SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.50 PM IST

മിസ് യു 'മിഥു'

mithali-raj

വനിതാ ക്രിക്കറ്റിന് ഇന്ത്യയിൽ വേരോട്ടമുണ്ടാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് ഇന്നലെ കളിക്കളത്തോട് വിടചൊല്ലിയ മിഥാലി രാജ് എന്ന 39കാരി. 14-ാം വയസുമുതൽ ക്രിക്കറ്റിലേക്ക് ലയിച്ചുചേർന്ന മിഥാലിയുടെ കളിക്കളത്തിലെ 23 വർഷങ്ങൾ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെയും സുവർണ കാലഘട്ടമായി മാറി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് (7805) നേടിയ താരമായി മിതാലിക്കു കീഴിൽ, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനൽ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 2,364 റൺസും 12 ടെസ്റ്റിൽ 699 റൺസും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആകെ 10868 അന്താരാഷ്ട്ര റൺസാണ് മിഥാലിയുടെ ബാറ്റിൽ നിന്ന് പിറന്നത്.

പുരുഷ ക്രിക്കറ്റിൽ ഓരോ കാലഘട്ടത്തിലും ഓരോ സൂപ്പർ സ്റ്റാറുകളുണ്ടായിരുന്നു. കപിൽ, അസ്ഹർ,സച്ചിൻ,ഗാംഗുലി,ദ്രാവിഡ്,ധോണി,കൊഹ്‌ലി ,രോഹിത്...എന്നിങ്ങനെ കാലം മാറുന്നതിനനുസരിച്ച് ക്രിക്കറ്റ് രാജാക്കന്മാർ മാറിമാറി വന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ റാണിയായി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് വാണത് ഒരേയൊരാളാണ്,മിഥാലി രാജ്. പഴക്കമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയായിരുന്നു മിഥാലി ദൊരൈ രാജ് എന്ന 39കാരി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യ തോറ്റെങ്കിലും ടീമിനെ നയിച്ച മിഥാലി സ്വന്തമാക്കിയത് വനിതാക്രിക്കറ്റിലെ അപൂർവ റെക്കാഡുകളാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും 10,000 റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും രണ്ടാമത്തെ വനിതയുമായി മിഥാലി ചരിത്രം കുറിച്ചത് ഈ പരമ്പരയിലാണ്.തൊട്ടുപിന്നാലെ ഏകദിന ക്രിക്കറ്റിൽ മാത്രമായി 7,000 റൺസ് നേടുന്ന ആദ്യ അന്താരാഷ്ട്ര വനിതാ താരവുമായി. അതിന് ശേഷം ഏകദിനത്തിൽ ഹർമൻപ്രീത് കൗറിനൊപ്പം പതിനാലാമത്തെ അർദ്ധസെഞ്ച്വറി കൂട്ടുകെട്ടുയർത്തി അടുത്ത റെക്കാഡിനും ഉടമയായി.ഇന്ത്യൻ ക്രിക്കറ്റിലെ വനിതാ ഏകദിന അർദ്ധസെഞ്ച്വറി കൂട്ടുകെട്ടുകളിൽ താനും അഞ്ജും ചോപ്രയും ചേർന്നുണ്ടായിരുന്ന 13 അർദ്ധസെഞ്ചുറി കൂട്ടുകെട്ടുകളുടെ റെക്കാഡാണ് മിഥാലി-ഹർമൻപ്രീത് സഖ്യം തകർത്തത്.

1999 ജൂണിലെ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ച മിഥാലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ എന്ന ഖ്യാതിയോടെയാണു മൈതാനത്തോടു വിടപറയുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം. ലോകകപ്പിൽ ഇന്ത്യയ്ക്കു ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെങ്കിലും അവസാന മത്സരത്തിൽ 84 പന്തിൽ 68 റൺസെടുത്ത് മിഥാലി തിളങ്ങിയിരുന്നു.

തമിഴ് തുളുവ വെള്ളാള കുടുംബാംഗമാണ് മിഥാലി. അച്ഛൻ ദൊരൈ രാജ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനായതിനാൽ രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു ജനനം. കുട്ടിക്കാലത്ത് നൃത്തത്തിലായിരുന്നു താത്പര്യം. ഒൻപതാം വയസുമുതൽ അത് ക്രിക്കറ്റിന് വഴിമാറി. സ്റ്റേജിലേതിനെക്കാൾ സുന്ദരമായ ചുവടുകളുമായി ക്രീസിൽ നടമാടിത്തുടങ്ങിയ മിഥാലി 1997ൽ തന്റെ 14–ാം വയസിൽ ലോകകപ്പ് ക്രിക്കറ്റ് ടീമിലെത്തി .എന്നാൽ അന്ന് ഒറ്റമത്സരത്തിൽപ്പോലും കളിക്കാനായില്ല. 1999ൽ വീണ്ടും ടീമിലിടം നേടിയശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല.

ട്വന്റി-20യിൽ 2000ൽ അധികം റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ താരമാണു മിഥാലി. കൂടുതൽ മത്സരങ്ങൾ കളിച്ചതുകൊണ്ടാകാം, സാക്ഷാൽ വിരാട് കൊഹ്‌ലിക്കു പോലും മുൻപേ ഈ നേട്ടത്തിലെത്തി . ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ വനിതാ താരം ഇപ്പോഴും മിഥാലി തന്നെയാണ്.

