SignIn
Kerala Kaumudi Online
Friday, 29 March 2024 1.29 AM IST

ഡിജിറ്റൽ കോളനിവത്കരണം ; പുരയ്‌ക്കുമേലെ ചായും മുൻപേ...

digital

മകനെ സ്വകാര്യ സർവകലാശാലയിൽ ചേർക്കുന്നതിനെക്കുറിച്ചോ മുടി കൊഴിയുന്നതിനെക്കുറിച്ചോ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നതിനെക്കുറിച്ചോ സുഹൃത്തുമായി സംസാരിച്ച് മണിക്കൂറുകൾക്കകം ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഫോണിലേക്ക് വന്നുതുടങ്ങുന്നോ? സ്വാഭാവികമായും നിങ്ങളിൽ സംശയമുണരും. 'എന്റെ മൊബൈൽ ഫോൺ എനിക്കെതിരെ ചാരപ്പണി നടത്തുന്നോ?'

നമ്മുടെ മനസിലെന്താണെന്ന് സെർച്ച് എൻജിനുകൾക്ക് മനസിലാവുന്നതെങ്ങനെ? 2021 ജൂൺ 29ന് ഐ.ടി. വിഷയങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ അതിലെ അംഗങ്ങൾ ഒരു ചോദ്യമുന്നയിച്ചു. ഗൂഗിൾ നമ്മെ ശ്രദ്ധിക്കുന്നുണ്ടോ? കമ്മിറ്റിയുടെ ചോദ്യത്തിനുത്തരമായി ഗൂഗിൾ പ്രതിനിധി നൽകിയ മറുപടി അവർ അങ്ങനെ ചെയ്യാറുണ്ടെന്നായിരുന്നു.

ഭസ്മാസുരന് കിട്ടിയ വരത്തെക്കുറിച്ച് അറിയാമല്ലോ. ഒടുവിൽ വരം നൽകിയ ശിവനെത്തന്നെ നിഗ്രഹിക്കാനായി ഭസ്മാസുരന്റെ പുറപ്പാട്. ഇന്ത്യയിലെ സാമൂഹ്യമാദ്ധ്യമ ആപ്പുകളുടെ പ്രവർത്തനം ഓർമ്മിപ്പിക്കുന്നതും ഭസ്മാസുരനെയാണ്. ഡിജിറ്റൽ കോളനിവത്കരണമാണ് അവർ നടപ്പിലാക്കുന്നത്. നിങ്ങളെക്കുറിച്ചുള്ള ഡേറ്റ ശേഖരിച്ചശേഷം അത് നിങ്ങൾക്കെതിരായി ഉപയോഗിക്കുന്ന കോളനിവത്കരണം.
ഉപഭോക്താക്കളെ സംബന്ധിക്കുന്ന ഡേറ്റയിലൂടെ അവരുടെ തിരച്ചിൽരീതി മനസ്സിലാക്കി പ്രത്യേക അൽഗോരിതം വഴി അന്താരാഷ്ട്ര വിപണിയിൽ ഈ ഡേറ്റ വച്ച് പണമുണ്ടാക്കുകയാണ് സാമൂഹ്യമാദ്ധ്യമ ആപ്പുകൾ. ഈ കമ്പനികളാകട്ടെ ആദ്യം ഉപഭോക്താക്കൾക്ക് ചില സൗജന്യങ്ങൾ നൽകി ഉപഭോക്താവിനെ കാണാച്ചരടിന്റെ ഭാഗമാക്കുന്നു.
ഇന്ത്യയെ ബ്രിട്ടീഷ് വാഴ്ചയിലേക്ക് നയിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കച്ചവടത്തിനായാണ് വന്നത്. കച്ചവടം ഉറച്ചതോടെ കമ്പനി സാമ്പത്തിക ഭദ്രതയുള്ളവരായി. പിന്നീട് കണ്ടത് തങ്ങളുടെ കുത്തക നിലനിറുത്താൻ കമ്പനി തങ്ങളുടേതായ പട്ടാളത്തെ രൂപീകരിക്കുന്നതാണ്. ആധുനിക സോഷ്യൽമീഡിയ ആപ്പ് കമ്പനികൾ ചെയ്യുന്നതും ഇത്തരമൊരു കോളനിവത്കരണം തന്നെ. ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന അവർ നമ്മുടെ ചിന്തകളുടെ നിയന്ത്രണമേറ്റെടുക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് മനസ്സിനെ കീഴടക്കുന്നവരായിരിക്കും ഭാവിയിലെ രാജാക്കന്മാരെന്നാണ്. ചർച്ചിൽ പറഞ്ഞത് അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുകയാണ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ.

ബൗദ്ധിക സ്വത്തവകാശത്തിന്റെ മോഷണമാണിത്. ദേശീയ സുരക്ഷയും ഇതുവഴി ഭീഷണി നേരിടുന്നു. രാജ്യത്തിന്റെ സുരക്ഷാ വിദഗ്ദ്ധരും പട്ടാളമേധാവിമാരും നേതാക്കളുമൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇതെല്ലാം അവർക്ക് കിട്ടും. വിവിധ മതവിഭാഗങ്ങളുടെ ചലനങ്ങളും ചിന്താഗതികളും നീക്കങ്ങളും മനസ്സിലായാൽ വിദേശികൾക്ക് ഗൂഢതന്ത്രങ്ങൾ മെനയാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും അതുവഴി മതസ്പർദ്ധയും മൗലികവാദവും പ്രചരിപ്പിക്കാനും കഴിയും.


പ്രാദേശികഭാഷകളുടെ പാർശ്വവത്കരണമാണ് മറ്റൊരു വെല്ലുവിളി. ഇംഗ്ലീഷ് ഭാഷയാണ് ഇന്റർനെറ്റ് മേഖലയിൽ സ്വാധീനമുറപ്പിച്ചിട്ടുള്ളത്. പ്രാദേശികഭാഷകളുടെ വികസനത്തിന് അത് തടസ്സമാകും. ചൈനയും ജപ്പാനും ഈ പ്രശ്നത്തെ മറികടന്നു കഴിഞ്ഞു. ഡേറ്റ ശേഖരണത്തിലും അതിന്റെ മാനേജ്‌മെന്റിലും നമ്മുടെ രാജ്യത്ത് ഇപ്പോഴും വേണ്ടത്ര സംവിധാനങ്ങളില്ല. ഡേറ്റ സുരക്ഷിതത്വത്തിന്റെ പ്രശ്നവും നമ്മുടെ നാട്ടിലുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഡിജിറ്റൽ സാക്ഷരതയിലും പിന്നിലാണ്. രാജ്യത്ത് ഡേറ്റാ സുരക്ഷയുടെ കാര്യത്തിൽ ശക്തമായ നിയമങ്ങൾ അനിവാര്യമാണ്.

തടയാൻ എന്തുവഴി?​
ഇന്ത്യയിൽ ഡിജിറ്റൽ കോളനിവത്കരണം എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഇത് തടയാൻ നാല് മാർഗങ്ങൾ അവലംബിക്കാം.
യൂറോപ്യൻ യൂണിയനിലേതുപോലെ ശക്തമായ നിയമങ്ങൾ ഉണ്ടാക്കുകയാണ് ഒന്നാമത്തെ മാർഗം. യൂറോപ്യൻ യൂണിയനിലെ പൗരന്മാരുടെ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് ശേഖരിക്കണമെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. ഇത് ലംഘിക്കുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴയടയ്‌ക്കേണ്ടി വരും. 2017ൽ യൂറോപ്യൻ യൂണിയൻ ഗൂഗിളിന് 70000 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. ഫേസ്ബുക്കിന് 890 കോടി രൂപയുടെ പിഴയും ഇട്ടു. അതുകൊണ്ടു തന്നെ കമ്പനികൾക്ക് നിയമത്തെ ഭയമാണ്. യൂറോപ്യൻ യൂണിയനിൽ പൗരന്മാർ ആവശ്യപ്പെട്ടാൽ അവരുടെ ഡേറ്റകൾ കമ്പനികൾ നശിപ്പിക്കണം.
വിദേശ സാമൂഹികമാദ്ധ്യമ ആപ്പുകളെ നിരോധിക്കുന്ന ചൈനയുടെ മാതൃകയാണ് രണ്ടാമത്തേത്. ചൈനയിലെ നിയമപ്രകാരം അവിടുത്തെ പൗരന്മാരുടെ ഡേറ്റ വിദേശത്ത് സൂക്ഷിക്കാൻ പാടില്ല. ഇതേനിയമം ഉപയോഗിച്ചാണ് ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയവയെ ചൈനയിൽ നിരോധിച്ചത്. ഇതിന്റെ നേട്ടം ചൈനീസ് കമ്പനികൾക്കാണ്. അവർക്ക് ചൈനയുടെ സംസ്‌കാരവും രീതിയും ഉൾക്കൊള്ളാൻ കഴിഞ്ഞു. ചൈനക്കാരുടെ ഡേറ്റയും സുരക്ഷിതമായിരിക്കും.
ഡിജിറ്റൽ കോളനിവത്കരണം ഒഴിവാക്കാൻ അമേരിക്ക സ്വീകരിച്ചതാണ് മൂന്നാമത്തെ മാർഗം. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം മൂലം സാമൂഹ്യ മാദ്ധ്യമ ആപ്പായ ടിക്ക്‌ടോക്കിന് തങ്ങളുടെ കമ്പനിയെ അമേരിക്കൻ സ്വകാര്യ കമ്പനിക്ക് വിൽക്കേണ്ടിവന്നു. ഇതോടെ അമേരിക്കൻ പൗരന്മാരുടെ ഡേറ്റ ടിക്ക്‌ടോക്കിന്റെ കയ്യിൽ സുരക്ഷിതമായി.
ഇന്ത്യയിൽ നമുക്കൊരു നാലാം മാതൃക വേണം. തദ്ദേശീയ ആപ്പുകളെ പ്രോത്സാഹിപ്പിക്കണം. വിദേശ ആപ്പായ ട്വിറ്ററിനു പകരം ഇവയെ ഉയർത്തിക്കൊണ്ടുവരണം. പ്രാദേശിക ഭാഷകളിൽക്കൂടി ഉള്ളതുകൊണ്ട് ഭാഷാപ്രശ്നവും പരിഹരിക്കാം. നാം ഉയർത്തിപ്പിടിക്കുന്ന ആത്മനിർഭർ ഭാരതിന്റെ ഭാഗം കൂടിയാണിത്.
ഡിജിറ്റൽ കോളനിവത്കരണത്തിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഭാവിയിൽ നാമതിന് കനത്തവില നൽകേണ്ടി വരും. പണത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഈ കമ്പനികൾ ഇന്ത്യക്കാരന്റെ ഡേറ്റ വിറ്റ് ലക്ഷം കോടികളാണ് ഉണ്ടാക്കുന്നത്. വിദേശആപ്പുകളെ നിരോധിക്കാനും തദ്ദേശീയ ആപ്പുകളെ പ്രോത്സാഹിപ്പിക്കാനും എല്ലാ ഇന്ത്യക്കാരും സർക്കാരും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


(ഡൽഹി കേന്ദ്രീകരിച്ച് കോളമിസ്റ്റും സംരംഭകനും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകൻ ഫോൺ : 9810055885 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL COLONISATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.