SignIn
Kerala Kaumudi Online
Thursday, 25 April 2024 9.03 AM IST

മലയോരജനത കുടിയിറങ്ങേണ്ടി വരുമോ ?

photo

വന്യമൃഗങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്തവരാണ് ഇടുക്കിക്കാർ. എന്നാൽ, ഭൂപ്രശ്‌നങ്ങളും വനഭൂമിയുമായുമെല്ലാം ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും ഇവർക്ക് ബാലികേറാമലയാവുകയാണ്. അവർ ഇന്നുവരെ ആർജിച്ച എല്ലാ കരുത്തും ചോർത്തിക്കളയുന്ന നിയമങ്ങൾ. അതിജീവന മാർഗങ്ങളായ കൃഷിയും ടൂറിസവുമെല്ലാം ഈ നിയമങ്ങളുടെ കാണാചരടുകളിൽപ്പെട്ടു പ്രതിസന്ധിയിലാണ്. റോഡ് വികസനം പോലും സാദ്ധ്യമാകാത്ത സാഹചര്യം. ഇതിനിടയിലാണ് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ ദൂരം പരിസ്ഥിതി ലോലമാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നൽകിയ റിപ്പോർട്ടുകളാണ് സുപ്രീംകോടതിയെ ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ വനമേഖലയുള്ളത് ഇടുക്കിയിലാണ്. ജില്ലയിൽ ദേശീയോദ്യാനങ്ങളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളുമടക്കം എട്ട് അതീവ സംരക്ഷിത വനമേഖലകളാണുള്ളത്. മറ്റ് സംരക്ഷിത വനമേഖകൾ വേറെയും. പെരിയാർ വന്യജീവി സങ്കേതം കൂടാതെ തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലായുള്ള ഇടുക്കി വന്യജീവി സങ്കേതം (77 ചതുരശ്ര കിലോമീറ്റർ), ചിന്നാർ വന്യജീവി സങ്കേതം(90.442 ച.കി.മീ), ഇരവികുളം ദേശീയോദ്യാനം (97 ച.കി.മീ), ആനമുടി ചോല, കുറിഞ്ഞിമല സാങ്‌ച്വറി, മതികെട്ടാൻചോല ദേശീയോദ്യാനം (12.82 ച.കി.മീ), പാമ്പാടുംചോല ദേശീയോദ്യാനം (11.753 ച.കി.മീ) എന്നിവയാണ് ജില്ലയിലെ പ്രധാന സംരക്ഷിത വനപ്രദേശങ്ങൾ. ആകെ 3770 ചതുരശ്ര കിലോമീറ്റർ വനം. കേരളത്തിൽത്തന്നെ ഏറ്റവുമധികം സംരക്ഷിത വനമേഖലയുള്ള ജില്ലകൂടിയാണ് ഇടുക്കി. 350 കിലോമീറ്റർ ദൂരത്തിൽ വനാതിർത്തിയും പങ്കിടുന്നുണ്ട്. വനംവകുപ്പ് ജണ്ടകെട്ടി തിരിച്ച് അതിർത്തി നിർണയിച്ച പ്രദേശങ്ങളെല്ലാം സംരക്ഷിത വനമേഖലയുടെ പട്ടികയിൽപ്പെടും. അതിനാൽ, നിയമം നടപ്പായാൽ ആയിരത്തിലേറെ ഏക്കർ ഭൂമിയിലെ കൃഷി അവസാനിപ്പിക്കേണ്ടിവരും. ഒട്ടേറെ കുടിയേറ്റ കർഷകർക്കാണ് ഇത് തിരിച്ചടിയാവുക. കേരളത്തിലെ ശീതകാല പച്ചക്കറി ഉത്പാദനത്തെ വരെ ഇത് ബാധിച്ചേക്കും. വന്യജീവി സങ്കേതങ്ങളുടെ അതിർത്തികളിൽ പലതും ജനവാസ മേഖലയാണ്. കുറിഞ്ഞിമല, പാമ്പാടുംചോല, ചിന്നാർ, ഇടുക്കി വന്യജീവി സങ്കേതം തുടങ്ങി ഒട്ടുമിക്ക സംരക്ഷിത വനമേഖലകൾക്ക് സമീപത്തും ജനവാസമുണ്ട്. ഇവിടെ ഇനി നിർമ്മാണപ്രവൃത്തികളോ, വികസന പദ്ധതികളോ സാദ്ധ്യമാകില്ല. ഒട്ടേറെ ആദിവാസി സെറ്റിൽമെന്റുകളുടെ അതിജീവനത്തെയും ഇത് ബാധിക്കും. സംരക്ഷിത വനമേഖലകളുടെ അനുബന്ധമായ പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിലവിലുള്ള നിർമ്മിതികളെക്കുറിച്ച് മൂന്നുമാസത്തിനകം സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവ്. ഇത് വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള റിസോർട്ടുകളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. ഇതോടൊപ്പം പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാരുടെ അനുമതി വേണമെന്നും ഇതിന് ആറുമാസം മുമ്പ് അപേക്ഷ നൽകണമെന്നും നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ റോഡ് നിർമാണമടക്കം സാദ്ധ്യമാകാതെ വരും. നിലവിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത നിർമാണങ്ങളെയും ഇത് ബാധിക്കും. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ജനങ്ങൾക്ക് അത്ര വിശ്വാസം പോര. ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17 ലെ സർവകക്ഷിയോഗ തീരുമാനം ഇതുവരെ നടപ്പാക്കാത്ത സർക്കാരാണിതെന്ന് അവർക്ക് ബോദ്ധ്യമുണ്ട്. രാജ്യത്ത് നിലനിന്നു പോരുന്ന ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ച് സുപ്രീം കോടതിയെ വേണ്ടവിധത്തിൽ ബോദ്ധ്യപ്പെടുത്താൻ കഴിയാതെ പോയതിന്റെ പരിണിത ഫലമാണ് സുപ്രീംകോടതി വിധി. ഈ വിധി അസ്ഥിരപ്പെടുത്താൻ കേരള സർക്കാർ കേസിൽ കക്ഷി ചേരണമെന്നും സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ ആവശ്യം. എന്തായാലും വിവാദ സുപ്രീം കോടതി വിധി അതിജീവിക്കാൻ കക്ഷിരാഷ്ട്രീയം മറന്നുള്ള ഒറ്റക്കെട്ടായ ജനകീയ മുന്നേറ്റം അനിവാര്യമാണ്.

കളക്ട്രേറ്റ് വരെ

പൊളിക്കേണ്ടി വരും

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാകുമ്പോൾ ജില്ലയിൽ കലക്ടറേറ്റ്, ഇടുക്കി മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ് എന്നിവയടക്കമുള്ള വലിയ നിർമിതികൾ പരിധിക്കുള്ളിലാകും. ജില്ലാ ആസ്ഥാന മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാരേറ്റെടുത്ത് ഇടുക്കി വികസന അതോറിട്ടിക്ക് നാലു തിറ്റാണ്ട് മുമ്പ് വിട്ടുനൽകിയ വന ഭൂമിയിലാണ് കളക്ട്റേറ്റ്, മെഡിക്കൽ കോളജ്, എൻജിനിയറിങ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒട്ടേറെ സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്നത്. ഇവിടെയെല്ലാം ഒട്ടേറെ പുതിയ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ മൂന്ന് നിലകളുള്ള ഒരു മന്ദിരത്തിനു മാത്രം ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണമുണ്ട്. ഇതിനു പുറമേ അക്കാഡമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്‌സ് തുടങ്ങി ഒട്ടേറെ മന്ദിരങ്ങളുടെ നിർമാണവും ഇവിടെ പുരോഗമിക്കുന്നു. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇത്തരം ബൃഹത്തായ നിർമാണ പ്രവർത്തനങ്ങളുടെ ഭാവിയെക്കുറിച്ച് വ്യാപകമായ ആശങ്ക ഉയർന്നു കഴിഞ്ഞു. നിലവിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും ആശങ്കയാണ് നിഴലിക്കുന്നത്. മൂന്നാറും ഉടുമ്പൻചോലയും അടക്കമുള്ള പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ പലതും ഇത്തരത്തിലാണ്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നീലഗിരി, ഊട്ടി മേഖലകളിൽ ഒട്ടേറെ കെട്ടിടങ്ങൾ വർഷങ്ങൾക്ക് മുൻപ് ഇടിച്ചു നിരത്തിയിരുന്നു.

ആദ്യം ബഫർ സോണായത്

മതികെട്ടാൻചോല

സംസ്ഥാനത്ത് ആദ്യമായി ഒരു സംരക്ഷിത വനപ്രദേശത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനമിറങ്ങിയത് മതികെട്ടാൻചോല ദേശീയോദ്യാനത്തിലാണ്. കഴിഞ്ഞ ഡിസംബർ 28 നാണ് മതികെട്ടാൻചോലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങിയത്. ബഫർ സോൺ സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിൽ ഖനനം, മലിനീകരണമുണ്ടാക്കുന്ന പുതിയ വ്യവസായങ്ങൾ, നിലവിലുള്ള വ്യവസായങ്ങളുടെ വിപുലീകരണം എന്നിവയ്ക്ക് നിരോധനമുണ്ടെന്ന് വ്യക്തമാക്കുന്നു. ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ, ഇഷ്ടിക നിർമാണശാലകൾ എന്നിവയും പൂർണമായി നിരോധിക്കും. വ്യാവസായിക അടിസ്ഥാനത്തിലുള്ള വലിയ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ നിർമിക്കുന്നത് കൂടാതെ വനത്തിൽനിന്നുള്ള വിഭവശേഖരണം, ടവർ നിർമാണം, മരം മുറി, പുതിയ റോഡ് നിർമാണം, പോളിത്തീൻ ബാഗുകളുടെ ഉപയോഗം എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ECO SENSITIVE ZONE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.