ന്യൂയോർക്ക് : കുറ്റാന്വേഷണ ലോകത്തെ പത്തു തലയുള്ള രാവണനാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റായ ജെയിംസ് ബോണ്ട്. 1962 മുതൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ബോണ്ടെന്ന ഫിക്ഷണൽ കഥാപാത്രത്തിന് ദശലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ജെയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ചത് സ്കോട്ടിഷ് നടൻ ഷോൺ കോണറിയാണ്. ഡോ. നോ (1962) ആണ് ആദ്യ ബോണ്ട് ചിത്രം. ജോർജ് ലേസെൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് എന്നിവർ ഇതുവരെ ബോണ്ടുകളായി എത്തിയെങ്കിലും ആറ് ചിത്രങ്ങളിൽ ബോണ്ടായ ഷോണിനോട് ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്.
ഇന്നും എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരുടെയും ഉത്തരം ഷോൺ കോണറി എന്നാണ്. മികച്ച സഹനടനുള്ള ഓസ്കാർ ജേതാവ് കൂടിയായ ഷോൺ 2020ലാണ് അന്തരിച്ചത്.
ബോണ്ടിന്റെ കാറായ ആസ്റ്റൺ മാർട്ടിൻ ഡിബി 5നും ആരാധാകർ ഏറെയാണ്. 1964ൽ ഷോൺ കോണറിയുടെ ' ഗോൾഡ് ഫിംഗറി"ലാണ് ആസ്റ്റൺ മാർട്ടിൻ ഡിബി 5 ആദ്യമായി ഉപയോഗിച്ചത്. വർഷങ്ങൾക്ക് ശേഷം 2018ൽ കോണറിയും ഒരു 1964മോഡൽ ഡിബി 5 പതിപ്പ് സ്വന്തമാക്കിയിരുന്നു.
ഈ കാർ ഇപ്പോൾ ലേലം ചെയ്യാൻ പോവുകയാണ്. ഓഗസ്റ്റ് 18ന് ഡിട്രോയ്റ്റിലെ ബ്രോഡ് ആരോ ഓക്ഷൻസ് കമ്പനി ലേലത്തിൽ എത്തിക്കുന്ന കാറിന് 1.4 മില്യൺ മുതൽ 1.8 മില്യൺ ഡോളർ വരെയാണ് പ്രതീക്ഷിക്കുന്നത്.
ആകെ 8 ബോണ്ട് ചിത്രങ്ങളിലാണ് ആസ്റ്റൺ മാർട്ടിൻ ഡിബി 5 പ്രത്യക്ഷപ്പെട്ടത്.വെറും 1,100 ഡിബി 5 കൾ മാത്രമാണ് ആസ്റ്റൺ മാർട്ടിൻ നിർമ്മിച്ചത്. അതിനാൽ ഇവ വളരെ അപൂർവമാണ്. ബോണ്ട് ചിത്രങ്ങളിലെ പോലെ സ്നോ ഷാഡോ ഗ്രേ നിറമാണ് കോണറിയുടെ ഡിബി 5 നും.
ലേലത്തിൽ വിജയിക്കുന്നവർക്ക് കോണറിയുടെ സുഹൃത്തും എഫ് 1 വേൾഡ് ചാമ്പ്യൻഷിപ്പ് റേസിംഗ് ഡ്രൈവറുമായ ജാക്കി സ്റ്റുവാർട്ടിനൊപ്പം കാർ ഓടിക്കാനും അവസരം കിട്ടും. തണ്ടർബോളിൽ ( 1965 ) പ്രത്യക്ഷപ്പെട്ട ആസ്റ്റൺ മാർട്ടിൻ ഡിബി 5 2019ൽ 6.4 മില്യൺ ഡോളറിന് ലേലത്തിൽ പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |