SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.04 PM IST

വില്ലനായി വിലക്കയറ്റം; പലിശ ഇനിയും കൂടും

rbi

കൊച്ചി: നാണയപ്പെരുപ്പം പിടിവിട്ട പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് തുടർച്ചയായ രണ്ടാംതവണയും കൂട്ടിയത്. പലിശ കൂടുമ്പോൾ പൊതുവിപണിയിലേക്ക് ബാങ്കുകളിൽ നിന്നൊഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപ്പെരുപ്പം താഴാൻ സഹായിക്കും.

ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 6 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് അഭികാമ്യം. ഏപ്രിലിൽ ഇത് 8 വർഷത്തെ ഉയരമായ 7.79 ശതമാനത്തിലെത്തിയതോടെയാണ് മേയ് നാലിന് റിസർവ് ബാങ്ക് അടിയന്തരമായി പലിശനിരക്കുയർത്തിയത്.

നടപ്പുവർഷം ഡിസംബർ‌വരെയെങ്കിലും നാണയപ്പെരുപ്പം നിയന്ത്രണപരിധിക്കുമേൽ തുടരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് ഇന്നലെ പറഞ്ഞത്. ഇന്ത്യ വാങ്ങുന്ന ക്രൂഡോയിലിന്റെ ശരാശരിവില ബാരലിന് 105 ഡോളർ കണക്കാക്കിയാണിത്.

നടപ്പുവർഷം (2022-23) നാണയപ്പെരുപ്പം 6.7 ശതമാനമായിരിക്കും. ഈപാദത്തിൽ (ഏപ്രിൽ-ജൂൺ) 7.5 ശതമാനം, ജൂലായ്-സെപ്തംബറിൽ 7.4 ശതമാനം, ഒക്‌ടോബർ-ഡിസംബറിൽ 6.2 ശതമാനം, ജനുവരി-മാർച്ചിൽ 5.8 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷ.

അതായത്, ഡിസംബർവരെയുള്ള എം.പി.സി യോഗത്തിൽ റിസർവ് ബാങ്ക് തുടർച്ചയായി മുഖ്യ പലിശനിരക്ക് കൂട്ടിയേക്കും. റിപ്പോനിരക്ക് 6 ശതമാനമായി ഉയർത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

ഇന്ത്യ വളരും 7.2%

നടപ്പുവർഷം ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാനിരക്ക് റിസർവ് ബാങ്ക് 7.2 ശതമാനത്തിൽ നിലനിറുത്തി. ആഗോളതലത്തിൽ നിന്ന് വെല്ലുവിളി ഏറെയുണ്ടെങ്കിലും മികച്ച മൺസൂൺ,​ മെച്ചപ്പെട്ട ഖാരിഫ് വിളവെടുപ്പ്,​ ഉയരുന്ന ഉപഭോഗം എന്നിവ ഉണർവിലേക്കുള്ള തിരിച്ചുകയറ്റത്തെ സഹായിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

 നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) വളർച്ചാപ്രതീക്ഷ : 16.2%

 ജൂലായ്-സെപ്തംബർ‌ : 6.2%

 ഒക്‌ടോബർ-ഡിസംബർ : 4.1%

 ജനുവരി-മാർച്ച് : 4.0%

6-0

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) ഐകകണ്ഠ്യേനയാണ് പലിശനിരക്ക് കൂട്ടിയത്.

സഹകരണ ബാങ്കിൽ നിന്ന്

ഇനി ആവോളം ഭവനവായ്‌പ

സഹകരണബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്‌പകളുടെ പരിധി 100 ശതമാനം ഉയർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. അർബൻ ബാങ്കുകളിലെ പരിധി 30-70 ലക്ഷം രൂപയിൽ നിന്ന് 60-140 ലക്ഷം (1.4 കോടി) രൂപയാക്കി. 100 കോടി രൂപയ്ക്കുതാഴെ ആസ്തിയുള്ള റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലേത് (ആർ.സി.ബി) 20-50 ലക്ഷം രൂപയിൽ നിന്ന് 30-75 ലക്ഷം രൂപയാക്കി.

 സഹകരണ ബാങ്കുകൾക്ക് ഇനിമുതൽ വാണിജ്യ റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്കും റെസിഡൻഷ്യൽ ഹൗസിംഗ് പദ്ധതികൾക്കും വായ്‌പ നൽകാം.

 അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഇടപാടുകാർക്ക് വാതിൽപ്പടി സേവനം ലഭ്യമാക്കും.

ഒ.ടി.പി ഇല്ലാതെ ₹15,000

ഉപഭോക്താക്കളുടെ മുൻകൂ‌ർ അനുമതിയോ ഒ.ടി.പി സൗകര്യമോ ഇല്ലാതെ അവരുടെ അക്കൗണ്ടിൽ നിന്ന് സേവനദാതാക്കൾക്ക് പിൻവലിക്കാവുന്ന തുക (റെക്കറിംഗ് പേമെന്റ്) നിലവിലെ 5,000 രൂപയിൽ നിന്ന് 15,000 രൂപയാക്കി.

 വിവിധ സബ്സ്‌ക്രിപ്ഷനുകൾ, ഇൻഷ്വറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് തുടങ്ങിയവയ്ക്ക് ഇത് പ്രയോജനകരമാണ്.

ക്രെഡിറ്റ് കാർഡും

യു.പി.ഐയിലേക്ക്

അനുദിനം ഉയരുന്ന ഡിജിറ്റൽ പണമിടപാടുകൾക്ക് കരുത്തേകാൻ ക്രെഡിറ്റ് കാർഡുപയോഗിച്ചും യു.പി.ഐ ഇടപാട് നടത്താൻ അനുവദിക്കും. ആദ്യഘട്ടത്തിൽ റൂപ്പേ ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കാനാവുക.

 നിലവിൽ സേവിംഗ്/കറന്റ് അക്കൗണ്ട്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാണ് ഉപഭോക്താക്കൾ യു.പി.ഐ അക്കൗണ്ടെടുത്ത് ഇടപാട് നടത്തുന്നത്.

 ഈവർഷം മേയിൽ 594.63 കോടി യു.പി.ഐ ഇടപാടുകൾ നടന്നു; കൈമാറ്റം ചെയ്യപ്പെട്ട തുക 10.40 ലക്ഷം കോടി രൂപ.

''സഹകരണ ബാങ്കുകളിൽ നിന്നുള്ള ഭവനവായ്‌പാ വിതരണം കൂട്ടാനുള്ള തീരുമാനം കേരളത്തിന് വലിയ നേട്ടമാകും. വാണിജ്യ റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്കും ഇനി സഹകരണ ബാങ്ക് വായ്‌പ ലഭിക്കും. വാതിൽപ്പടി സേവന തീരുമാനവും ഗുണകരമാണ്""

എസ്.ആദികേശവൻ,​

സി.ജി.എം.,​ എസ്.ബി.ഐ

യാഥാർത്ഥ്യബോധമുള്ള നയം

''യാഥാർത്ഥ്യബോധമുള്ള ധനനയമാണിത്. നാണയപ്പെരുപ്പത്തിന്റെ ഗൗരവം കേന്ദ്രബാങ്ക് തിരിച്ചറിയുന്നു. റിപ്പോ 0.50 ശതമാനം കൂട്ടിയത് വിലക്കയറ്റം നിയന്ത്രിക്കുന്നതിലേക്കുള്ള സന്ദേശമാണ്. സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുകയറുന്നുവെന്ന റിസർവ് ബാങ്ക് ഗവർണറുടെ പരാമർശം വിപണിയുടെ കാഴ്ചപ്പാടിൽ കുതിപ്പിന്റെ സൂചനയാണ്""

ഡോ.വി.കെ.വിജയകുമാർ,

ചീഫ് ഇൻവെസ്‌റ്റ്മെന്റ് സ്ട്രാറ്റജിസ്‌റ്റ്,

ജിയോജിത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RBI, INFLATION, GDP, MPC, SHAKTIKANTHA DAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.