SignIn
Kerala Kaumudi Online
Thursday, 18 April 2024 9.00 PM IST

ജി.എസ്.ടി.യും പലതരം പ്രശ്നങ്ങളും

photo

നന്മകളാൽ സമൃദ്ധമെന്ന വിശ്വാസത്തിൽ 2017 ജൂലായ് ഒന്നിന്റെ അർദ്ധരാത്രിക്ക്, പാർലമെന്റ് സമ്മേളിച്ചു കൊണ്ട്, ഏർപ്പെടുത്തിയ ജി.എസ്.ടി ഇന്നും പല പ്രശ്നങ്ങളുടെയും നടുവിലാണ്. നടപ്പിലാക്കി എടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ഒരു ഒത്തുതീർപ്പ് നികുതിയുടെ രൂപത്തിലാണ് അത് വന്നുചേർന്നത്. നിലവിലുള്ള പരോക്ഷ നികുതികളെല്ലാം ലയിച്ചുചേരുന്ന , 'ഒരേ ഒരു ഇന്ത്യ ഒരൊറ്റ നികുതി' യാണ് പറഞ്ഞിരുന്നെങ്കിലും പെട്രോളിയം ഉത്‌പന്നങ്ങൾ, മദ്യം, റിയൽ എസ്റ്റേറ്റ്, വൈദ്യുതി എന്നിങ്ങനെ നല്ല കച്ചവടം നടക്കുന്ന ചരക്കുകളും സേവനങ്ങളും ഒഴിവാക്കിയാണ് ജി.എസ്.ടി അവതരിച്ചത്. പുത്തൻനികുതിക്ക് അഞ്ച് വയസ്സ് ആകുമ്പോഴും ഇവയെല്ലാം ജി.എസ്.ടി യുടെ വെളിയിൽത്തന്നെ നിലകൊള്ളുന്നു.

ജി.എസ്.ടി സമ്പൂർണമായൊരു പരോക്ഷനികുതിയായി പരിണമിക്കാത്തതിന്റെ കാരണങ്ങൾ തേടുമ്പോൾ വെളിപ്പെടുന്നത് ഈ നികുതിയുടെ ചില അടിസ്ഥാന ദൗർബല്യങ്ങളാണ്. 1950 ജനുവരിയിൽ ഭരണഘടന നിലവിൽ വന്നപ്പോൾത്തന്നെ ഗുണമുള്ള ഒട്ടുമിക്ക വരുമാന സ്രോതസ്സുകളും കേന്ദ്ര സർക്കാരിന്റെ വരുതിയിലായിത്തീർന്നിരുന്നു. സംസ്ഥാനങ്ങൾക്ക് പിടിച്ചുനിൽക്കാനുള്ള വകയെങ്കിലും നൽകിയിരുന്നത് അവരുടെ വരുതിയിലുള്ള വില്പനനികുതികളായിരുന്നു. എന്നാൽ 2017 ജൂലായിലെ(ജി എസ് ടി) ഭരണഘടന ഭേദഗതി പ്രകാരം അവയും കൂടി സംസ്ഥാനങ്ങൾക്ക് നഷ്ടമായി. പക്ഷേ സംസ്ഥാനങ്ങൾ ജി.എസ്.ടി യിലേക്കുള്ള മാറ്റത്തിന് സമ്മതിച്ചത് വൻതോതിൽ വരുമാനം വർദ്ധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കേരളം തന്നെ ആദ്യം കരുതിയത് ഓരോ വർഷവും ലഭ്യമാകുന്ന സംഖ്യ 20 ശതമാനം കണ്ട് വർദ്ധിക്കുമെന്നായിരുന്നു. ഇതുകൂടാതെ വരുമാനം 14ശതമാനമായെങ്കിലും വർദ്ധിക്കാതെ വന്നാൽ അത് കേന്ദ്രം, സെസ് ചുമത്തി, അഞ്ചുവർഷത്തേക്ക് പരിഹരിക്കുമെന്ന പ്രലോഭനവുമുണ്ടായി. പക്ഷേ രണ്ട് പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായത്. ഒന്നാമത്തേത് പ്രതീക്ഷിച്ച വരുമാനം വരാതെ പോയി. അഞ്ചാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിൻ പ്രകാരം ജി.എസ്.ടി യിൽ ലയിച്ചുചേർന്ന പഴയ നികുതികൾ, 2016 - 17 ൽ ജിഡിപിയുടെ 6.3ശതമാനം വരുമാനം കൊണ്ടുവന്നിരുന്നു. എന്നാൽ 2019 - 20ൽ അത് 5.1ശതമാനമായി ഇടിഞ്ഞു . കേരളത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിന്റെ പകുതിയിൽ താഴെ മാത്രമേ വരുമാനം വർദ്ധിച്ചുള്ളൂ. സെസ് കൊണ്ട് മാത്രം തികയാതെ വന്നപ്പോൾ നഷ്ടപരിഹാരത്തിനായി കേന്ദ്രം കടംവാങ്ങി നൽകുന്ന അവസ്ഥയും വന്നുചേർന്നു. കടംകൊണ്ട തുക വസൂലാക്കുന്നതുവരെ സെസ് വരുംവർഷങ്ങളിലും തുടരുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. മോശപ്പെട്ട ഈ അവസ്ഥയ്ക്ക് കാരണം നഷ്ടപരിഹാരത്തുക കൊടുക്കുന്നത് കേന്ദ്രത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ ( സഞ്ചിത വരുമാനത്തിൽ) നിന്നും വഹിക്കുമെന്ന വകുപ്പ് ചേർക്കാതെ പോയതിനാലാണ്. അതിന്റെ ഫലമായി അഞ്ചുവർഷത്തിനുശേഷം നഷ്ടപരിഹാരം ഇല്ലാതായെന്നു മാത്രമല്ല അതുവരെയുള്ള പരിഹാരത്തുകയുടെ ഭാരം, സെസിന്റെ രൂപത്തിൽ ജനങ്ങളിൽത്തന്നെ പതിക്കുകയും ചെയ്തു.

ജി.എസ്.ടി യുടെ കാലം വിലക്കുറവിന്റേതാകുമെന്ന പ്രതീക്ഷയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങൾ നീങ്ങുന്നത്. പഴയകാല ഇരട്ടനികുതി സമ്പ്രദായം ഒഴിവാക്കുന്നത് കൊണ്ട് ഉത്‌പാദനച്ചെലവ് കുറയുമെന്നും അത് വിലകളിൽ പ്രതിഫലിക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാൽ ജി.എസ്.ടി യുടെ കാലത്ത് വിലകൾ ഉയർന്നു പൊങ്ങുന്നതിന്റെ കാരണങ്ങൾ തേടുമ്പോൾ വെളിവാകുന്നത് ഈ നികുതിയുടെ ചില ഘടനാപരമായ വൈകല്യങ്ങളാണ് . മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും ശരാശരി നികുതിനിരക്ക് ജി.എസ്.ടി.ക്ക് മുമ്പ് 15 ശതമാനമായിരുന്നു; ജി.എസ്.ടി യുടെ കീഴിൽ അത് 18 ശതമാനമായി ഉയർന്നു. മറ്റൊരു കാര്യം, ഒട്ടുമിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്‌പാദനചെലവിൽ ഒരു പ്രധാന ഘടകമായ ഇന്ധനങ്ങൾ ജി.എസ്.ടി യുടെ പരിധിയിൽ വന്നിട്ടില്ല. പെട്രോളിന്റെ ഇപ്പോഴത്തെ കേന്ദ്രസംസ്ഥാന നികുതികൾ 134.37ശതമാനമാണ്; ഡീസലിന്റേത് 116.32ശതമാനവും . ഇന്ധനവിലകളിലെ അഗ്നി മറ്റെല്ലാ മേഖലകളിലേക്കും പടർന്നു കയറിക്കൊണ്ടിരിക്കുന്നു. അതുപോലെതന്നെ വിചിത്രമായ ചില നിരക്ക് വ്യത്യാസങ്ങളും ജി.എസ്.ടി യിൽ കാണാവുന്നതാണ്. സമൂഹത്തിലെ ഉയർന്നതട്ടിലുള്ളവരാണ് സ്വർണത്തിന്റെയും സ്വർണാഭരണങ്ങളുടെയും 80 ശതമാനവും വാങ്ങുന്നത്. പക്ഷേ അതിന്റെ ജി.എസ്.ടി മൂന്ന് ശതമാനമായി തുടരുമ്പോൾ ഒട്ടുമിക്ക മേഖലകളിലും ഉപയോഗിക്കപ്പെടുന്ന സിമന്റിന്റെ ജി.എസ്.ടി 28 ശതമാനമായി തുടരുന്നതിന്റെയും യുക്തി എന്തെന്നറിയില്ല. ജി.എസ്.ടി യുടെ കാലത്ത് വിലകളും ജീവിതച്ചെലവും വൻതോതിൽ കൂടാനിടയായ മലേഷ്യയിൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ അത് പിൻവലിച്ച അനുഭവമുണ്ട്. അതുപോലെ അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ സർക്കാർ ഇന്നേവരെ ജി.എസ്.ടി കൊണ്ടുവന്നിട്ടില്ല. അവിടെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ജി.എസ്.ടി രംഗത്തെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീണ്ടുപോയാൽ നമുക്കും അമേരിക്കൻ മോഡലിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GST
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.