SignIn
Kerala Kaumudi Online
Friday, 29 March 2024 9.15 PM IST

കളം നിറഞ്ഞ് സ്വപ്ന, കുരുക്കുമുറുക്കി സർക്കാർ

uralai

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ ദൂതൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന പുതിയ ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത് വിവാദങ്ങൾക്ക് തീ പകർന്നു. ഷാജ് കിരണിന്റെ ശബ്ദരേഖ ഇന്ന് പുറത്തു വിടുമെന്ന് ഭീഷണി മുഴക്കിയ സ്വപ്നയെയും പിന്നിലുള്ളവരെയും കുടുക്കാൻ ബഹുമുഖ തന്ത്രങ്ങൾ മെനയുന്ന സർക്കാർ, ഗൂഢാലോചനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്വപ്നയും കൂട്ടുപ്രതി സരിത്തും ഉൾപ്പെട്ട ലൈഫ് കേസിലെ വിജിലൻസ് അന്വേഷണം ഊർജ്ജിതപ്പെടുത്താനും സർക്കാർ നടപടി തുടങ്ങിയതോടെ, സംഭവങ്ങൾ ഒരു സസ്പെൻസ് ത്രില്ലറിന്റെ മട്ടിലേക്ക് വളർന്നു. എരിതീയിൽ എണ്ണ പകരാൻ യു.ഡി.എഫും ബി.ജെ.പിയും കളത്തിലിറങ്ങിയതോടെ നാടും നഗരവും വരുംനാളുകളിൽ പ്രതിഷേധാഗ്നിയിൽ അമർന്നേക്കും.

സർക്കാരിനെതിരായ പോരാട്ടത്തിൽ ഉറച്ച കാൽവയ്പുകളുമായാണ് സ്വപ്നയുടെ നീക്കം. ഷാജ് കിരൺ ഇന്നലെ സ്വപ്നയെ സന്ദർശിച്ചതിന്റെ പൊരുത്തവും പൊരുത്തക്കേടുമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച. ഷാജ് കിരൺ തന്റെ നല്ല സുഹൃത്തായിരുന്നുവെന്ന് പറയുന്ന സ്വപ്ന തന്നെയാണ്, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വെളിച്ചം കാണിക്കാതെ ജയിലിലിടുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയെന്നും പറയുന്നത്.

ഷാജ് കിരൺ മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശത്തെ സാമ്പത്തിക മേൽനോട്ടക്കാരനാണെന്നുവരെ സ്വപ്ന ആരോപിക്കുമ്പോൾ, മുഖ്യമന്ത്രിയെയോ കോടിയേരിയെയോ തനിക്ക് നേരിട്ടറിയില്ലെന്നാണ് ഷാജിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ സത്യാവസ്ഥയാണ് ഇന്ന് ശബ്ദരേഖയിലൂടെ പുറത്തുവരിക. സ്വപ്ന പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ, ആരുടെ നിർദ്ദേശപ്രകാരമാണ് ഷാജ്കിരൺ സ്വപ്നയെ കണ്ടതെന്ന വലിയ ചോദ്യമുയരും.

ഏതുവിധത്തിലും തിരിച്ചടിച്ച് സ്വപ്നയെ തളർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ്, സ്വപ്നയ്ക്കും പി.സി.ജോർജിനുമെതിരെ മുൻമന്ത്രി കെ.ടി, ജലീൽ നൽകിയ ഗൂഢാലോചനക്കേസ് അന്വേഷിക്കാൻ ഒരു എസ്.പിയും 10 ഡിവൈ.എസ് പിമാരും ഒരു സി.ഐയും അടങ്ങുന്ന സംഘത്തെ സർക്കാർ ഇന്നലെ നിയോഗിച്ചത്. ഇതിനിടെ, അറസ്റ്റ് ഭയന്ന് സ്വപ്ന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതും സർക്കാരിന് തന്ത്രപരമായ വിജയമായി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രതിപക്ഷമാകട്ടെ,സംഭവങ്ങൾ ഇനി എങ്ങനെ വികസിക്കുമെന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ്. സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകൾക്കു മുന്നിലും സമരം തുടങ്ങിയ യു.ഡി.എഫും ബി.ജെ.പിയും വിവാദങ്ങൾ കൊഴുക്കുമ്പോൾ ഏതുവിധത്തിലുള്ള ആക്രമണം നടത്തണമെന്ന ആലോചനയിലാണ്. മുഖ്യന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ സരിത-സോളാർ വിവാദം ഉയർന്നപ്പോൾ, അന്നത്തെ പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരമാണ് അവരുടെ മനസുകളിലെന്നാണ് സൂചനകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD SMUGGLING CASE, SWAPNA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.