തിരുവനന്തപുരം: ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിൽ ആഗസ്റ്റ് 17 മുതൽ 23 വരെ നടക്കുന്ന മഹാരുദ്ര ഭൈരവീ യാഗത്തിന്റെ യാഗാചാര്യനായി ശനിബാബ എത്തുന്നു. യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് മഹാരുദ്ര ഭൈരവീയാഗം സംഘടിപ്പിക്കുന്നത്.
സൂര്യവംശി അഖാഡയുടെ കീഴിൽ ലോകത്തൊട്ടാകെ പതിനൊന്ന് ലക്ഷത്തോളം സന്യാസിമാരുണ്ട്. യൂറോപ്പിലാണ് സൂര്യവംശി അഖാഡ സജീവമായി പ്രവർത്തിക്കുന്നത്. കറുത്ത ചേല ചുറ്റി, ലാവമുത്തുകൾ മാലയാക്കി, വെള്ളി ത്രിശൂലമേന്തി സഞ്ചരിക്കുന്ന ദേവേന്ദ്ര സൂര്യവംശിയാണ് സുപ്രീം ചീഫ്.
വിശ്വാസികൾ ശനിബാബ എന്ന് വിളിക്കുന്ന ദേവേന്ദ്ര സൂര്യവംശി ആദ്യമായാണ് കേരളത്തിൽ വരുന്നത്. ചാവടിനടയിലെ പൗർണ്ണമിക്കാവിൽ നടന്ന മഹാകാളികാ യാഗത്തിന്റെ യാഗബ്രഹ്മനായിരുന്ന ആനന്ദ് നായരാണ് മഹാരുദ്ര ഭൈരവീയാഗത്തിന്റേയും യാഗബ്രഹ്മൻ. യാഗത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതായി തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിലെ ഭാരവാഹികളായ എസ്.ചന്ദ്രമോഹനും സി.എസ്.അജേഷും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |