SignIn
Kerala Kaumudi Online
Friday, 19 April 2024 1.48 PM IST

വൈദ്യുതി മുടങ്ങിയാൽ നഷ്ടപരിഹാരം

photo

വൈദ്യുതി നിലച്ചാൽ മൂന്നുമിനിട്ടിനകം പുനസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിനു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് പുതിയ കേന്ദ്ര വൈദ്യുതി ഭേദഗതി ചട്ടം. ഇതു വായിക്കുന്ന ഉപഭോക്താവിന്റെ ചുണ്ടുകളിൽ പരിഹാസച്ചിരി വിരിഞ്ഞുകൂടെന്നില്ല. മൂന്ന് മണിക്കൂർ കഴിഞ്ഞാലും പോയ വൈദ്യുതിബന്ധം പുനസ്ഥാപിക്കാത്ത തിക്താനുഭവമുള്ളവരാകും ഭൂരിപക്ഷം ഉപഭോക്താക്കളും. നിലവാരമുള്ളതും തടസമില്ലാത്തതുമായ വൈദ്യുതി ഉപഭോക്താവിന്റെ അവകാശമാണെന്നാണ് വയ്‌പ്. വിതരണ സംവിധാനത്തിലെ പാളിച്ച മുതൽ ജീവനക്കാരുടെ കുറവു വരെയുള്ള പ്രശ്നങ്ങളാണ് വൈദ്യുതി തടസങ്ങൾ പരിഹരിക്കാൻ പ്രധാന തടസം. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ഥിതി ഭേദപ്പെട്ടുവരുന്നുണ്ടെന്നുള്ളത് ആശ്വാസകരമാണ്. എങ്കിലും സേവന നിലവാരം വളരെയധികം മെച്ചപ്പെടാനുമുണ്ട്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ.

ഏതെല്ലാം വീഴ്ചകൾക്കു ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി ചട്ടഭേദഗതി നിയമത്തിൽ പറയുന്നുണ്ട്. ദിവസത്തിൽ ഒന്നിലധികം തവണ വൈദ്യുതി തടസം നേരിട്ടാൽ, കണക്‌ഷൻ വൈകിയാൽ, കേടായ മീറ്റർ മാറ്റിവയ്ക്കൽ, വോൾട്ടേജ് ക്ഷാമമുണ്ടായാൽ, ബില്ലിനെക്കുറിച്ചു തർക്കമുണ്ടെങ്കിൽ പരിഹാരനടപടി വൈകിയാൽ എന്നിവയ്ക്കൊക്കെ നഷ്ടപരിഹാരം നൽകേണ്ടിവരും. ഉപഭോക്താവിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള പുതിയ ചട്ടഭേദഗതി വൈദ്യുതി ബോർഡുകൾ എത്രത്തോളം പാലിക്കുമെന്നാണ് അറിയാനുള്ളത്. നിലവിൽ ബോർഡും ഉപഭോക്താക്കളും തമ്മിലുള്ളബന്ധം അത്രയൊന്നും സൗഹാർദ്ദപരമാണെന്നു പറയാനാകില്ല. അടിക്കടിയുള്ള നിരക്കു വർദ്ധനയും നിലവാരമില്ലാത്ത സേവനവുമാണ് ഇതിനു പ്രധാന കാരണം.

പല സംസ്ഥാനങ്ങളിലും സ്വകാര്യമേഖലയ്ക്കും വൈദ്യുതി ഉത്‌പാദനത്തിലും വിതരണത്തിലും മുഖ്യപങ്കുണ്ട്. വിതരണ രംഗത്തെ വീഴ്ചകൾക്ക് കനത്തപിഴ നൽകേണ്ടിവരുന്നതിനാൽ വൈദ്യുതി തടസപ്പെടാതിരിക്കാൻ അവർ അതീവജാഗ്രത കാണിക്കാറുണ്ട്. കേരളത്തിൽ ഉത്പാദനവും വിതരണവും പൂർണമായും ബോർഡിന്റെ അധീനതയിലായതിനാൽ അവർ നിശ്ചയിക്കുന്നതുപോലെയാണ് കാര്യങ്ങൾ. ബോർഡിനെ തിരുത്താനും വഴികാട്ടാനുമായി നിലവിൽവന്ന റഗുലേറ്ററി കമ്മിഷൻ പോലും പലപ്പോഴും ബോർഡിന്റെ ആജ്ഞാനുവർത്തികളായി മാറുന്ന കാഴ്ചയുമുണ്ട്.

സംസ്ഥാനത്തിന്റെ പുതിയ സാമ്പത്തികവികസന പദ്ധതി പ്രകാരം വ്യവസായ മേഖലയിൽ വലിയതോതിൽ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വൈദ്യുതി ആവശ്യം പതിന്മടങ്ങ് ഉയരുകയും ചെയ്യും. അതിനനുസരിച്ച് വൈദ്യുതി ഉത്പാദനത്തിലും വിതരണത്തിലും പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനായില്ലെങ്കിൽ പദ്ധതികൾ പലതും കടലാസിൽത്തന്നെ ശേഷിക്കും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ അധികപങ്കും പുറത്തുനിന്നാണു വാങ്ങുന്നത്. പലപ്പോഴും ഇതിന് അധിക ചെലവും വഹിക്കേണ്ടിവരുന്നു.

ഉപഭോക്താക്കളുടെ താത്‌പര്യങ്ങൾക്ക് കെ.എസ്.ഇ.ബി നിലവിൽ വലിയ പ്രാധാന്യമൊന്നും നൽകാറില്ലെന്നതാണ് യാഥാർത്ഥ്യം. വിവരമറിയിച്ചാലും വൈദ്യുതി തടസം പരിഹരിക്കാൻ ഏറെ സമയമെടുക്കും. നഗരപ്രദേശങ്ങളിൽ വലിയ തടസമുണ്ടാകാറില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിൽ പലപ്പോഴും ജീവനക്കാരുടെ കാലുപിടിക്കേണ്ട സ്ഥിതിയാണ്. സന്ധ്യകഴിഞ്ഞാണ് ബന്ധം മുറിയുന്നതെങ്കിൽ പിറ്റേദിവസം വരെ കാത്തിരിക്കുകയും വേണം . പുതിയ ചട്ടം പ്രാബല്യത്തിലാകുമ്പോഴെങ്കിലും ഈ സ്ഥിതിക്കു മാറ്റമുണ്ടാകുമോ എന്നാണ് അറിയേണ്ടത്. തടസമില്ലാതെ സേവനമെത്തിക്കാൻ പാകത്തിൽ ബോർഡ് ഓഫീസുകൾ സജ്ജമാകേണ്ടതുണ്ട്. ഉപഭോക്താക്കൾ കൂടുന്നതനുസരിച്ച് ജീവനക്കാർ കൂടാത്തതാണ് സേവനത്തിൽ നേരിടുന്ന തടസങ്ങൾക്കു കാരണമായി പറയാറുള്ളത്. അതൊന്നും പക്ഷേ ഉപഭോക്താവ് അറിയേണ്ട വിഷയമല്ല. മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിൽ മാത്രമാണ് അയാൾക്കു താത്‌പര്യം. നഷ്ടപരിഹാരത്തിലല്ല, മുടങ്ങാതെ സേവനം ലഭ്യമാക്കാനാകണം വൈദ്യുതി ബോർഡ് ശ്രമിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY USERS TO GET COMPENSATION FOR POWERCUT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.