2018ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിനുള്ള ടീമിൽ തന്നെ ഉൾപ്പെടുത്തിയില്ല എന്ന് ആരോപിച്ച് കോച്ച് രമേഷ് പൊവാർ, ക്രിക്കറ്റ് ഭരണസമിതി അംഗം ഡിയാന എഡുൽ‌ജി എന്നിവർക്കെതിരെ ബി.സി.സി.ഐക്ക് കത്തയച്ച സംഭവം മാത്രമാണു സുദീർഘമായ കരിയറിനിടെ വിവാദത്തിലേക്കു വഴിമാറിയത്. ടീം എന്നതിനപ്പുറം വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടിയാണു മിഥാലി കളിക്കുന്നതെന്നും ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങി കളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിരമിക്കുമെന്നു മിതാലി ഭീഷണിപ്പെടുത്തിയതായും രമേഷ് പൊവാർ തിരിച്ചടിക്കുകയും ചെയ്തിരുന്നു

2005ലാണ് മിഥാലിക്ക് ഇന്ത്യയെ നയിക്കാൻ ആദ്യമായി അവസരം ലഭിച്ചത്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന അടക്കമുള്ള സൂപ്പർ താരങ്ങൾ അരങ്ങേറിയതും മിതാലിക്കു കീഴിലാണ്.

കുട്ടിക്കാലത്ത് ക്രിക്കറ്റിനായി നൃത്തത്തെ ഒഴിവാക്കിയ മിഥാലി മുതിർന്നപ്പോൾ താലി വേണ്ടെന്ന് വച്ചതും ഈ ഗെയിമിന് വേണ്ടിയായിരുന്നു. ഇനിയും "ഹാപ്പിലി സിംഗിൾ" തുടരാനാണ് ഇഷ്ടമെന്ന് മിഥാലി പറയുന്നു. വനിതാ ക്രിക്കറ്റിനെ പുരുഷ ക്രിക്കറ്റിന് പിന്നിൽ നിറുത്തുന്നതിനെതിരെ ശബ്ദമുയർത്തിയതും മിഥാലിയാണ്.

കഴിഞ്ഞ വനിതാ ലോകകപ്പിനിടയിലെ മീഡിയ സെഷനിൽ. ‘ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെ’ന്ന ചോദ്യത്തിന് ‘പുരുഷ താരങ്ങളോട് പ്രിയപ്പെട്ട വനിതാ ക്രിക്കറ്റർ ആരെന്നു ചോദിക്കാറുണ്ടോ’യെന്ന മറുചോദ്യമുയർത്തിയത് ഏറെ ശ്രദ്ധേയമായി. രണ്ടു പതിറ്റാണ്ടിലേറെ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർതാരമായി മിഥാലി തുടർന്നു. പുതുമുഖങ്ങൾ ടീമിലെത്തി മിന്നി മറയുമ്പോളും മിഥാലിയുടെ തിളക്കത്തിന് മങ്ങലേറ്റില്ല.

വനിതാക്രിക്കറ്റിന് ഇന്ന് രാജ്യത്ത് ലഭിക്കുന്ന അംഗീകാരത്തിൽ മിഥാലിയുടെ പ്രയത്നത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യൻ ക്രിക്കറ്റിന് രാജാക്കന്മാർ പലരുണ്ടായിരിക്കാം.പക്ഷേ റാണി ഒന്നേയുള്ളൂ, മിഥാലി...

റെക്കാഡ് രാജ്

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് 10,000 കരിയർ റൺസ് നേടിയ രണ്ടാമത്തെ വനിതാ താരമായി മിതാലി മാറിയത്. മുൻ ഇംഗ്ലണ്ട് താരം ഷാർലറ്റ് എഡ്വേർഡ്സാണ് രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ച ആദ്യ വനിതാ താരം. എന്നാൽ ഷാർലറ്റിന് ഏകദിനത്തിൽ മാത്രമായി 5992 റൺസാണുള്ളത്. നിലവിൽ കളിക്കുന്ന താരങ്ങളിൽ 8,000 റൺസിലധികം നേടിയ ഒരാൾ പോലുമില്ല

തന്റെ 213–ാം ഏകദിന മത്സരത്തിലാണ് മിതാലി 7000 റൺസിലെത്തിയത്. അതും 50.64 എന്ന സ്വപ്ന തുല്യമായ ബാറ്റിംഗ് ശരാശരിയിൽ‍.

ട്വന്റി- 20യിൽ 2364, ടെസ്റ്റിൽ 663, ഏകദിനത്തിൽ 7,098 എന്നിങ്ങനെയാണ് കരിയറിലെ റൺ നേട്ടം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ അർധസെഞ്ചുറി നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലുണ്ട്.

സബാഷ് മിഥു

മിഥാലി രാജിന്റെ ജീവിതകഥയെ ആസ്പദമാക്കിയ ബോളിവുഡ് സിനിമ സബാഷ് മിഥുവിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. തപ്സി പന്നുവാണ് മിഥാലിയുടെ വേഷത്തിൽ തിരശീലയിലെത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്ര‌യും വരും തലമുറകൾക്ക് ശരിയായ പ്രചോദനവുമാണ് മിഥാലി.

- സുരേഷ് റെയ്ന

രാജ്യമെങ്ങുമുള്ള ക്രിക്കറ്റ് താരങ്ങൾക്ക് മാതൃകയാണ്

മിഥാലി.

- ശിഖർ ധവാൻ

ഇന്ത്യയിൽ വനിതാ ക്രിക്കറ്റിന്റെ പര്യായമാണ് മിഥാലി. ലക്ഷക്കണക്കിന് ആരാധകർക്ക് പ്രചോദനവും

- ദിനേഷ് കാർത്തിക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MITHALI RAJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.