷം 25,940 മെട്രിക് ടൺ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നു എന്നാണ് കണക്ക്. ഇതിന്റെ സിംഹഭാഗവും (94%) പുതുക്കി ഉപയോഗിക്കാവുന്ന തെർമോപ്ളാസ്റ്റിക് വിഭാഗത്തിൽപ്പെട്ടവയാണ്. നദികളിലൂടെയും തീരനഗരങ്ങളിൽ നിന്ന് അഴുക്കുചാലുകളിൽക്കൂടി എത്തുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും കാര്യത്തിൽ തെറ്റായ മാനേജ്മെന്റാണ് നാം പിന്തുടരുന്നത്. ഇവ നീക്കുന്നതിനെക്കുറിച്ചോ കടൽ ശുദ്ധീകരിക്കുന്നതിനെക്കുറിച്ചോ ഒന്നും വലിയ അറിവോ ഗഹനമായ പഠനങ്ങളോ ഇല്ല. പ്ളാസ്റ്റിക് മാലിന്യങ്ങൾ ഏതുവഴിയേ പോവുന്നു എന്നതിനെക്കുറിച്ചും നീർച്ചുഴികളെക്കുറിച്ചും ഒക്കെ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. വിവിധ സ്ഥാപനങ്ങളെ കൂട്ടിയിണക്കി മറൈൻ പ്ളാസ്റ്റിക് ശല്യം കുറയ്‌ക്കാനുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.

ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ

സമുദ്ര മലിനീകരണത്തിനെതിരെ ബോധവത്കരണത്തിനും ഇടപെടലുകൾക്കുമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളിലൊന്നായ ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ (OSI) ആസ്ഥാനം കൊച്ചിയിലാണ്.

കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ആൻഡ് ലിവിംഗ് റിസോഴ്സസിന്റെ (CMLRE) ഭാഗമായ പ്രൊഫഷണൽ സൊസൈറ്റി ആണിത്. കൊച്ചി​, ഗോവ, ചെന്നൈ, പൂന, ഡൽഹി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. എൻജിനിയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ദ്ധർ, ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് അംഗങ്ങൾ. വെബ് വിലാസം: www.oceansociety.in

(ഖരഗ്പൂർ ഐ.ഐ.ടിയിൽ പ്രൊഫസറാണ് ലേഖകൻ

പരിഭാഷ: ഡോ. അനന്തനാരായണൻ,

- നേവൽ ഫിസിക്കൽ ആൻ‌ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി കൊച്ചി മുൻ ഡയറക്ടർ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD OCEAN DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.