കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ മിഷൻ ബാലകവചം നടപ്പിലാക്കുന്നു. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക്
വാക്സിനേഷൻ നൽകും.
12 മുതൽ 14 വരെ പ്രായമുള്ള 70ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകി. 15 മുതൽ 17 വരെ പ്രായമുള്ള 94 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 66.1 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും ഇതിനകം നൽകിയിട്ടുണ്ട്. 18 മുതൽ 44 വരെ പ്രായമുള്ളവരിൽ 96.9 ശതമാനം പേർ ആദ്യ ഡോസും 80 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 വയസിന് മുകളിലുള്ളവരിൽ 99.08ശതമാനം പേർ ആദ്യ ഡോസും 99 ശതമാനം രണ്ടാം ഡോസും നൽകിയതായി കണക്കുകൾ പറയുന്നു.
10 ശ്രദ്ധകൾ
1. വാക്സിനേഷൻ ഡ്രൈവിനോട് സഹകരിക്കണം.
2.പ്രായമായവർ കരുതൽ ഡോസ് സ്വീകരിക്കണം.
3.സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
4.കുട്ടികൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കണം.
5. പനി ബാധിച്ച് സ്കൂളിലെത്താത്തതും കൊവിഡ് പോസിറ്റീവായ കുട്ടികളുടെ എണ്ണം ആരോഗ്യ വകുപ്പിനെ അറിയിക്കണം.
6. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ജോലിക്ക് പോകരുത്.
7. രണ്ട് ദിവസം കഴിഞ്ഞ് രോഗ ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ പരിശോധന നടത്തണം.
8. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിക്കണം.
9. ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വായുസഞ്ചാരം ഉറപ്പു വരുത്തണം.
10. പുറത്തുനിന്ന് വീട്ടിലെത്തുന്നവർ കുളിച്ചശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |